ഉപഭോക്താക്കള്‍ക്ക് കുടുതല്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കും എഡല്‍വെയിസ് ടോക്കിയോ ലൈഫും ബാങ്കഷ്വറന്‍സ് സഹകരണത്തിന് ധാരണയിലെത്തി. ഈ പങ്കാളിത്തത്തിലൂടെ രാജ്യത്തുടനീളമുള്ള ഇസാഫ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ ലഭിക്കും.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുകയും ഇവ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളിലേക്കും ജനങ്ങളിലേക്കുമെത്തിക്കുകയും അവരുടെ സാമ്പത്തിക സുരക്ഷയ്ക്ക് പിന്തുണ ഉറപ്പാക്കുകയുമാണ് ഈ സഹകരണത്തിലൂടെ ഇസാഫ് ബാങ്ക് ലക്ഷ്യമിടുന്നത്.
‘എഡല്‍വെയിസ് ടോക്കിയോ ലൈഫ് ഇന്‍ഷുറന്‍സുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ട്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക സുരക്ഷിതത്വ ത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്. ഇതിലൂടെ ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യത താഴെത്തട്ടിലുള്ള സമൂഹത്തിലേക്കും എത്തിക്കാന്‍ സാധിക്കും,” ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.
എല്ലാവര്ക്കും ഇന്‍ഷുറന്‍സ് എന്ന ഐആര്‍ഡിഎഐയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം ലൈഫ് ഇന്‍ഷുറന്‍സ് വിതരണം ഞങ്ങള്‍ മെച്ചപ്പെടുത്തി വരികയാണ്. ദക്ഷിണേന്ത്യയില്‍ ഞങ്ങള്‍ക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഇസാഫ് ബാങ്കുമായുള്ള പങ്കാളിത്തം ഇത് കൂടുതല്‍ ശക്തിപ്പെടുത്താനും ഉപഭോക്തൃ ധാരണ മെച്ചപ്പെടുത്താനും സഹായിക്കും,’ എഡല്‍വെയിസ് ടോക്കിയോ ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ സുമിത് റായ് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ ഗ്രാമീണ മേഖലയിലുള്ള ഇസാഫ് ബാങ്കിന്റെ ശക്തമായ സാന്നിധ്യം നൂതന ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ ലഭ്യത കൂടുതല്‍ വിപുലീകരിക്കാന്‍ സഹായകമാകും. എഡല്‍വെയിസ് ടോക്കിയോ ലൈഫിന്റെ സമഗ്ര മള്‍ട്ടി-ചാനല്‍ വിതരണ തന്ത്രത്തില്‍ ഇസാഫുമായുള്ള പങ്കാളിത്തം പ്രധാന പങ്കുവഹിക്കും. ഉപഭോക്താക്കളുടെ ആവശ്യങ്ങളറിഞ്ഞ് ഇഷ്ടാനുസരണം രൂപകല്‍പ്പന ചെയ്തതും പ്രസക്തവുമായ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളാണ് ഈ പങ്കാളിത്തത്തിലൂടെ വിപണിയിലെത്തുന്നത്.