പത്തുവര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2015, ആഗസ്റ്റ് ആറിന് പവന് (8 ഗ്രാം) 18,720 രൂപ ആയിരുന്നു കേരളത്തിലെ സ്വര്‍ണ്ണവില. ആ വര്‍ഷം ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ്ണവില ആയിരുന്നു അത്. 20,480 രൂപ ആയിരുന്നു ആ മാസം സ്വര്‍ണ്ണത്തിന്റെ ഏറ്റവും കൂടിയ വില. പത്തുവര്‍ഷത്തിനിപ്പുറം 2025 ഒക്ടോബര്‍ 13-ല്‍ എത്തുമ്പോള്‍ സ്വര്‍ണ്ണത്തിന് വില പവന് 91,960 രൂപ ആണ്. ഒരു ലക്ഷം തൊടാന്‍ ദിവസങ്ങള്‍ മാത്രമകലെ. പത്തുവര്‍ഷത്തിനിടെ സ്വര്‍ണ്ണവില അഞ്ചിരട്ടിയായി. ഇനി കുറച്ചുകൂടി പിന്നോട്ടുപോയാല്‍ അതായത്, ഒരു 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വര്‍ണ്ണത്തിന് 1,800 രൂപയായിരുന്നു, ഇനി അതിലും പിന്നോട്ട്, അതായത് 1967-ല്‍ സ്വര്‍ണ്ണത്തിന് വില പത്തുഗ്രാമിന് 100 രൂപ, പവന് അതിലും കുറയും.
- എന്താണ് ഡിജിറ്റല്‍ ഗോള്‍ഡ്
- പ്രവര്‍ത്തനരീതി
- എത്ര കുറച്ചും വാങ്ങാം
- വില കണക്കാക്കുന്ന രീതി
- ഡിജിറ്റല്‍ ഗോള്‍ഡ് പണമാക്കുന്നതെങ്ങനെ
- ഓഡിറ്റ്
- ഭൗതിക സ്വര്‍ണ്ണത്തെ അപേക്ഷിച്ച് ഡിജിറ്റല്‍ ഗോള്‍ഡിന്റെ മേന്മകള്
- എത്ര കുറഞ്ഞ തുകയ്ക്കും വാങ്ങാം
- ലളിതമായ ഇടപാട്
- സൂക്ഷിക്കുന്നതിനെ കുറിച്ചുള്ള ആശങ്ക വേണ്ട
- പരിശുദ്ധി
- വില്‍ക്കാനുള്ള എളുപ്പം
- റിസ്കുകള്‍, വെല്ലുവിളികള്‍
- നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന്റെ വിലയറിയാന്‍ ഈ കണക്കുകള്‍ മതി. അധികം വൈകാതെ, ഒന്നുരണ്ട് വര്‍ഷങ്ങള്‍ കൊണ്ടുതന്നെ പവന് വില രണ്ടുലക്ഷത്തിലെത്തുമെന്ന് പ്രവചനങ്ങളുണ്ട്. ഒന്നോര്‍ത്തുനോക്കൂ, നിങ്ങളുടെ മുത്തശ്ശി ആയിരം രൂപ മുടക്കി വാങ്ങിയ പത്തോ ഇരുപതോ പവന് സ്വര്‍ണ്ണം ഇന്നും നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ അതിനിന്ന് പത്തോ ഇരുപതോ ലക്ഷങ്ങളാണ്. സ്വര്‍ണ്ണമെന്ന സുരക്ഷിത നിക്ഷേപത്തിലേക്ക് ആളുകള്‍ ആകൃഷ്ടരാകുന്നതില്‍ തെറ്റുപറയാനാകുമോ.
