ഉപഭോക്താക്കളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സേവിംഗ്സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് തുക അഞ്ചിരട്ടിയായി ഉയര്‍ത്തിയ നടപടി ഐസിഐസിഐ ബാങ്ക് പിന്‍വലിച്ചു. മെട്രോ, നഗര പ്രദേശങ്ങളിലെ മിനിമം ബാലന്‍സ് 50,000 രൂപയില്‍ നിന്ന് 15,000 രൂപയായാണ് താഴ്ത്തിയത്. നേരത്തെ 10000 രൂപയില്‍ നിന്നാണ് മിനിമം ബാലന്‍സ് 50000 രൂപയിലേക്ക് ഉയര്‍ത്തിയത്.
അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ സേവിംഗ്സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് 7,500 രൂപയായി പരിഷ്കരിച്ചു. നേരത്തെ 5000 ല്‍ നിന്ന് 25000 രൂപയായി ഉയര്‍ത്തിയ തുകയാണ് കുറച്ചത്. ഗ്രാമപ്രദേശങ്ങളില്‍ മിനിമം ബാലന്‍സ് തുക 10000 ല്‍ നിന്ന് 2500 ലേക്കാണ് കുറച്ചത്. നേരത്തെ ഉണ്ടായിരുന്ന 5000 ല്‍ നിന്നും പാതിയായി മിനിമം ബാലന്‍സ് തുക ബാങ്ക് കുറച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ വലിയ തിരിച്ചടി ഏല്‍ക്കുമെന്ന് മനസിലാക്കിയാണ് ഈ നടപടി.
2025 ഓഗസ്റ്റ് 1നോ അതിനു ശേഷമോ തുറക്കുന്ന അക്കൗണ്ടുകള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമാണെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. അതിനുമുമ്പ് തുറന്ന അക്കൗണ്ടുകള്‍ക്ക് പഴയ നിയമങ്ങള്‍ തന്നെയാകും ബാധകം.
പുതുക്കിയ മിനിമം അക്കൗണ്ട് ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ ഉപഭോക്താക്കള്‍ പരാജയപ്പെട്ടാല്‍, അക്കൗണ്ടില്‍ ഉള്ള തുകയും മിനിമം ബാലന്‍സും തമ്മിലുള്ള വ്യത്യാസത്തിന്റെ 6 ശതമാനം അല്ലെങ്കില്‍ 500 രൂപ, ഏതാണോ കുറവ് അത് അവരില്‍ നിന്ന് ഈടാക്കും.
വ്യാപകമായ വിമര്‍ശനമാണ് മിനിമം ബാലന്‍സ് അഞ്ചിരട്ടി ഉയര്‍ത്തിയതിന് ഐസിഐസിഐ നേരിട്ടത്. നിലവിലെ ഉപഭോക്താക്കള്‍ പലരും ബാങ്കുമായി ബന്ധപ്പെട്ട് പ്രതിഷേധം അറിയിക്കുകയും അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. സമ്മര്‍ദ്ദം ശക്തമായതോടെയാണ് മിനിമം ബാലന്‍സ് പരിധി ബാങ്ക്, താഴ്ത്തിയത്.




