14 വര്‍ഷം മുന്‍പ് ധീരുഭായ് അംബാനിയെന്ന ഇന്ത്യ കണ്ട ഏറ്റവും പ്രഗല്ഭനായ വ്യവസായികളിലൊരാള്‍ വില്‍പ്പത്രമെഴുതാതെ വിട വാങ്ങുമ്പോള്‍ നാല്‍പ്പതുകളിലായിരുന്നു മക്കളായ മുകേഷും അനിലും. ധീരുഭായിയുടെ കടന്നുപോകലിന് ശേഷം സ്വത്തിനായി സഹോദരന്മാര് തമ്മില്‍ തര്‍ക്കമുണ്ടായി. 2005 ല്‍ സ്വത്തുക്കള്‍ ഭാഗിച്ചു. റിലയന്‍സ് പെട്രോകെമിക്കല്‍ വിഭാഗം മൂത്ത മകനായ മുകേഷ് അംബാനിക്ക് ലഭിച്ചു. ഭാവിയുടെ വ്യവസായമെന്ന് പേരുകേട്ട ടെലികോം ബിസിനസും റിലയന്‍സ് പവറും ഫിനാന്‍സ് ബിസിനസും അനിലിന്റെ കൈയിലെത്തി. ബംഗാള്‍ ഉള്‍ക്കടലിലെ ഗ്യാസ് ഫീല്‍ഡുകളില്‍ നിന്ന് ഇന്ധനം കുറഞ്ഞ നിരക്കില്‍ അനിലിന്റെ റിലയന്‍സ് പവറിന് നല്കാന് മുകേഷ് ബാധ്യസ്ഥനായിരുന്നു. 2010 ല്‍ കോടതി അദ്ദേഹത്തിന് അനുകൂമായി വിധിക്കുന്നത് വരെ.

അല്‍പ്പം കടന്ന പ്രയോഗമാണെങ്കിലും അംബാനി കുടുംബത്തിലെ മുടിയനായ പുത്രന് അനില്‍ അംബാനി തന്നെയായിരുന്നു എന്ന് പിന്നീടുള്ള കാലം തെളിയിച്ചു. അതാണ്ട് തുല്യമായി. ഒരുപക്ഷേ അല്‍പ്പം കൂടുതലായി പകുത്ത് ലഭിച്ച സ്വത്ത് കൈപ്പിഴ കൊണ്ട് കളഞ്ഞുകുളിച്ചു അനില്‍. വര്‍ഷങ്ങള്‍ പിന്നിടും തോറും കടം കൂടിക്കൂടി കഴുത്തറ്റം വരെയായി. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാവട്ടെ വെച്ചടി വെച്ചടി മുകളിലേക്ക് കയറി. 18 ലക്ഷം കോടി രൂപയുടെ വിപണി മൂലധനവുമായി മുകേഷിനെ ലോകത്തെ എണ്ണം പറഞ്ഞ ധനവാന്മാരില് ഒരാളായി മാറ്റിയിരിക്കുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മറുവശത്ത് സ്ഥിതിഗതികള്‍ അതീവ പരിതാപകരമായിരുന്നു.
പാപ്പരത്തത്തിന്റെ പടുകുഴിയിലേക്കാണ് അനിലിന്റെ സ്ഥാപനങ്ങള്‍ പലതും വീണത്. ആര്‍കോം അഥവാ റിലയന്‍സ് കമ്യൂണിക്കേഷന്സെന്ന ടെലികോം സ്ഥാപനത്തിന്റെ വീഴ്ചയായിരുന്നു ഞെട്ടിക്കുന്നത്. ഇന്ത്യയിലെ ടെലികോം രംഗത്തെയാകെ കൈപ്പിടിയില്‍ ഒതുക്കുമെന്ന് കരുതപ്പെട്ട സ്ഥാപനം എങ്ങുമെത്താതെ തകര്‍ന്നു. 48000 കോടി രൂപയുടെ കടമാണ് ഈ ബിസിനസ് അനിലിന്റെ ചുമലിലേല്‍പ്പിച്ചത്. 2008 ജനുവരിയില്‍ 1,65,617 കോടി രൂപയായിരുന്നു ആര്‍കോമിന്റെ വിപണി മൂലധനം. ദശാബ്ദത്തിന് ശേഷം ഇത് കേവലം ഒരു ശതമാനത്തിലേക്ക്, 1687 കോടി രൂപയിലേക്കാണ് നിപതിച്ചത്.
