കടയില്‍ ചെന്ന് സാധനം വാങ്ങിച്ച് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് പൈസ കൊടുക്കാന്‍ നോക്കിയപ്പോഴാണ് ആ സത്യമറിയുന്നത്, ഇന്െര്നെറ്റില്ല. കയ്യിലാണെങ്കില്‍ നയാപ്പൈസയില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ പെട്ടുപോയവര്‍ നിരവധിയായിരിക്കും. പക്ഷേ അതിന് ഒരു പരിഹാരം കൊണ്ടുവന്നിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക് -ഓഫ്ലൈന് ഡിജിറ്റല്‍ രൂപ.
രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) യാത്രയില്‍ നിര്‍ണ്ണായക ചുവടുവെപ്പാണ് ഡിജിറ്റല്‍ രൂപ. ശരിക്കും രൂപയുടെ ഡിജിറ്റല്‍ രൂപം. E-റുപ്പി എന്നും അറിയപ്പെടുന്ന ഡിജിറ്റല്‍ രൂപ പുറത്തിറക്കുന്നതും ആര്‍ബിഐ തന്നെയാണ്. നോട്ടോ നാണയമോ പോലെ തന്നെ ശരിക്കുമുള്ള രൂപയുടെ അതേ സവിശേഷതകള്‍ ഇ-റുപ്പിക്കും (ഇലക്ട്രോണിക്ക് രൂപ) ഉണ്ടാകും.
എന്താണ് ഡിജിറ്റല്‍ രൂപ
ഇന്ത്യന്‍ രൂപയുടെ ഡിജിറ്റല്‍ രൂപം ആണ് ഡിജിറ്റല്‍ രൂപ അഥവാ ഇ-റുപ്പി. ഡിജിറ്റല്‍ രൂപത്തില്‍ ആര്‍ബിഐ പുറത്തിറക്കുന്ന ഇ-രൂപ ശരിക്കുമുള്ള പണത്തിന്റെ അതേ രീതിയില്‍ പ്രവര്‍ത്തിക്കും. ഉപയോഗിക്കാനുള്ള എളുപ്പം, ആര്‍ബിഐ നല്കുന്ന ഗ്യാരണ്ടി എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്.
എങ്ങനെ സൂക്ഷിക്കാം
ബാങ്കുകളും ബാങ്കിതര സ്ഥാപനങ്ങളും നല്കുന്ന
ഡിജിറ്റല്‍ വാലറ്റില്‍ ഉപയോക്താവിന് അവരുടെ ഇ-രൂപ സൂക്ഷിക്കാം. അത് ഉപയോഗിച്ച് മറ്റൊരാളുമായോ വ്യാപാരിയുമായോ പണമിടപാട് നടത്താം. ഫോണില്‍ പ്ലേ സ്റ്റോറിലോ, ആപ്പ് സ്റ്റോറിലോ കയറി eറുപ്പി ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഡിജിറ്റല്‍ രൂപ ഉപയോഗിക്കാന്‍ തുടങ്ങാം. ഡിജിറ്റല്‍ വാലറ്റ് സേവനം നല്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാല്‍ ഉപയോഗത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. കടയില്‍ സാധനം വാങ്ങിച്ചിട്ട് പണം കൊടുക്കാന്‍ അവിടെയുള്ള ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ മതിയാകും.
എന്താണ് ഇ വാലറ്റ്
പോക്കറ്റില്‍ പണം സൂക്ഷിക്കാനായി കൊണ്ടുനടക്കുന്ന പേഴ്സ് പോലെ ഡിജിറ്റല്‍ കാഷ് സൂക്ഷിക്കുന്നതിനുള്ള പേഴ്സ് ആണ് ഇ വാലറ്റ്. മൊബൈല്‍ ഫോണോ മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളോ ഉപയോഗിച്ച് ഇ വാലറ്റ് തുറക്കാം. നിലവില്‍ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഇ വാലറ്റ് സേവനം നല്‍കുന്നുണ്ട്.
ഇ വാലറ്റ് സുരക്ഷിതമാണോ
ഇ വാലറ്റുകള്‍ സുരക്ഷിതമാണ്. ഉപയോക്താവിന്റെ ഇ വാലറ്റില്‍ ഇ-രൂപ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള വിപുലമായ സൈബര്‍ സുരക്ഷ ചട്ടക്കൂടാണ് ഇതിനായി ആര്‍ബിഐ ഒരുക്കിയിരിക്കുന്നത്. ഇ വാലറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ പോലും പോക്കറ്റടി പോലെ പണം പോയെന്ന് പേടിക്കാനില്ല. മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചോ സിംകാര്‍ഡ് ഉപയോഗിച്ചോ പുതിയ ഉപകരണത്തില്‍ പഴയ ഇ വാലറ്റ് ലഭിക്കും.
ഏത് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആവശ്യം
ആന്‍ഡ്രോയിഡ് ഐഒഎസ് ഉപകരണങ്ങളില്‍ ഇ-രൂപ സൂക്ഷിക്കുന്നതിനുള്ള വാലറ്റുകള്‍ ലഭ്യമാണ്.
