ലോകത്തിലെ പ്രബലരായ രണ്ട് സാമ്പത്തികശക്തികള്‍ വീണ്ടും കൊമ്പുകോര്‍ത്തിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നൂറ് ശതമാനം താരിഫ് പ്രഖ്യാപിച്ചു. റെയര്‍ എര്‍ത്ത് കയറ്റുമതിക്ക് ചൈന നിയന്ത്രണമേര്‍പ്പെടുത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ വീണ്ടും അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് കളമൊരുങ്ങിയിരിക്കുന്നു.
പുതിയ താരിഫും നിര്‍ണ്ണായക സോഫ്റ്റ്വെയറുകള്ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണവും നവംബര്‍ ഒന്നിന് നിലവില്‍ വരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. റെയര്‍ എര്‍ത്ത് മൂലക കയറ്റുമതിയില്‍ ചൈനയുടെ ‘അസാധാരണ അക്രമോത്സുക’ നിയന്ത്രണത്തിനുള്ള പ്രതികാരമാണിതെന്നും ട്രംപ് വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളിലും സ്മാര്‍ട്ട്ഫോണുകളിലും മിലിട്ടറി ഹാര്ഡുവെയറുകളിലും നിര്‍ണ്ണായകമാണ് റെയര്‍ എര്‍ത്ത് മൂലകങ്ങള്‍. “ചൈന ഇത്തരമൊരു നടപടിയെടുത്തുവെന്ന് വിശ്വസിക്കാന്‍ പോലുമാകുന്നില്ല, പക്ഷേ അവര്‍ എടുത്തു, ബാക്കിയുള്ളത് ചരിത്രമാണ്”, -തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ ട്രംപ് എഴുതി.
അമേരിക്ക- ചൈന സംഘര്‍ഷ സാഹചര്യം ലോകചരിത്രത്തില്‍ എന്തുമാറ്റമാണ് കൊണ്ടുവരികയെന്ന് നോക്കാം.
കൂപ്പുകുത്തി വിപണികള്‍
ട്രംപിന്റെ പ്രഖ്യാപനം ആഗോള വിപണികളെ പിടിച്ചുലച്ചു. നാസ്ഡക്ക് 3.6 ശതമാനം ഇടിഞ്ഞു, S&P 500 2.7 ശതമാനം ഇടിഞ്ഞു. ഏപ്രിലിന് ശേഷം വാള്‍ട്ട് സ്ട്രീറ്റിന്റെ ഏറ്റവും മോശം ദിനമായിരുന്നു വെള്ളിയാഴ്ച.
ഓഹരിവിപണികളെ മാത്രമല്ല, എണ്ണവിപണികളെയും ട്രംപിന്റെ പ്രഖ്യാപനം ബാധിച്ചിട്ടുണ്ട്. ബെഞ്ച്മാര്‍ക്ക് യുഎസ് ക്രൂഡ് ഓയിലിന്റെ വില വെള്ളിയാഴ്ച 4.2 ശതമാനം ഇടിഞ്ഞ് ബാരലിന് 58.90 ഡോളറിലെത്തി, ആഗോള സ്റ്റാന്‍ഡേര്‍ഡ് ആയ ബ്രെന്റ് ക്രൂഡിന് 3.8 ശതമാനം വിലയിടിഞ്ഞ് ബാരലിന് 62.73 ഡോളറായി. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട അവസ്ഥാവിശേഷങ്ങളും എണ്ണവില കുറയാന്‍ കാരണമാണെങ്കിലും ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനം വിലയില്‍ നിര്‍ണ്ണായക സ്വാധീനമായി എന്നുതന്നെ കരുതണം. ഇനിയുള്ള ദിവസങ്ങളിലും ആഗോള വ്യാപാരത്തില്‍ താരിഫിന്റെ അലയൊലികള്‍ ഉണ്ടാകുമെന്ന് തന്നെ വിപണി വിദഗ്ധര്‍ കരുതുന്നു. വ്യാപാരം കുറയുകയും വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുകയും ആഗോളതലത്തില്‍ എണ്ണയ്ക്ക് ഡിമാന്‍ഡ് കുറയുകയും ചെയ്തേക്കാം.
നിലവില്‍ ചൈനയ്ക്കുള്ള താരിഫ്
ഇപ്പോള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ 30 ശതമാനം താരിഫാണ് ഉള്ളത്. ട്രംപ് ആദ്യമായി അമേരിക്കന്‍ പ്രസിഡന്റായപ്പോഴാണ് ഈ താരിഫ് നിലവില്‍ വന്നത്. അന്ന് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം താരിഫേര്പ്പെടുത്തി ചൈനയും പ്രതികരിച്ചു. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ 100 ശതമാനം താരിഫ് ഇരുരാജ്യങ്ങള്‍ക്കിടയിലെ ഉഭയകക്ഷി വ്യാപാരത്തെ കാര്യമായി സ്വാധീനിക്കും. അങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ ലോകസമ്പദ് വ്യവസ്ഥ മറ്റൊരു മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സാമ്പത്തികവിദഗ്ധര്‍ ഭയക്കുന്നു.
