സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ സിഇഒയും എംഡിയുമായി ആക്സിസ് ബാങ്കിന്റെ മുന്‍ ഡെപ്യൂട്ടി എംഡിയായിരുന്ന രാജീവ് ആനന്ദ് ചുമതലയേറ്റു. ബാങ്ക് വലിയ സാമ്പത്തിക, വിശ്വാസ്യതാ പ്രതിസന്ധിയെ അഭിമുഖീകരിക്കവെയാണ് മൂന്ന് വര്‍ഷത്തേക്കുള്ള നിയമനം.
ബാങ്കിനുണ്ടായ 2300 കോടി രൂപയുടെ നഷ്ടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഏപ്രില്‍ 29 ന് രാജിവെച്ച സുമന്ത് കാത്പാലിയയുടെ പകരക്കാരനായാണ് രാജീവ് ആനന്ദ് എത്തുന്നത്. വര്‍ഷങ്ങളോളം നീണ്ടുനിന്ന ഇന്റേണല്‍ ഡെറിവേറ്റീവ് ട്രേഡുകളുടെ തെറ്റായ കണക്കെടുപ്പ് കാരണമാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് വന്‍ നഷ്ടം സംഭവിച്ചത്. കമ്പനി ഡെപ്യൂട്ടി എംഡി അരുണ്‍ ഖുറാനയും കാത്പാലിയക്കൊപ്പം രാജി വെച്ചിരുന്നു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 19 വര്‍ഷത്തിനിടെ ആദ്യമായി ഒരു പാദത്തില്‍ ബാങ്ക് നഷ്ടത്തിലാവുകയും ചെയ്തു. 2025 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 2236 കോടി രൂപയായിരുന്നു ബാങ്കിന്റെ നഷ്ടം. ബാങ്കിന്റെ ഓഹരി വിലയും ഏതാനും മാസങ്ങളായി സമ്മര്‍ദ്ദത്തിലാണ്.
ദീര്‍ഘകാല കാഴ്ചപ്പാടിനും സുസ്ഥിരമായ നേതൃത്വത്തിനും പേരുകേട്ട വ്യക്തിയാണ് 59 കാരനായ ആനന്ദ്. ബാങ്കിംഗ് മേഖലയില്‍ 35 വര്‍ഷത്തെ സേവന പരിചയമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അദ്ദേഹത്തിനുള്ളത്. മുന്‍കാല അക്കൗണ്ടിംഗ് പൊരുത്തക്കേടുകള്‍ സൃഷ്ടിച്ച വിശ്വാസ്യതാ പ്രതിസന്ധി മറികടക്കാന്‍ അദ്ദേഹത്തിന്റെ നിയമനം സഹായിക്കുമെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കരുതുന്നു.