യെസ് ബാങ്കിന്റെ 24.99% വരെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ജാപ്പനീസ് ബാങ്കായ സുമിതോമോ മിറ്റ്സുയിക്ക് (എസ്എംബിസി) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമതി നല്കി. 13,482 കോടിക്ക് യെസ് ബാങ്കിന്റെ 20% ഓഹരികള്‍ ഏറ്റെടുക്കുമെന്ന് ജാപ്പനീസ് ബാങ്ക് മേയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. ജൂലൈയില്‍ 4.9% ഓഹരികള്‍ കൂടി ഏറ്റെടുക്കാന്‍ സുമിതോമോ ആര്‍ബിഐ അനുമതി തേടി. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.
പുതിയതായി ഏറ്റെടുക്കുന്ന 4.9% ഓഹരികള്‍ ആരില്‍ നിന്നാണ് വാങ്ങുന്നതെന്ന് സുമിതോമോ വ്യക്തമാക്കിയിട്ടില്ല. ആദ്യത്തെ പ്രൊപ്പോസല്‍ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ പക്കലുള്ള 13.19% യെസ് ബാങ്ക് ഓഹരികള്‍ സുമിതോമോയ്ക്ക് വില്‍ക്കും. ആക്സിസ് ബാങ്ക്, ബന്ധന് ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ബാങ്കുകള്‍ ചേര്‍ന്ന് മൊത്തം 6.81% ഓഹരികള്‍ സുമിതോമോയ്ക്ക് വില്‍ക്കും.
സാമ്പത്തിക സ്ഥിതി മോശമായതിനെത്തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് ആര്‍ബിഐ യെസ് ബാങ്ക് ബോര്‍ഡിനെ അസാധുവാക്കിയത്. താമസിയാതെ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ബാങ്കുകള്‍ യെസ് ബാങ്കില്‍ നിക്ഷേപം നടത്തി ബാങ്കിനെ പാപ്പരത്തത്തില്‍ നിന്ന് രക്ഷിച്ചു.
എസ്എംബിസി
2 ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള ജപ്പാനിലെ രണ്ടാമത്തെ വലിയ ബാങ്കിംഗ് ഗ്രൂപ്പായ സുമിതോമോ മിറ്റ്സുയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് എസ്എംബിസി. ഏറ്റെടുപ്പുണ്ടായാലും എസ്എംബിസിയെ യെസ് ബാങ്കിന്റെ പ്രൊമോട്ടറായി കണക്കാക്കില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ പൂര്‍ണ്ണമായും പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാണ് ബാങ്ക്. അതേസമയം, കരാറിന്റെ ഭാഗമായി, എസ്എംബിസിക്ക് യെസ് ബാങ്കിന്റെ ബോര്‍ഡില്‍ രണ്ട് സീറ്റുകള്‍ ലഭിക്കും.
വിദേശ നിക്ഷേപ സാധ്യത
ഭാവിയില്‍ സമാനമായ ഇടപാടുകള്‍ക്ക് യെസ്- ബാങ്ക്-സുമിതോമോ ഇടപാട് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിദേശ മൂലധനം ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലേക്ക് തടസ്സമില്ലാതെ ഒഴുകാന്‍ ഇത് സഹായിക്കും. 2020 ല്‍ ലക്ഷ്മി വിലാസ് ബാങ്കിന്റെ (എല്‍വിബി) നിയന്ത്രണം പിടിച്ചെടുച്ച് ആര്‍ബിഐ സിംഗപ്പൂരിലെ ഡിബിഎസ് ബാങ്കിന്റെ ഇന്ത്യന്‍ വിഭാഗവുമായി ലയിപ്പിച്ചിരുന്നു. വിദേശ ബാങ്കിന് ഇന്ത്യന്‍ ബാങ്കിനെ ഏറ്റെടുക്കാന്‍ ആര്‍ബിഐ അനുമതി നല്കുന്ന ആദ്യ സംഭവമായിരുന്നു ഇത്.
ഓഹരി വില
2020 ന് മുന്‍പ് 400 രൂപയ്ക്ക് മുകളിലായിരുന്ന യെസ് ബാങ്ക് ഓഹരിവില പ്രതിസന്ധിയെത്തുടര്‍ന്ന് 12 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. നിക്ഷേപകരെ ഏറെ കണ്ണീര് കുടിപ്പിച്ച ഓഹരിയാണിത്. ഉയര്‍ന്ന വിലയ്ക്ക് യെസ് ബാങ്ക് ഓഹരി വാങ്ങി വന്‍ നഷ്ടത്തില്‍ കിടക്കുന്ന നിരവധി നിക്ഷേപകരുണ്ട്. ഇപ്പോള്‍ 19.28 രൂപയാണ് ഓഹരി വില. ജാപ്പനീസ് വമ്പന്റെ ഓഹരി ഏറ്റെടുക്കല്‍ യെസ് ബാങ്കിന്റെ തലവര മാറ്റുമെന്നാണ് ബാങ്കിംഗ് മേഖല പ്രതീക്ഷിക്കുന്നത്. മുന്നോട്ട് ഓഹരി വില മെച്ചപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്.