പ്രീമിയം സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളായ (എസ്യുവി) ഹാരിയറിലും സഫാരിയിലും ഉപയോഗിക്കുന്നതിന് ടാറ്റ മോട്ടോഴ്സ് പുതിയ പെട്രോള്‍ പവര്‍ എഞ്ചിന് വികസിപ്പിക്കുന്നു. കൂടുതല്‍ ഇന്ധനക്ഷമത നല്കുന്ന 1.5 ലിറ്റര്‍ ജിഡിഐ എഞ്ചിനാണ് വികസിപ്പിക്കുന്നത്. നിലവില്‍ 2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഈ മോഡലുകളില്‍ ഉപയോഗിക്കുന്നത്.
ഹാരിയറിലും സഫാരിയിലും ജിഡിഐ എഞ്ചിനുകള്‍ അധികം വൈകാതെ അവതരിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു. ഹാരിയറും സഫാരിയും പ്രവര്‍ത്തിക്കുന്ന എസ്യുവി സെഗ്മെന്റില്‍ പ്രതിവര്‍ഷം 2 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് വില്‍ക്കുന്നത്. ഇതിന്റെ 80 ശതമാനവും ഡീസല്‍ എഞ്ചിന് വാഹനങ്ങളാണ്.
മികച്ച ടോര്‍ക്ക് പെര്‍ഫോമന്‍സ് ലഭിക്കുന്നതിനാല്‍ എസ്യുവി ഉപയോക്താക്കള്‍ക്ക് ഡീസല്‍ വാഹനങ്ങളോടാണ് താല്‍പ്പര്യം. അതുകൊണ്ടാണ് തങ്ങള്‍ ഡീസല്‍ വാഹനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ചന്ദ്ര പറഞ്ഞു.
ഭാവിയില്‍ പെട്രോള്‍ എഞ്ചിന് എസ്യുവികളും മികച്ച ബിസിനസ് നല്‍കുമെന്ന് അറിയാമായിരുന്നെന്നും വിപണിയുടെ 20 ശതമാനം ഉപേക്ഷിക്കേണ്ടതില്ലെന്ന കാഴ്ചപ്പാടിലാണ് പെട്രോള്‍ എഞ്ചിന് എസ്യുവികള് കൊണ്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച, ടാറ്റ മോട്ടോഴ്സ് ഹാരിയറിന്റെയും സഫാരിയുടെയും പുതിയ പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു. യഥാക്രമം 15.49 ലക്ഷം രൂപയിലും 16.19 ലക്ഷം രൂപയിലുമാണ് ഇവയുടെ വില ആരംഭിക്കുന്നത്.