ആഗോള സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും
ട്രംപിന്റെ പെട്ടെന്നുള്ള പ്രഖ്യാപനം ആഗോള വിതരണ ശൃംഖലകളെ ബാധിക്കുമെന്നാണ് വ്യാപാര, സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. ഇരുരാജ്യങ്ങളും അവരുടെ സാമ്പത്തിക ആയുധങ്ങള്‍ പ്രയോഗിക്കുകയും പിന്മാറാന് തയ്യാറാകാതിരിക്കുകയും ചെയ്യുന്നത് കാര്യങ്ങള്‍ വഷളാക്കും.
ആഗോള സമ്പദ് വ്യവസ്ഥ ഇപ്പോള്‍ തന്നെ പണപ്പെരുപ്പത്തിന്റെയും ഭൗമരാഷ്ട്രീയ അസ്ഥിരതയുടെയും ആഘാതത്തിലാണ്. ഈ സാഹചര്യത്തില്‍ അമേരിക്കയും ചൈനയും വീണ്ടും വ്യാപാരയുദ്ധത്തിന് തുടക്കമിട്ടാല്‍ വിലക്കയറ്റവും ഇന്ത്യയടക്കമുള്ള ഏഷ്യന്‍ വിപണികളില്‍ അനിശ്ചിതത്വവും സംജാതമാകും. അമേരിക്കയിലേക്കും ചൈനയിലേക്കും ഇലക്ട്രോണിക് ഭാഗങ്ങളും അസംസ്കൃത വസ്തുക്കളും കയറ്റി അയക്കുന്നവരും ആശങ്കയിലാകും.
റെയര്‍ എര്‍ത്ത് കയറ്റുമതിയുടെ ശക്തി
റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ ചൈന കടുപ്പിക്കുകയാണ്. പുനരുപയോഗ ഊര്‍ജ്ജം മുതല്‍ പ്രതിരോധം വരെ നിരവധി വ്യവസായങ്ങള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് റെയര്‍ എര്‍ത്ത് മൂലകങ്ങള്‍. ഇവയുടെ കയറ്റുമതിക്ക് പ്രത്യേക പെര്‍മിറ്റ് വേണമെന്നാണ് ചൈന നിഷ്കര്‍ഷിച്ചിരിക്കുന്നത്. കൂടാതെ ഖനനത്തിനും ശുദ്ധീകരണത്തിനും ഉപയോഗിക്കുന്ന സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്നതിനും ചൈന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ആഗോള റെയര്‍ എര്‍ത്ത് കയറ്റുമതിയുടെ 70 ശതമാനവും ചൈനയുടെ നിയന്ത്രണത്തിലാണ് എന്നതിനാല്‍ ചൈനയുടെ തീരുമാനങ്ങള്‍ ലോകത്തെയൊന്നാകെ ബാധിക്കും.
17 ലോഹ മൂലകങ്ങളാണ് റെയര്‍ എര്‍ത്ത് മൂലങ്ങള്‍. സ്മാര്‍ട്ട്ഫോണ്‍, ഇലക്ട്രിക് വാഹനങ്ങള്‍, കാറ്റാടി യന്ത്രങ്ങള്‍, മിസൈലുകള്‍ എന്നിവയടക്കം പല നിര്‍ണ്ണായക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും അവ ആവശ്യമാണ്.
അമേരിക്ക- ചൈന വ്യാപാര ബന്ധം
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളാണ് അമേരിക്കയും ചൈനയും. മുമ്പ് അമേരിക്കയിലേക്ക് ഏറ്റവുമധികം വിദേശ ഉല്‍പ്പന്നങ്ങള്‍ എത്തിയിരുന്നത് ചൈനയില്‍ നിന്നുമായിരുന്നു. ഇന്ന് ആ സ്ഥാനം മെക്സിക്കോ ഏറ്റെടുത്തെങ്കിലും ഇപ്പോഴും ശതകോടിക്കണക്കിന് ഡോളറുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചൈനയെ ആശ്രയിക്കുന്നു. ഒന്നാംസ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഇപ്പോഴും അമേരിക്കയിലേക്ക് ഏറ്റവുമധികം ഉല്‍പ്പന്നങ്ങള്‍ കയറ്റിഅയക്കുന്ന രാജ്യങ്ങളിലൊന്ന് തന്നെയാണ് ചൈന.
ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവയടക്കമുള്ള ഉല്‍പ്പന്നങ്ങളാണ് കൂടുതലായും ചൈനയില്‍ നിന്നും അമേരിക്കയിലെത്തുന്നത്.




