രാജ്യത്തിന്റെ സൗരോര്‍ജ വിപ്ലവത്തില്‍ സുപ്രധാന പങ്കുവഹിച്ച് കേരളവും. വീടുകളിലെ പുരപ്പുറ സൗരോര്‍ജ പദ്ധതികളുടെ കാര്യത്തില്‍ ഗുജറാത്തും കേരളവുമാണ് മുന്നിലെന്ന് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു. റൂഫ്ടോപ് സോളാര്‍ യൂണിറ്റുകള്‍ പ്രായോഗികവല്‍ക്കരിക്കുന്ന കാര്യത്തിലാണ് കേരളം മികച്ച പ്രകടനം കാഴ്ച്ചവച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി സൂര്യ ഘര്‍ യോജന (പിഎംഎസ്ജിവൈ) പദ്ധതി പുരപ്പുറ സൗരോര്‍ജമേഖലയില്‍ വലിയ വിപ്ലവമാണ് സാധ്യമാക്കിയിരിക്കുന്നത്. പദ്ധതി തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ 4.5 ഗിഗാവാട്ട് സ്ഥാപിത ശേഷി കൈവരിക്കാന്‍ സാധിച്ചതായി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എനര്‍ജി ഇക്കണോമിക്സ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍ അനാലിസിസും (ഐഇഇഎഫ്എ) ജെഎംകെ റീസര്‍ച്ച് ആന്‍ഡ് അനലിറ്റിക്സും ചേര്‍ന്ന് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2025 ജൂലൈ വരെയുള്ള കണക്കനുസരിച്ച് പിഎംഎസ്ജിവൈ പദ്ധതി പ്രകാരം 57.9 ലക്ഷം ആപ്ലിക്കേഷനുകളാണ് റൂഫ്ടോപ് സോളര്‍ ഇന്‍സ്റ്റലേഷനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
2024 മാര്‍ച്ചിനും 2025 ജൂലൈയ്ക്കും ഇടയില്‍ ആപ്ലിക്കേഷനുകളുടെ എണ്ണത്തില്‍ നാല് മടങ്ങ് വര്‍ധനയാണുണ്ടായിരിക്കുന്നത്. എന്നാല്‍ അനുവദിച്ച സബ്സിഡി തുകയുടെ 14.1 ശതമാനം മാത്രമാണ് ജൂലൈ വരെയുള്ള കണക്കനുസരിച്ച് വിതരണം ചെയ്തിരിക്കുന്നത്. 65700 കോടി രൂപയാണ് സബ്സിഡി വിതരണത്തിനായി നീക്കിവച്ചിരിക്കുന്നത്. 2027 ആകുമ്പോഴേക്കും 30 ഗിഗാവാട്ട് ശേഷി കൈവരിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതൊരു വെല്ലുവിളിയാണെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏറ്റവും കൂടുതല്‍ പേര് പുരപ്പുറ സൗരോര്‍ജ പദ്ധതികള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് ഗുജറാത്തിലാണ്. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കേരളം, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്നത്. മൊത്തം സ്ഥാപിത ശേഷിയായ 4946 മെഗാവാട്ടിന്റെ 72 ശതമാനം വിഹിതവും കൈയാളുന്നത് മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളാണ്.
മൊത്തം റാങ്കിംഗില്‍ കേരളം നാലാം സ്ഥാനത്താണെങ്കിലും 65 ശതമാനത്തിലധികം കണ്വര്ഷന് റേറ്റ് കേരളത്തിനുണ്ട്. അതിനാല്‍ മികച്ച പെര്‍ഫോര്‍മര്‍ എന്ന നിലയിലാണ് സംസ്ഥാനം കണക്കാക്കപ്പെടുന്നത്.
റൂഫ്ടോപ് സോളാര്‍ ആപ്ലിക്കേഷനുകളില്‍ പ്രായോഗികവല്ക്കരിക്കപ്പട്ടെ പദ്ധതികളുടെ എണ്ണം അനുസരിച്ചാണ് കണ്വര്ഷന് അനുപാതം നിശ്ചയിക്കുന്നത്. പിഎംഎസ്ജിവൈ പദ്ധതി പ്രകാരമുള്ള ദേശീയ കണ്വര്ഷന് നിരക്ക് 22.7 ശതമാനമാണ്. അതായത് അപേക്ഷ നല്കുന്ന അഞ്ച് വീടുകളില്‍ ഒരു വീട്ടില്‍ മാത്രമാണ് ഇന്സ്റ്റലേഷന് നടക്കുന്നത്. എന്നാല്‍ ഗുജറാത്തിന്റെയും കേരളത്തിന്റെയും കണ്വെര്ഷന് നിരക്ക് 65 ശതമാനത്തിലധികമാണ്. അപേക്ഷ നല്കുന്ന മൂന്ന് വീടുകളില്‍ രണ്ട് വീടുകളിലും പുരപ്പുറ സൗരോര്‍ജ യൂണിറ്റുകള്‍ സ്ഥാപിക്കുന്നുണ്ടെന്ന് സാരം.
ജനങ്ങള്‍ക്കിടയിലെ അവബോധമില്ലായ്മയും സാമ്പത്തികവുമാണ് പുരപ്പുറ സൗരോര്‍ജ പദ്ധതികള്‍ക്കുള്ള പ്രധാന തടസമെന്ന് പഠന റിപ്പോര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രഭാകര്‍ ശര്‍മ പറയുന്നു. സൗരോര്‍ജ യൂണിറ്റ് സ്ഥാപിക്കുന്നതിന് തുടക്കത്തില്‍ ഉയര്‍ന്ന ചെലവ് വരുമെന്ന ധാരണയും മെയിന്റനന്‍സ് പ്രശ്നങ്ങളുണ്ടാകുമെന്ന കാലഹരണപ്പെട്ട ചിന്തയും ഇപ്പോഴും വെല്ലുവിളികളായി തുടരുന്നുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
152,000 റൂഫ്ടോപ് സോളാര്‍ യൂണിറ്റുകളാണ് കേരളത്തിലുള്ളത്. സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളും അടുത്തിടെ എഡ്പബ്ലിക്ക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും പറയുന്നതനുസരിച്ച് കേരളത്തിന്റെ സ്ഥാപിത സോളാര്‍ ശേഷി 1792.34 മെഗാവാട്ടാണ്. സംസ്ഥാനത്തിന്റെ മൊത്തം സംശുദ്ധ ഊര്‍ജശേഷി 4106.78 മെഗാവാട്ടാണെന്നും കണക്കുകള്‍ പറയുന്നു. എങ്കിലും കേരളത്തിന്റെ മൊത്തം സംശുദ്ധ ഊര്‍ജശേഷിയില്‍ റൂഫ്ടോപ് സോളാറിന്റെ വിഹിതം .61 ശതമാനം മാത്രമാണെന്ന് എഡ്പബ്ലിക്കയുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.