സ്വര്‍ണ്ണത്തോടുള്ള അഭിനിവേശവും നമ്മുടെ സംസ്കാരത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള സ്വര്‍ണ്ണമെന്ന വികാരവും കൊണ്ട് പൊന്നുവാങ്ങിയിരുന്ന ഒരു തലമുറയില്‍ നിന്നും ഏറ്റവും മികച്ച നിക്ഷേപങ്ങളിലൊന്നെന്ന് കണ്ട് സ്വര്‍ണ്ണത്തില്‍ കൂടുതല്‍ കാശിറക്കുന്ന തലമുറയിലേക്ക് ഇന്ന് ലോകമെത്തിയിട്ടുണ്ട്. നിക്ഷേപങ്ങള്‍ക്കും സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വത്തിനും മുന്‍ഗണന നല്കുന്ന പുതുതലമുറ സ്വര്‍ണ്ണത്തിന്റെ നിക്ഷേപസാധ്യത തിരിച്ചറിയുകയും ഏറ്റവും മികച്ച രീതിയില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിച്ച് അവരുടെ നിക്ഷേപക പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യുന്നു.
പക്ഷേ നിക്ഷേപമായി സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി, നികുതി, അത് സൂക്ഷിക്കല്‍ എന്നിങ്ങനെ പല നൂലാമാലകളും ഉണ്ട്. നഷ്ടങ്ങള്‍ കുറച്ചുകൊണ്ട്, കയ്യിലുള്ള കാശ്, അത് എത്ര കുറവാണെങ്കിലും അവര്‍ക്ക് എങ്ങനെ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാനാകും? അതിനുള്ള ഏറ്റവും നല്ല വഴിയാണ് ഡിജിറ്റല്‍ ഗോള്‍ഡ്.
എന്താണ് ഡിജിറ്റല്‍ ഗോള്‍ഡ്
യഥാര്‍ത്ഥ സ്വര്‍ണ്ണത്തിന്റെ ഡിജിറ്റല്‍ പതിപ്പെന്ന് ഒറ്റവാചകത്തില്‍ ഡിജിറ്റല്‍ ഗോള്‍ഡിനെ വിശേഷിപ്പിക്കാം. ഭൗതികരൂപത്തിലുള്ള സ്വര്‍ണ്ണം കൈവശം വെക്കാതെ തന്നെ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താനുള്ള ആധുനിക നിക്ഷേപ മാര്‍ഗ്ഗമാണ് ഡിജിറ്റല്‍ ഗോള്‍ഡ്. ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയിലൂടെ ആളുകള്‍ക്ക് ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാനും വില്‍ക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും സാധിക്കും. അതേസമയം കയ്യിലുള്ള ഡിജിറ്റല്‍ ഗോള്ഡിന് ആഭരണമോ കോയിനോ പോലെ ഭൗതിക രൂപത്തിലുള്ള സ്വര്‍ണ്ണത്തിന്റെ വില ലഭിക്കുകയും ചെയ്യും.
സ്വര്‍ണ്ണം വാങ്ങുകയെന്ന നമ്മുടെ ശീലത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെങ്കിലും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുകയെന്നത് താരതമ്യേന പുതിയ ശീലമാണ്. സ്വര്‍ണ്ണനിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഇലക്ട്രോണിക് രീതിയിലുള്ള സ്വര്‍ണ്ണനിക്ഷേപ മാര്‍ഗ്ഗമാണത്.
ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുകയെന്നാല്‍ 99.9 ശതമാനം പരിശുദ്ധമായ (24 കാരറ്റ്) ഭൗതികമായ സ്വര്‍ണ്ണത്തിന്മേല്‍ ഉടമാവകാശം നേടുകയെന്നാണ്. ഇന്റെര്‍നെറ്റ് ബാങ്കിംഗിലൂടെയോ യുപിഐ ഇടപാടിലൂടെയോ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാം. വാങ്ങുന്ന തുകയ്ക്ക് തത്തുല്യമായ സ്വര്‍ണ്ണം സെല്ലര്‍ വാങ്ങുന്നയാള്‍ക്കായി മാറ്റിവെക്കും. അത് സുരക്ഷിതമായി അവരുടെ പേരിലുള്ള വോള്‍ട്ടില്‍ സൂക്ഷിക്കുകയും ചെയ്യും. അത് വില്ക്കുകയോ പണമായി മാറ്റുകയോ ഭൗതിക സ്വര്‍ണ്ണമായി തന്നെ വാങ്ങുകയോ ചെയ്യാം.
