ഇന്‍ഡോ ജപ്പാന് ചേംബര്‍ ഓഫ് കൊമേഴ്സ് കേരള (ഇന്ജാക്്) സംഘടിപ്പിക്കുന്ന മൂന്നാമത് ‘ജപ്പാന് മേള 2025’ ഒക്ടോബര്‍ 16, 17 തിയതികളില്‍ കൊച്ചിയിലെ റമദ റിസോര്‍ട്ടില്‍ വെച്ച് നടക്കും. കേരളവും ജപ്പാനും തമ്മിലുള്ള വ്യാപാര, നിക്ഷേപ, സാങ്കേതിക, വിദ്യാഭ്യാസ മേഖലകളിലെ ബന്ധം കൂടുതല്‍ ശക്തമാക്കുക എന്നത് ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്. ജപ്പാനില്‍ നിന്ന് മേയര്‍മാരും സംരംഭകരും അടക്കം 55 ഓളം പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കും.
ഒക്ടോബര്‍ 17 ന് മേളയുടെ സമാപന ദിവസം സംസ്ഥാന വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ കേരള സര്‍ക്കാരും ജപ്പാനുമായി ധാരണാപത്രം ഒപ്പിടും. ബിസിനസ്, വിദ്യാഭ്യാസം, നൂതന സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ ജാപ്പനീസ് പങ്കാളിത്തം ഉറപ്പാക്കുന്നതാണ് ഈ ധാരണാപത്രം. ഇതിനൊപ്പം കേരളത്തിലെ സംരംഭകരും ജപ്പാന് സംരംഭകരുമായി ബിസിനസ് പങ്കാളിത്തത്തിന് ധാരണാപത്രങ്ങളും ഒപ്പിടും. വ്യവസായ പ്രതിനിധികള്‍ക്കായി ബി-ടു-ബി സെഷനുകളും ഉണ്ടാവും.
ധാരണാപത്രങ്ങള്‍ ഒപ്പിടും: വിജു ജേക്കബ്
കേരളത്തിന്റെ വികസനത്തിനും വ്യവസായ വളര്‍ച്ചയ്ക്കും നിര്‍ണായകമായ വേദിയാകും ജപ്പാന് മേളയെന്ന് ഇന്‍ജാക് പ്രസിഡന്റും സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വിജു ജേക്കബ് പറഞ്ഞു. കേരളത്തിലെയും ജപ്പാനിലെയും സ്ഥാപനങ്ങള്‍ തമ്മിലുള്ള ധാരണാപത്രങ്ങള്‍ ഒപ്പുവെക്കാനും പുതിയ സംരംഭങ്ങള്‍ക്ക് വഴിയൊരുക്കാനും ഈ മേള സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി റിനെ ഹോട്ടലില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍ജാക് വൈസ് പ്രസിഡന്റും ജപ്പാന് മേള 2025 ജനറല്‍ കണ്‍വീനറുമായ ഡോ. കെ. ഇളങ്കോവന് ഐഎഎസ് പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ഇന്‍ജാക് സെക്രട്ടറി ഡോ. ജീവന് സുധാകരന്, ട്രഷറര്‍ ജേക്കബ് കോവൂര്‍ എന്നിവരും സംബന്ധിച്ചു.
സംസ്ഥാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഇലക്ട്രോണിക്സ്-ഐടി ഡയറക്ടര്‍ മുഹമ്മദ് സഫീറുള്ള, കെഎസ്ഐഡിസി ചെയര്മാന് സി ബാലഗോപാല്‍, കെല്‍ട്രോണ്‍ ചെയര്മാന് എന്‍ നാരായണമൂര്‍ത്തി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ അനൂപ് അംബീക എന്നിവര്‍ മേളയിലെ വിവിധ സെഷനുകളില്‍ സംസാരിക്കും. വ്യവസായ, വിദ്യാഭ്യാസ, സാങ്കേതിക മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), റോബോട്ടിക്സ്, ഗ്രീന്‍ എനര്‍ജി, ടൂറിസം, ഓട്ടോമൊബൈല്‍, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകളില്‍ പ്രദര്‍ശനങ്ങളും ചര്‍ച്ചകളും ഉണ്ടാകും.
മേളയില്‍ ടൂറിസം, വെല്‍നസ്, സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷ്യസംസ്കരണവും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), റോബോട്ടിക്സ്, ഐ.ടി., സ്റ്റാര്‍ട്ടപ്പുകള്‍, ഗ്രീന്‍ എനര്‍ജി, മാരിടൈം ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ ഉയര്‍ന്ന മുന്‍ഗണനാ മേഖലകളിലെ മുന്‍നിര ജാപ്പനീസ്, ഇന്ത്യന്‍ കമ്പനികള്‍ പങ്കെടുക്കും. ജാപ്പനീസ് ബിസിനസ് സംഘം സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്, സര്‍ക്കാര്‍ ഓഫിസുകള്‍, കൊച്ചിയിലെ മാരിടൈം കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് സംയുക്ത സംരംഭ സാധ്യതകള്‍ വിലയിരുത്തും.
മേളയില്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി പ്രത്യേക സെഷനുകളും ഉണ്ടാവും. ജപ്പാനിലെ വിദ്യാഭ്യാസ, പരിശീലന, തൊഴില്‍ അവസരങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്കുന്ന പരിപാടികളുമുണ്ടാവും.