ജപ്പാനിലെ സുമിടോമോ മിത്സൂയി ബാങ്കിംഗ് കോര്‍പ് (SMBC) കൊട്ടക് മഹീന്ദ്ര ബാങ്കിലെ മുഴുവന്‍ ഓഹരികളും ബ്ലോക്ക് ഡീലിലൂടെ വില്‍ക്കാനൊരുങ്ങുന്നു. നിലവില്‍ 1.65 ശതമാനം ഓഹരികളാണ് സുമിടോമോ മിത്സൂയിക്ക് കൊട്ടക് മഹീന്ദ്രയില്‍ ഉള്ളത്. ഇത് മുഴുവന്‍ 6,166 കോടി രൂപയ്ക്ക് വില്‍ക്കാനാണ് പദ്ധതിയെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. വിപണിയില്‍ അവസാനമായി രേഖപ്പെടുത്തിയ വിലയില്‍ നിന്നും 4.1 ശതമാനം കുറവില്‍ ഓഹരിയൊന്നിന് 1,880 രൂപ വിലയിലാണ് ഇടപാട് നടക്കുക.
യെസ് ബാങ്ക് ഏറ്റെടുക്കലിന് വേണ്ടിയാണ് സുമിടോമോ മിത്സൂയി ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുക എന്നാണ് റിപ്പോര്‍ട്ട്. യെസ് ബാങ്കിലെ 24.99 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനായുള്ള സുമിടോമോ മിത്സൂയിയുടെ അപേക്ഷ റിസര്‍വ്വ് ബാങ്ക് അംഗീകരിച്ചതായി കഴിഞ്ഞിടെ യെസ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഈ മാസം തുടക്കത്തില്‍ കംപ്ലീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയും യെസ് ബാങ്ക് ഓഹരികള്‍ വാങ്ങാനുള്ള് SMBC യുടെ അപേക്ഷ അംഗീകരിച്ചിരുന്നു.
മേയിലാണ് SMBC യെസ് ബാങ്കിലെ 20 ശതമാനം ഓഹരികള്‍ 13,482 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് 4.9 ശതമാനം ഓഹരികള്‍ കൂടി വാങ്ങാന്‍ SMBC ക്ക് അനുമതി ലഭിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ ബാങ്കിംഗ് ഗ്രൂപ്പ് ഉള്‍പ്പെട്ട ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ തന്നെ ഏറ്റവും വലിയ ഇടപാടായിരിക്കും ഇത്. സുമിടോമോ മിത്സൂയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ഉപകമ്പനിയാണ് SMBC. ജപ്പാനിലെ രണ്ടാമത്തെ വലിയ ബാങ്കിംഗ് ഗ്രൂപ്പാണ് SMFG. ഡിസംബര്‍ അവസാനം വരെയുള്ള കണക്കുള്‍ പ്രകാരം 2 ട്രില്യണ്‍ രൂപയുടെ ആസ്തിയാണ് അവര്‍ക്കുള്ളത്.
20 ശതമാനം യെസ് ബാങ്ക് ഓഹരിക്കായി എസ്ബിഐ 13.19 ശതമാനം ഓഹരികളും ആക്സിസ് ബാങ്ക്, ബന്ധന് ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ബാങ്കുകള്‍ 6.81 ശതമാനം ഓഹരികളും വിട്ടുകൊടുക്കും.




