സ്വര്‍ണ വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ അറ്റാദായത്തില്‍ മികച്ച വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദ അറ്റാദായത്തില്‍ 28.15 ശതമാനം വര്‍ധനയാണ് കമ്പനി രേഖപ്പെടുത്തിയത്. 30.14 കോടി രൂപയാണ് അറ്റാദായം. പോയ വര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 23.52 കോടി രൂപയായിരുന്നു.
ഒന്നാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 225.72 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഇത് 185.56 കോടി രൂപയായിരുന്നു
ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് കൈകാര്യം ചെയ്യുന്ന ആസ്തി 4,477.66 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ 3,524.94 കോടി രൂപയായിരുന്നു ആസ്തി. കൈകാര്യം ചെയ്യുന്ന ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 27.03 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. ആസ്തികളുടെ 92.7 ശതമാനം വരുന്നത് സ്വര്‍ണ്ണ വായ്പ പോര്‍ട്ട്ഫോളിയോയില്‍ നിന്നാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ മുത്തൂറ്റ് മിനി പ്രധാനപ്പെട്ട എല്ലാ മേഖലകളിലും മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 21.64 ശതമാനം വര്‍ധിച്ചു. സ്വര്‍ണ വായ്പാ രംഗത്തെ കമ്പനിയുടെ മികച്ച പ്രകടനം അടിവരയിടുന്നതാണ് പുതിയ കണക്കുകള്‍.
‘മൂലധന വിപണി മികച്ച വളര്‍ച്ച കൈവരിക്കുന്ന കാലമാണിത്. ഈ മുന്നേറ്റത്തിന് സംഭാവന നല്കുന്ന ഒരു പ്രധാന ഘടകമാണ് സ്വര്‍ണ വായ്പാ രംഗം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രത്യേകിച്ച് ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളിലുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വായ്പാ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. മൊത്തത്തിലുള്ള ഈ വളര്‍ച്ച, മൂല്യവര്‍ദ്ധിത സേവനങ്ങളുടെയും ഉപഭോക്താക്കള്‍ അര്‍പ്പിക്കുന്ന തുടര്‍ച്ചയായ വിശ്വാസത്തിന്റെയും ഫലമാണ്,’ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.
‘2026 സാമ്പത്തിക വര്‍ഷത്തിന്റെ ശക്തമായ തുടക്കം ഞങ്ങളുടെ തന്ത്രപരമായ ദിശാബോധത്തെയാണ് കാണിക്കുന്നത്. ഇടപാടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍
മാത്രമല്ല, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഇടപെടലുകള്‍, വേഗത്തിലുള്ള വായ്പാ വിതരണം, വ്യക്തിഗത സേവനം എന്നിവയിലൂടെ
ഉപഭോക്താക്കളുടെ ദീര്‍ഘകാല മൂല്യം ഉയര്‍ത്തുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സുതാര്യത, വിശ്വാസ്യത, ഉപഭോക്താവിന് പ്രാധാന്യം നല്കുന്ന മൂല്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നത് ഞങ്ങള്‍ തുടരും,’ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി. ഇ. മത്തായി പറഞ്ഞു.
2025 ജൂണ്‍ 30 വെരയുള്ള കണക്കനുസരിച്ച് 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 958 ശാഖകളുണ്ട് മുത്തൂറ്റ് മിനിക്ക്. 5,500-ല്‍
അധികം ജീവനക്കാരുമായി കമ്പനി 25 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്കുന്നു.