ഇന്ത്യയില്‍ നിരവധി ഫിന്‍ടെക് ആപ്പുകളും ഡിജിറ്റല്‍ വാലറ്റുകളും ബ്രോക്കറേജ് പ്ലാറ്റ്ഫോമുകളും ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപത്തിന് അവസരം നല്‍കുന്നുണ്ട്.
ഡിജിറ്റല്‍ ഗോള്‍ഡിനെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാം
പ്രവര്‍ത്തനരീതി
ഫിന്‍ടെക് ആപ്പ്, ബ്രോക്കര്‍, വാലറ്റ് തുടങ്ങി ഏത് ഡിജിറ്റല്‍ ഗോള്‍ഡ് പ്ലാറ്റ്ഫോമിനും ഭൗതിക സ്വര്‍ണ്ണം സൂക്ഷിക്കുന്നതിന് വിശ്വസ്തരായ പങ്കാളി, അഥവാ വോള്ട്ടിംഗ് കമ്പനി ഉണ്ടായിരിക്കും. ഇവര്‍ ഭൗതികമായ സ്വര്‍ണ്ണം സുരക്ഷിതമായ, ഇന്‍ഷുര്‍ ചെയ്ക വോള്‍ട്ടുകളില്‍ സൂക്ഷിക്കും. ഇത് മൂന്നാംകക്ഷി മുഖേന ഓഡിറ്റ് ചെയ്യപ്പെടും. ചില പ്ലാറ്റ്ഫോമുകള് പ്രാദേശികമായി ഈ സ്വര്‍ണ്ണം സൂക്ഷിക്കുമ്പോള്‍ ചില പ്ലാറ്റ്ഫോമുകള് ഗ്ലോബല്‍ വോള്‍ട്ടുകളില്‍ സ്വര്‍ണ്ണം സൂക്ഷിക്കുകയോ ബാറുകള്‍ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നു.
എത്ര കുറച്ചും വാങ്ങാം
ഭൗതികമായി സ്വര്‍ണ്ണം വാങ്ങുമ്പോള്‍ അതിന്റെ തൂക്കം പ്രശ്നമാകുന്നത് പോലെ ഡിജിറ്റല്‍ ഗോള്ഡിന് തൂക്കം പ്രശ്നമാകില്ല. നമുക്ക് കയ്യിലുള്ള പണം അനുസരിച്ച് എത്ര കുറച്ചും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാം. ഉദാഹരണത്തിന് 0.0001 ഗ്രാം പോലും വാങ്ങാനാകും. ഡിജിറ്റലായി വാങ്ങുന്നത് കൊണ്ട് എത്ര കുറഞ്ഞ തുകയ്ക്കും സ്വര്‍ണ്ണം വാങ്ങാനാകും. ഒരു രൂപയ്ക്കും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാന്‍ കഴിയുന്ന പ്ലാറ്റ്ഫോമുകള് ഉണ്ട്. എത്ര സ്വര്‍ണ്ണമാണ് നിങ്ങള്‍ക്ക് സ്വന്തമായതെന്നും അതിന്റെ കറന്‍സി മൂല്യവും പ്ലാറ്റ്ഫോമില്‍ കാണാനാകും.
