കാലത്തെ അതിജീവിച്ച കാര്‍ ബ്രാന്‍ഡ്. അതാണ് മാരുതി സുസുക്കി. വിശ്വാസ്യത, താങ്ങാവുന്ന വില, അന്യാദൃശമായ മൈലേജ് എന്നിവയാണ് മാരുതി സുസുക്കി കാറുകളെ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരമാക്കിയത്. സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി പരിഹരിച്ചു വരികയാണ്.
മികച്ച രീതിയില്‍ വില്‍പ്പന നടക്കുന്ന കോംപാക്റ്റ് എസ്യുവിയായ ഫ്രോങ്ക്സില്‍ ഇപ്പോള്‍ ലെവല്‍ 2 എഡിഎഎസ് സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് മാരുതി. ഇന്തോനേഷ്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ക്കാണ് ഈ സുരക്ഷാ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യയിലാണ് മാരുതി ഫ്രോങ്ക്സ് എസ്യുവികള് നിര്‍മിക്കുന്നത്. അന്താരാഷ്ട്ര സുരക്ഷാ നിലവാരത്തിലേക്കാണ് ഇതോടെ ഫ്രോങ്ക്സ് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്.
അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ബ്ലൈന്‍ഡ് സ്പോട്ട് മോണിട്ടറിംഗ്, ലെയിന്‍ കീപ്പ് അസിസ്റ്റ്, റിയര്‍ ക്രോസ്-ട്രാഫിക് അലര്‍ട്ട്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ഹില്‍ ഹോള്‍ഡ് കണ്ട്രോള്, ഹൈ ബീം അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നിവയാണ് ലെവല്‍ 2 എഡിഎഎസിന്റെ ഭാഗമായി മാരുതി ഫ്രോങ്ക്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്കുന്ന ഈ സംവിധാനം ആക്സിഡന്റുകള് കുറയ്ക്കാന്‍ ഉപകരിക്കും.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫ്രോങ്ക്സിലും വൈകാതെ ലെവല്‍ 2 എഡിഎഎസ് സംവിധാനം മാരുതി ഉള്‍പ്പെടുത്തുമെന്നാണ് സൂചന. 8.88-15.44 ലക്ഷം രൂപ റേഞ്ചിലാണ് ഇന്ത്യയില്‍ ഫ്രോങ്ക്സിന് മാരുതി ഇട്ടിരിക്കുന്ന വില. എഡിഎഎസ് സംവിധാനം കൂടി വന്നാല്‍ ഈ വിലയില്‍ കോംപാക്റ്റ് എസ്യുവി മേഖലയില്‍ ഫ്രോങ്ക്സ് ഒരു കില്ലാടി തന്നെയാകും എന്ന് തീര്‍ച്ച.