ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബുള്ളറ്റ് 350 ഇന്ത്യയില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്. പുതിയ മോഡല്‍ അഞ്ച് നിറങ്ങളില്‍ ലഭ്യമാകും. പഴയ മോഡലിന് സമാനമാണ് ഡിസൈന്‍. എന്നിരുന്നാലും, പുതിയ ബൈക്കിനെ വ്യത്യസ്തമാക്കുന്ന നിരവധി മെക്കാനിക്കല്‍ മാറ്റങ്ങളുണ്ട്. ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് പുതിയ ജെ-പ്ലാറ്റ്ഫോമാണ്. മെറ്റിയര്‍ 350, ക്ലാസിക് 350, ഹണ്ടര്‍ 350 എന്നിവയ്ക്കും ഇതേ പ്ലാറ്റ്ഫോം തന്നെയാണ്.
പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350-ന്റെ ബുക്കിംഗ് വെള്ളിയാഴ്ച ആരംഭിച്ചു. സെപ്തംബര്‍ 3 മുതല്‍ ബൈക്കിന്റെ വില്‍പ്പന ആരംഭിക്കും. ഒക്ടോബര്‍ അവസാനത്തോടെയാണ് ബൈക്ക് യൂറോപ്പില്‍ അവതരിപ്പിക്കുക. ഏറ്റവും താങ്ങാനാവുന്ന മിലിട്ടറി കളര്‍ 1.73 ലക്ഷം രൂപയ്ക്ക് ലഭ്യമാകും. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന്റെ എക്സ് ഷോറൂം വില 1.97 ലക്ഷം രൂപയും ബ്ലാക്ക് ഗോള്‍ഡിലുള്ള മുന്‍നിര മോഡലിന് 2.16 ലക്ഷം രൂപയുമാണ് വില.
പുതിയ തലമുറ ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിള്‍ മുന്‍പത്തെ അതേ 349 സിസി, സിംഗിള്‍ സിലിണ്ടര്‍, ലോംഗ് സ്ട്രോക്ക് എഞ്ചിനിലാണ് വരുന്നത്. പവര്‍ ഔട്ട്പുട്ടിന്റെ കാര്യത്തില്‍, ഇതിന് 6,100 ആര്‍പിഎമ്മില്‍ ഏകദേശം 19.9 ബിഎച്ച്പിയും 4,000 ആര്‍പിഎമ്മില്‍ ഏകദേശം 27 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. ബൈക്കിന്റെ എഞ്ചിന് 5 സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 യില്‍ ഐക്കണിക് സിംഗിള്‍ പീസ് സീറ്റ് നിലനിര്‍ത്തിയിരിക്കുന്നു. വൃത്താകൃതിയിലുള്ള ഹാലൊജെന്‍ ഹെഡ്ലാമ്പും പഴയകാല നൊസ്റ്റാള്ജിയക്കായി നിലനിര്‍ത്തിയിട്ടുണ്ട്. മദ്രാസ് സ്ട്രൈപ്പുകളും ബുള്ളറ്റ് 350 ബാഡ്ജും പ്രധാന സവിശേഷതകളാണ്.
ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ ഭൂരിഭാഗവും ക്ലാസിക് 350-ല്‍ നിന്ന് കടമെടുത്തതാണ്. അനലോഗ് സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍ ഉള്ള ഒരു ചെറിയ ഡിജിറ്റല്‍ ഡിസ്പ്ലേ, കൂടാതെ ഒരു ഫ്യൂവല്‍-ലെവല്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവയിലൂടെ റൈഡര്‍മാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.