വില കണക്കാക്കുന്ന രീതി
ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുന്നതിന്റെയും വില്‍ക്കുന്നതിന്റെയും വില കണക്കാക്കുന്ന രീതി അല്‍പ്പം വ്യത്യസ്തമാണ്. തത്സമയ അന്താരാഷ്ട്ര/ പ്രാദേശിക വില നിലവാരം അനുസരിച്ചാണ് ഡിജിറ്റല്‍ ഗോള്‍ഡിന്റെ വില നിശ്ചയിക്കുന്നത്. കറന്‍സി, പരിശുദ്ധി, പ്ലാറ്റ്ഫോം എന്നിവ അനുസരിച്ച് വിലയില്‍ ചെറിയ മാറ്റങ്ങളുണ്ടാകാം. ചില പ്ലാറ്റ്ഫോമുകളില്‍ സര്‍വ്വീസ് ചാര്‍ജുകളോ സ്വര്‍ണ്ണം സൂക്ഷിക്കുന്നതിനുള്ള ചാര്‍ജോ ഉണ്ടാകും. എന്നാല്‍ ചില പ്ലാറ്റ്ഫോമുകളില്‍ അവ ഉണ്ടാകണമെന്നില്ല.
ഡിജിറ്റല്‍ ഗോള്‍ഡ് പണമാക്കുന്നതെങ്ങനെ
മിക്ക പ്ലാറ്റ്ഫോമുകൡലും ഡിജിറ്റല്‍ ഗോള്‍ഡ് വിപണി വില നിലവാരം അനുസരിച്ച് വില്‍ക്കാനോ തത്തുല്യമായ പണമാക്കി മാറ്റാനോ സാധിക്കും. ചില പ്ലാറ്റ്ഫോമുകള് ഭൗതിക സ്വര്‍ണ്ണമായി അവ വാങ്ങാനും അവസരം നല്‍കും. അതിനായി ചിലപ്പോള്‍ ഡെലിവറി ചാര്‍ജ്, പണിക്കൂലി എന്നിവ നല്‍കേണ്ടിവന്നേക്കാം.
ഓഡിറ്റ്
വിശ്വസ്തരായ പ്ലാറ്റ്ഫോമുകള് ഡിജിറ്റല്‍ സ്വര്‍ണ്ണത്തിന് തുല്യമായ ഭൗതിക സ്വര്‍ണ്ണം വോള്‍ട്ടില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതിനുള്ള ഓഡിറ്റുകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. നിക്ഷേപകര്‍ എപ്പോഴും ഇത് സംബന്ധിച്ച സുതാര്യത ഉറപ്പുവരുത്തുകയും പ്ലാറ്റ്ഫോമിന്റെയും വോള്‍ട്ട് പങ്കാളികളുടെയും ആധികാരികത ഉറപ്പാക്കുകയും ചെയ്യണം.
ഭൗതിക സ്വര്‍ണ്ണത്തെ അപേക്ഷിച്ച് ഡിജിറ്റല്‍ ഗോള്‍ഡിന്റെ മേന്മകള്
ആഭരണം, ബാറുകള്‍, കോയിനുകള്‍ തുടങ്ങി ഭൗതികമായ സ്വര്‍ണ്ണത്തെ അപേക്ഷിച്ച് ഡിജിറ്റല്‍ ഗോള്ഡിന് നിരവധി മേന്മകളുണ്ട്.
എത്ര കുറഞ്ഞ തുകയ്ക്കും വാങ്ങാം
ഒരു പവനോ അരപ്പവനോ അല്ലെങ്കില്‍ ഗ്രാം കണക്കിലോ സ്വര്‍ണ്ണം വാങ്ങുന്നതിന് കാശ് സ്വരുക്കൂട്ടി വെക്കേണ്ട ആവശ്യം ഇവിടെയില്ല. വളരെ കുറഞ്ഞ തുകയ്ക്ക് അതിന് തുല്യമായ തൂക്കത്തില്‍ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാം. പണത്തിന്റെ അതിര്‍വരമ്പില്ലാതെ ആര്‍ക്കും സ്വര്‍ണ്ണം വാങ്ങാന്‍ സാധിക്കുന്ന മികച്ചൊരു ആശയം കൂടിയാണ് ഡിജിറ്റല്‍ ഗോള്‍ഡ്.
