ഐസിഐസിഐ ബാങ്കിന് പിന്നാലെ സേവിംഗ്സ് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് പരിധി ഉയര്‍ത്തി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ എച്ച്ഡിഎഫ്സി ബാങ്ക്. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് തുക 10000 രൂപയില്‍ നിന്ന് 25000 രൂപയിലേക്കാണ് ഉയര്‍ത്തിയത്.
ഓഗസ്റ്റ് 1 മുതല്‍ മെട്രോ നഗരങ്ങളിലും നഗരപ്രദേശങ്ങളിലും പുതിയ മിനിമം ബാലന്‍സ് നയം പ്രാബല്യത്തില്‍ വന്നു. ഈ തിയതിക്ക് ശേഷം പുതിയ സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നവര്‍ക്കാണ് നയം ബാധകം.
അര്‍ദ്ധ-നഗര മേഖലകളില്‍ മുന്‍പത്തെ മിനിമം ബാലന്‍സ് പരിധിയായ 5000 രൂപയും ഗ്രാമീണ മേഖലകളിലെ ബ്രാഞ്ചുകളില്‍ മിനിമം ബാലന്‍സ് പരിധിയായ 2500 രൂപയും അതേപടി തുടരും. മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ അക്കൗണ്ടില്‍ ഉള്ള തുകയും മിനിമം ബാലന്‍സുമായുള്ള വ്യത്യാസത്തിന്റെ 6 ശതമാനമോ 600 രൂപയോ ഏതാണോ കുറവ്, പിഴയായി അടക്കേണ്ടി വരും.
രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായ ഐസിഐസിഐ ബാങ്ക്, സേവിംഗ്സ് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് പരിധി പ്രതിമാസം 10,000 രൂപയില്‍ നിന്ന് 50,000 രൂപയായി വര്‍ദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് എച്ച്ഡിഎഫ്സിയും ഇതേ പാത പിന്തുടരുന്നത്. ഐസിഐസിഐ ബാങ്കിന്റെ മിനിമം ബാലന്‍സ് വര്‍ദ്ധനവ് ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. അര്‍ദ്ധനഗര ശാഖകളിലെ സേവിംഗ്സ് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് പ്രതിമാസം 5000 രൂപയില്‍ നിന്ന് 25,000 രൂപയായും ഗ്രാമപ്രദേശങ്ങളിലെ സേവിംഗ്സ് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് പ്രതിമാസം 5000 രൂപയില്‍ നിന്ന് 10,000 രൂപയായുമാണ് ഐസിഐസിഐ ഉയര്‍ത്തിയത്.
ആശ്വാസമായി എസ്ബിഐ, പിഎന്‍ബി, കാനറ ബാങ്ക്
എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ മിനിമം ബാലന്‍സ് പരിധി എടുത്തു കളഞ്ഞിട്ടുണ്ട്. മിനിമം ബാലന്‍സ് സൂക്ഷിക്കാഞ്ഞാലുള്ള പിഴയും ഇതോടൊപ്പം ഒഴിവാക്കി.