ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേധാവി ശക്തികാന്ത ദാസിന് പുരസ്കാരത്തിളക്കം. ലണ്ടനില്‍ നടന്ന സെന്‍ട്രല്‍ ബാങ്കിംഗ് അവാര്‍ഡ്സില്‍, ‘ഗവര്‍ണര്‍ ഓഫ് ദ ഇയര്‍ 2023’ ആയി ശക്തികാന്തദാസിനെയാണ് തെരഞ്ഞെടുത്തത്.
വളരെ സങ്കീര്‍ണമായ പരിഷ്കരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനും ആഗോള ശ്രദ്ധേയമായ പേമെന്റ്സ് ഇന്നവേഷന്‍ കാര്‍മികത്വം വഹിച്ച് പ്രതിസന്ധി സാഹചര്യങ്ങളിലൂടെ ഇന്ത്യയുടെ കേന്ദ്രബാങ്കിനെ നയിച്ചത് കണക്കിലെടുത്തുമാണ് പുരസ്കാരം. 2018ലാണ് ശക്തികാന്ത ദാസ് റിസര്‍വ് ബാങ്കിന്റെ തലപ്പത്തെത്തുന്നത്.
കോവിഡ് മഹാമാരിയുടെ വ്യത്യസ്ത തരംഗങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ചു ശക്തികാന്തദാസ്. അന്താരാഷ്ട്ര പ്രസിദ്ധീകരണമായ സെന്‍ട്രല്‍ ബാങ്കിംഗാണ് പുരസ്കാരങ്ങള്‍ നല്‍കിയത്.