ലളിതമായ ഇടപാട്
ഒരു സ്മാര്‍ട്ട്ഫോണോ കംപ്യൂട്ടറോ ഉണ്ടെങ്കില്‍ ഓണ്‍ലൈനായി എപ്പോള്‍ വേണമെങ്കിലും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാം. അതിനായി ജ്വല്ലറിയിലോ പോകേണ്ട കാര്യമോ, പരിശുദ്ധിയെ കുറിച്ച് ഭയക്കേണ്ടതോ ഇല്ല. തത്സമയ വില സുതാര്യത ഉറപ്പാക്കുന്നു. സ്വര്‍ണ്ണം കയ്യില്‍ വാങ്ങിക്കുകയോ കൊണ്ടുനടക്കുകയോ ചെയ്യേണ്ടതില്ല.
സൂക്ഷിക്കുന്നതിനെ കുറിച്ചുള്ള ആശങ്ക വേണ്ട
സ്വര്‍ണ്ണത്തിന് വില കത്തിക്കയറുമ്പോള്‍ വീട്ടില്‍ സ്വര്‍ണ്ണം സൂക്ഷിക്കാന്‍ ആര്‍ക്കും അത്ര ധൈര്യമുണ്ടാകില്ല. മോഷണം മാത്രമല്ല, സ്വര്‍ണ്ണം കളഞ്ഞുപോകാനും കേടുപാട് സംഭവിക്കാനും സാധ്യതകളുണ്ട്. ബാങ്ക് ലോക്കറിനും വീട്ടില്‍ ലോക്കര്‍ വെക്കാനും പണം ചിലവാണ്. ഡിജിറ്റല്‍ ഗോള്‍ഡില്‍ അത്തരം ആശങ്കകളൊന്നും വേണ്ട. നമുക്കായി അതീവ സുരക്ഷയുള്ള ലോക്കറുകളിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരിക്കുക. ലോക്കര്‍ വാടക കൊടുക്കേണ്ടതില്ല, ഇന്‍ഷുറന്‍സും വേണ്ടതില്ല.
പരിശുദ്ധി
മിക്ക ജ്വല്ലറികളും സ്വര്‍ണ്ണം വാങ്ങുമ്പോള്‍ ഉയര്‍ന്ന പണിക്കൂലി ഈടാക്കും. പണിക്കൂലി കയ്യില്‍ നിന്നും വെറുതെ പോകുന്ന പണമാണ്. മാത്രമല്ല, സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ലോഹക്കൂട്ടില്‍ അതിന്റെ പരിശുദ്ധി കുറയ്ക്കുന്ന ഘടകങ്ങളും അടങ്ങാനിടയുണ്ട്. എന്നാല്‍ ഡിജിറ്റല്‍ ഗോള്‍ഡ് 99.9 ശതമാനം പരിശുദ്ധമായ സ്വര്‍ണ്ണമാണ് ഉറപ്പുനല്‍കുന്നത്. ഇതിന് പണിക്കൂലി നല്‍കേണ്ടിവരുന്നില്ല.
വില്‍ക്കാനുള്ള എളുപ്പം
പണത്തിന് ആവശ്യം വരുമ്പോള്‍ ഡിജിറ്റല്‍ ഗോള്‍ഡ് എളുപ്പത്തില്‍ വിറ്റ് പണമാക്കാം. വാങ്ങിയ അതേ പ്ലാറ്റ്ഫോമില്‍ വില്‍ക്കാനുള്ള സൗകര്യവും ഉണ്ടാകും. പണം അപ്പോള്‍ത്തന്നെ അക്കൗണ്ടിലെത്തുകയും ചെയ്യും. ചില പ്ലറ്റ്ഫോമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തനനിരതമായിരിക്കും.