കുതിപ്പ്
എന്നും വെള്ളിവെളിച്ചത്തില്‍ നില്‍ക്കാനാഗ്രഹിച്ച ബിസിനസുകാരനായിരുന്നു അനില്‍. ബോളിവുഡിനോട് അടുത്ത ബന്ധം പുലര്‍ത്തി അദ്ദേഹം. 1991 ല്‍ പ്രമുഖ ബോളിവുഡ് നടി ടിന മുനീമിനെ വിവാഹം ചെയ്തു. എന്റര്ടെയ്ന്മെന്റ് ബിസിനസിലേക്കും അദ്ദേഹം കൈവെച്ചു. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ഡ്രീംവര്‍ക്ക്സ് സ്റ്റുഡിയോസുമായി ചേര്‍ന്ന് സിനിമകള്‍ നിര്‍മിച്ചു. 2005 ല്‍ മന്മോഹന് ഷെട്ടിയില്‍ നിന്ന് 350 കോടി രൂപയ്ക്ക് തിയേറ്റര്‍ ശൃംഖലയായ ആഡ്ലാബ്സ് വാങ്ങിയ അനില്‍ 2008 ആയപ്പോഴേക്കും 700 സ്ക്രീനുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്സ് ശൃംഖലയുടെ ഉടമയുമായി.

പവര്‍ ബിസിനസിലേക്ക് കണ്ണുപതിപ്പിച്ച അനില്‍ ഭാവിയിലെ ഊര്‍ജ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് മധ്യപ്രദേശിലെ സാസന്‍, ഝാര്‍ഖണ്ഡിലെ തിലയ്യ, ആന്ധ്രപ്രദേശിലെ കൃഷ്ണപട്ടണം എന്നിവിടങ്ങളില്‍ പവര്‍ പ്രൊജക്റ്റുകള്‍ സ്വന്തമാക്കി. ഉത്തര്‍പ്രദേശില്‍ 4000 മെഗാവാട്ടിന്റെ ദാദ്രി പ്ലാന്റിന് തുടക്കം കുറിച്ചു.
തിരിച്ചടിയുടെ കാലം
2008 ലെ ആഗോള മാന്ദ്യം അനിലിനെയും ഉലച്ചു. ഇക്കാലത്തായിരുന്നു യുപിഎ സര്‍ക്കാരിന്റെ 2ജി സ്പെക്ട്രം അഴിമതി പുറത്താവുന്നത്. ടെലികോം മന്ത്രി എ രാജ ജയിലിലായി. അനില്‍ അംബാനിയെയും കേസില്‍ സിബിഐ ചോദ്യം ചെയ്തു. ആര്‍കോം തളരാനാരംഭിച്ചു. സിഡിഎംഎ ടെക്നോളജിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍കോമിന് 4ജി, 5ജി ടെക്നോളജികള്‍ നടപ്പാക്കാന്‍ സാധിക്കുമായിരുന്നില്ല. എയര്ടെലടക്കം ജിഎസ്എമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന എതിരാളികള്‍ ബഹുദൂരം മുന്നിലായി.
വ്യവഹാരങ്ങളില്‍ തിരിച്ചടി
2010 ല്‍ കുടുംബ ബിസിനസുമായി നിലനിന്നിരുന്ന കേസ് മുകേഷ് അംബാനിക്ക് അനുകൂലമായത് അനിലിന് വലിയ തിരിച്ചടിയായി. സമയം ഒട്ടും കളയാതെ മുകേഷ് ടെലികോം ബിസിനസിലേക്ക് കടന്നു. 2016 ല്‍ ജിയോ വന്നതോടെ വമ്പന്മാര്ക്കെല്ലാം അടിയായി. ആര്കോമാവട്ടെ വമ്പന്‍ കടക്കെണിയിലേക്ക് നീങ്ങി. ഉപകരണ നിര്‍മാതാക്കളായ എറിക്സണ് നല്കിയ വഞ്ചനാ കേസില്‍ അനില്‍ ജയിലില്‍ പോകുമെന്ന സ്ഥിതി വന്നു.
