തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ (CSR) ഭാഗമായി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് അത്യാധുനിക ഹീമോഡയാലിസിസ് മെഷീൻ കൈമാറി. ഓട്ടോമാറ്റിക് ബ്ലഡ് പ്രഷർ മോണിറ്ററിംഗ്, എൻഡോടോക്സിൻ ഫിൽട്ടറേഷൻ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മെഷീനാണ് വി-ഗാർഡ് കൈമാറിയത്.
സാമ്പത്തിക പരാധീനതകൾ മൂലം ഉറ്റവർക്ക് കൃത്യമായ ചികിത്സ നൽകാനാകാതെ വിഷമിക്കുന്ന ഒട്ടേറെ കുടുംബങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഡയാലിസിസ് പോലുള്ള ദീർഘകാല ചികിത്സകൾ പലർക്കും താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഞങ്ങളുടെ ഈ സഹായം അർഹരായ രോഗികൾക്ക് വലിയൊരു ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. വി-ഗാർഡ് മുൻപ് നടപ്പിലാക്കിയിട്ടുള്ള സമാനമായ പദ്ധതികളുടെ തുടർച്ചയായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് – വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആൻഡ് വി-ഗാർഡ് ഫൗണ്ടേഷൻ ഡയറക്ടര് ഡോ.റീനാ മിഥുൻ ചിറ്റിലപ്പിള്ളി.
ജനറൽ ആശുപത്രിയിൽ 2012 മുതൽ പ്രവർത്തിക്കുന്ന യൂണിറ്റിൽ നിലവിൽ പ്രതിദിനം 18 മുതൽ 20 വരെ രോഗികൾക്ക് ഡയാലിസിസ് നൽകുന്നുണ്ട്; കഴിഞ്ഞ മാസം മാത്രം 452 ഡയാലിസിസുകളാണ് പൂർത്തീകരിച്ചത്. നിലവിൽ 350-ഓളം രോഗികൾ ചികിത്സയ്ക്കായി വെയിറ്റിംഗ് ലിസ്റ്റിലുണ്ട്. ഈ സാഹചര്യത്തിലാണ് വി-ഗാർഡിന്റെ അടിയന്തര ഇടപെടലിലൂടെ പത്താമത്തെ മെഷീൻ കൈമാറുന്നത്. പ്രതിദിനം മൂവായിരത്തോളം ഒപി രോഗികളും അഞ്ഞൂറോളം ഐപി രോഗികളും എത്തുന്ന ജനറൽ ആശുപത്രിയിൽ നിലവിൽ ഒൻപത് മെഷീനുകൾ ഉപയോഗിച്ച് രണ്ട് ഷിഫ്റ്റുകളിലായാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
പുതിയ മെഷീൻ പ്രവർത്തനസജ്ജമാകുന്നതോടെ കൂടുതൽ രോഗികൾക്ക് ചികിത്സ നൽകാനും വെയിറ്റിംഗ് ലിസ്റ്റിലെ തിരക്ക് കുറയ്ക്കാനും സാധിക്കും. സാധാരണക്കാർക്ക് ചികിത്സാ ചെലവ് ഇല്ലാതെ മികച്ച സേവനം നൽകുന്ന ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ഈ സഹായം വലിയ കരുത്താകുമെന്ന് അധികൃതർ അറിയിച്ചു.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, പബ്ലിക് അഫയേഴ്സ് ഡി.ജി.എം ഡോ. സുധീഷ് ബാബു യു.എസ്, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ജനറൽ ആശുപത്രി സൂപ്രണ്ടുമായ ഡോ. വി. കൃഷ്ണവേണി, ആർ.സി.സി മെഡിക്കൽ സൂപ്രണ്ട് ഡോ. സജീദ് എന്നിവർ പങ്കെടുത്തു.