റിസ്കുകള്‍, വെല്ലുവിളികള്‍
ഭൗതികമായ സ്വര്‍ണ്ണത്തെ അപേക്ഷിച്ച് ഡിജിറ്റല്‍ ഗോള്ഡിന് നിരവധി മേന്മകള് ഉണ്ടെങ്കിലും ചില അപകടസാധ്യകകളും പരിമിതികളും ഉണ്ട്. അതുകൂടി കണക്കിലെടുത്തേ നിക്ഷേപം നടത്താവൂ.
പല സ്ഥലങ്ങളിലും ഡിജിറ്റല്‍ ഗോള്ഡിന് മേല്‍ കൃത്യമായ നിയന്ത്രണങ്ങളോ ക്രമീകരണങ്ങളോ ഇല്ല. ഇന്ത്യയില്‍ ഡിജിറ്റല്‍ ഗോള്‍ഡ് സെബിക്കോ ആര്‍ബിഐ ചട്ടക്കൂടിന് കീഴിലോ അല്ല. ശക്തമായ നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം ഡിജിറ്റല്‍ ഗോള്‍ഡിലെ ഏറ്റവും വലിയ റിസ്കാണ്. നിക്ഷേപം നടത്തുന്ന പ്ലാറ്റ്ഫോം പരാജയപ്പെടുകയോ നടത്തിപ്പ് പ്രശ്നമാകുകയോ ചെയ്താല്‍ നിക്ഷേപകനാണ് പണം നഷ്ടമാകുക.
ആധികാരികമായ, വിശ്വസ്തമായ പ്ലാറ്റ്ഫോമില്‍ സ്വര്‍ണ്ണം നിക്ഷേപിച്ചാലും സ്വര്‍ണ്ണം സൂക്ഷിക്കുന്നവര്‍ കള്ളത്തരം കാണിച്ചാല്‍ നഷ്ടം ഉണ്ടാകാം. ചില പ്ലാറ്റ്ഫോമുകളില്‍ സ്വര്‍ണ്ണം വില്ക്കാന് നിയന്ത്രണങ്ങള്‍ വെക്കാറുണ്ട്. അതേ പ്ലാറ്റ്ഫോമില്‍ സ്വര്‍ണ്ണം വില്ക്കാനേ ചില പ്ലാറ്റ്ഫോമുകള് സമ്മതിക്കൂ. എല്ലാ ഡിജിറ്റല്‍ ആസ്തികളിലും ഉള്ളതുപോലെ സൈബര്‍ സെക്യൂരിറ്റി, ഹാക്കിംഗ് എന്നിവയും വെല്ലുവിളികളാണ്.
ജിഎസ്ടി, മറ്റ് നികുതി, സൂക്ഷിക്കുന്നതിനുള്ള ചാര്‍ജ്, ഭൗതിക സ്വര്‍ണ്ണമായി മാറ്റുമ്പോഴുള്ള ചാര്‍ജ് എന്നിവയും ഡിജിറ്റല്‍ ഗോള്‍ഡിന്മേലുള്ള ചിലവുകളാണ്. മാത്രമല്ല, വിപണി വില അനുസരിച്ച് ഡിജിറ്റല്‍ ഗോള്‍ഡിന്റെ വിലയിലും വ്യത്യാസം വരാം.
നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിക്ഷേപ ലക്ഷ്യം
എത്രകാലത്തേക്കുള്ള നിക്ഷേപമാണെന്ന കാര്യം തീരുമാനിക്കുക. ഹ്രസ്വകാലം മുതല്‍ക്ക് 3 വര്‍ഷം വരെയുള്ള നിക്ഷേപമാണ് ആലോചിക്കുന്നതെങ്കില്‍ ഡിജിറ്റല്‍ ഗോള്‍ഡ് നല്ല ഓപ്ഷനാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് മറ്റ് മികച്ച നിക്ഷേപ ഓപ്ഷനുകള്‍ കൂടി കണക്കിലെടുക്കുക.