എങ്ങനെയാണ് ഇ-റുപ്പി പുറത്തിറക്കുന്നത്
പേപ്പര്‍ കറന്‍സി പുറത്തിറക്കുന്നത് പോലെ തന്നെയാണ് റിസര്‍വ്വ് ബാങ്ക് ഇ- റുപ്പിയും പുറത്തിറക്കുന്നത്. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്ന ഇ-റുപ്പി ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇലക്ട്രോണിക് ആയി കൈമാറുന്നു. ഉപഭോക്താക്കളുടെ ഇ- വാലറ്റുകളിലേക്ക് ഇ-റുപ്പി നല്‍കേണ്ടത് പിന്നീട് ഇവരുടെ ഉത്തരവാദിത്തമാണ്.
ഏതെല്ലാം ബാങ്കുകള്‍ക്ക് CBDC വാലറ്റുകള്‍ ഉണ്ട്
നിലവില്‍ എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് ഉള്‍പ്പടെ പതിനഞ്ചോളം ബാങ്കുകള്‍ CBDC വാലറ്റ് സേവനം നല്‍കുന്നുണ്ട്. ഇപ്പോള്‍ പരീക്ഷണാര്‍ത്ഥത്തിലാണ് ഇത് നടപ്പിലാക്കുന്നത് . ഈ ഘട്ടത്തില്‍ മേല്‍പ്പറഞ്ഞ ബാങ്കുകളിലെയും ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെയും ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ആയിരിക്കും ഇ-റുപ്പി വാലറ്റ് സേവനം ലഭിക്കുക.
ഇന്റെര്‍നെറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ്
ഡിജിറ്റല്‍ രൂപയുടെ ഓഫ്ലൈന് ഫീച്ചര്‍ പ്രകാരം ഇന്റെര്‍നെറ്റ് ഇല്ലെങ്കിലും ദുര്‍ബലമാണെങ്കിലും പേയ്മെന്റ് നടത്താമെന്ന് ആര്‍ബിഐ പറയുന്നു. കയ്യില്‍ പണമിരിക്കുന്നത് പോലെ തന്നെ ഇ-റുപ്പി ഉപയോഗിക്കാം.
UPI യില്‍ നിന്നുള്ള വ്യത്യാസമെന്താണ്
UPI യില്‍ നിന്നും വ്യത്യസ്തമായി ഇ-റുപ്പി ഡിജിറ്റല്‍ കാഷ് ആണ്. ബാങ്ക് അക്കൗണ്ടുകള്ക്കിടയിലൂടെ പണം അങ്ങോട്ടുമിങ്ങോട്ടും കൈമാറാനുള്ള പേയ്മെന്റ് സംവിധാനമാണ് UPI. നേരെമറിച്ച്, ഇ-റുപ്പി ഡിജിറ്റല്‍ വാലറ്റുകളില്‍ സൂക്ഷിക്കുന്ന പണമാണ്. ശരിക്കും പണം പോലെ തന്നെയാണത്. ഇവിടെ ഇടപാട് നടത്താന്‍ ഒരു ബാങ്ക് അക്കൗണ്ട് ആവശ്യം വരുന്നില്ല. രണ്ട് ഇ-റുപ്പി വാലറ്റുകള്ക്കിടയിലെ ഇടപാട് അപ്പോള്‍ തന്നെ നടക്കും. മാത്രമല്ല, ഇ-റുപ്പി ആപ്പുകളിലൂടെ യുപിഐ ക്യൂആറുകള് സ്കാന്‍ ചെയ്യാനും സാധിക്കും.
ബാങ്ക് അക്കൗണ്ട് ഇടപാട് സാധ്യമാണോ
സാധ്യമാണ്. ഇ-റുപ്പികള്‍ എപ്പോള്‍ വേണമെങ്കിലും ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്കും കൈമാറാം.
മിനിമം ബാലന്‍സ് ആവശ്യമാണോ
അല്ല. ഇ-റുപ്പി വാലറ്റുകളില്‍ മിനിമം ബാലന്‍സ് ആവശ്യമില്ല.
ഇ വാലറ്റുകള്‍ക്ക് സേവിംഗ്സ് അക്കൗണ്ട് വേണോ
നിലവില്‍ ഇ-റുപ്പി വാലറ്റുകള്‍ ഉപയോക്താവിന്റെ സേവിംഗ്സ് അക്കൗണ്ടുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ഇ-റുപ്പി വാലറ്റുകള്‍ ലഭ്യമാക്കുന്നതിനും മറ്റൊരു KYC ഒഴിവാക്കുന്നതിനുമാണിത്. ഉപയോഗം സംബന്ധിച്ച് ആളുകളില്‍ നിന്നുള്ള പ്രതികരണം അനുസരിച്ച് ഇക്കാര്യത്തില്‍ മാറ്റമുണ്ടായേക്കാം.
സര്‍വ്വീസ് ചാര്‍ജ് ഉണ്ടോ
ഇ-റുപ്പി വാലറ്റുകള്‍ ഉപയോഗിക്കുന്നതിന് ഒരു സര്‍വ്വീസ് ചാര്‍ജും ഈടാക്കില്ല.