കെജി ബേസിനില്‍ നിന്ന് അനിലിന്റെ പവര്‍ കമ്പനികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗ്യാസ് നല്‍കണമെന്ന ഉടമ്പടിയിലും കോടതിയിലുണ്ടായ തീര്‍പ്പ് മുകേഷിന് അനുകൂലമായിരുന്നു. അനിലിന്റെ പവര്‍ കമ്പനികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഗ്യാസ് കിട്ടാതായി. 1.2 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ മരവിപ്പിലായി. 24000 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റുകളാണ് അടച്ചിട്ടത്. വൈകാതെ അനിലിന്റെ പവര്‍ ബിസിനസും നഷ്ടത്തിലായി. കൊട്ടിഘോഷിച്ച ദാദ്രി പദ്ധതി 2014 ല്‍ ഉപേക്ഷിക്കേണ്ടി വന്നു.
കടങ്ങളെല്ലാം വീട്ടി റിലയന്‍സ് പവര്‍
2024 ല്‍ ഏതാനും സന്തോഷ വാര്‍ത്തകളുടെ നടുവിലെത്തി അനില്‍. പതിറ്റാണ്ടിനിപ്പുറം റിലയന്‍സ് പവര്‍ കടത്തില്‍ നിന്ന് കരകയറിയിരിക്കുന്നു എന്നത് അനിലിന് ഏറെ ആശ്വാസം പകരുന്നുണ്ട്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ കടം 87% കുറയ്ക്കാനും സാധിച്ചിരിക്കുന്നു. റിലയന്‍സ് പവറിന്റെ ഉപകമ്പനിയായ റോസ പവര്‍ സപ്ലൈ കമ്പനി സിംഗപ്പൂരില്‍ നിന്നുള്ള ലെന്‍ഡര്‍മാരായ വാര്‍ഡെ പാര്‍ട്ട്ണേഴ്സിന് നല്‍കാനുണ്ടായിരുന്ന 1318 കോടി രൂപയും കാലാവധിക്ക് മുന്‍പ് തന്നെ അടച്ചുതീര്‍ത്ത് കടത്തില്‍ നിന്നും മുക്തമായിരിക്കുന്നു.

റിന്യൂവബിള്‍ എനര്‍ജി പദ്ധതികളിലേക്കാണ് അനില്‍ അംബാനി ഗ്രൂപ്പിന്റെ പുതിയ കണ്ണ്. ഭൂട്ടാനില്‍ 1270 മെഗാവാട്ടിന്റെ സോളാര്‍, ജല വൈദ്യുത പദ്ധതികള്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രക്ക് ഹോള്‍ഡിംഗുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുക. റിലയന്‍സ് എന്റര്‍പ്രൈസസ് എന്ന പുതിയ കമ്പനിയും ഇതിനായി പ്രഖ്യാപിച്ചിട്ടുണ്ട്.
ജയ് എന്ന നായകന്
അനില്‍ അംബാനിയുടെ മക്കളായ ജയ് അന്മോല് അംബാനിയും അയ് അന്ശുല് അംബാനിയും ബിസിനസിന്റെ നേതൃത്വം ഏറ്റെടുത്തതാണ് ഈ പരിവര്‍ത്തനത്തിന് ഗുണമായിരിക്കുന്നത്. റിലയന്‍സ് കാപ്പിറ്റലിന്റെ പുനരുജ്ജീവനത്തിന് ജയ് അന്മോല് അംബാനിയാണ് കഠിനാധ്വാനം ചെയ്തത്. പതിനെട്ടാം വയസില്‍ റിലയന്‍സിന്റെ ബിസിനസുകള്‍ നയിക്കാനാരംഭിച്ച വ്യക്തിയാണ് ജയ്. ജപ്പാനിലെ നിപ്പോണുമായി പങ്കാളിത്തമുണ്ടാക്കുന്നതിലും ജയ് വിജയം കണ്ടു.
റിലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്, റിലയന്‍സ് കാപ്പിറ്റല്‍ അസറ്റ് മാനേജ്മെന്റ് എന്നീ കമ്പനികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുന്നേറി. 2024-25 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ റിലയന്‍സ് ഇന്‍ഫ്ര 4082.5 കോടി രൂപ അറ്റലാഭം നേടിയതും അനില്‍ അംബാനി കുടുംബത്തിന് ഏറെ ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തില്‍ 294 കോടി രൂപ നഷ്ടമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.