വൈവിധ്യവല്‍ക്കരണം
മൊത്തം നിക്ഷേപത്തിന്റെ 5-10 ശതമാനം സ്വര്‍ണ്ണ നിക്ഷേപത്തിനായി നീക്കിവെക്കാനാണ് സാമ്പത്തിക വിദഗ്ധര്‍ ഉപദേശിക്കുന്നത്.
മികച്ച പ്ലാറ്റ്ഫോമുകള് തിരഞ്ഞെടുക്കുക
സ്വര്‍ണ്ണവില, ചിലവുകള്‍, ഓഡിറ്റ്, വോള്‍ട്ട് പങ്കാളികള്‍ എന്നിവയില്‍ സുതാര്യതയും ആധികാരികതയും ഉള്ള പ്ലാറ്റ്ഫോമുകള് തിരഞ്ഞെടുക്കുക.
ഫീസ് നോക്കുക
സ്വര്‍ണ്ണം വാങ്ങുന്നതിനും വില്ക്കുന്നതിനുമടക്കം എന്തെല്ലാം ചിലവുകള്‍ അധികമായി വരുമെന്ന് നോക്കുക. സ്വര്‍ണ്ണം സൂക്ഷിക്കുന്നതിന് എത്ര ചാര്‍ജ് ഈടാക്കുന്നു, വിനിമയച്ചിലവ് എത്ര, ജിഎസ്ടി, മറ്റ് ചാര്‍ജുകള്‍ എന്നിവ ആദ്യമേ സ്ഥിരീകരിക്കുക.
നികുതി
സ്വര്‍ണ്ണ നിക്ഷേപവുമായി ബന്ധപ്പെട്ട നികുതി നിയമങ്ങള്‍, ഇറക്കുമതി തീരുവ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച നിക്ഷേപ സാധ്യത തന്നെയാണ് ഡിജിറ്റല്‍ ഗോള്‍ഡ്. ഓണ്‍ലൈനായി, ലളിതമായി, എത്ര കുറഞ്ഞ തുകയ്ക്കും സ്വര്‍ണ്ണം വാങ്ങാമെന്നതാണ് ഇവിടെ നേട്ടം. വരുമാനത്തില്‍ കുറച്ചുതുക മാത്രം മിച്ചം പിടിക്കാനാകുന്ന നിക്ഷേപകരെ സംബന്ധിച്ചെടുത്തോളം വലിയ ആശ്വാസമാണിത്. മോഷണം, നഷ്ടപ്പെടല്‍ എന്നിവ ഭയക്കാതെ, അതീവ സുരക്ഷയില്‍ സ്വര്‍ണ്ണം കാത്തുസൂക്ഷിക്കാമെന്നതും ഡിജിറ്റല്‍ ഗോള്‍ഡിന്റെ ഗുണമാണ്. പെട്ടെന്ന് വില്‍ക്കാനുള്ള സൗകര്യം, സുതാര്യത, താരതമ്യേന കുറഞ്ഞ സര്‍വ്വീസ് ചാര്‍ജ് എന്നിവയും ഭൗതികമായ സ്വര്‍ണ്ണത്തെ അപേക്ഷിച്ച് ഡിജിറ്റല്‍ ഗോള്‍ഡിനുള്ള മേന്മകളാണ്.
എന്നാല്‍ വളരെ കരുതലോടെ നടത്തേണ്ട നിക്ഷേപം കൂടിയാണിത്. ശക്തമായ നിയന്ത്രണ ചട്ടക്കൂടിന്റെ അഭാവത്തില്‍ പല റിസ്കുകളും ഡിജിറ്റല്‍ ഗോള്‍ഡിനുണ്ട്. അറിയാത്ത സര്‍വീസ് ചാര്‍ജുകളും നിരക്കുകളും ജിഎസ്ടി അടക്കമുള്ള നികുതികളും ഉണ്ടാകാമെന്നതിനാല്‍ വളരെ ശ്രദ്ധയോടെ ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപം നടത്തുക.