ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 65 ആണ് എന്നതാണ് കമ്പനി നയമെങ്കിലും ആ നയത്തെ മറികടന്ന് എന്‍ ചന്ദ്രശേഖരന് ചെയര്‍മാനായി മൂന്നാം ഊഴം നല്കാന് ടാറ്റ ടണ്‍സ് ബോര്‍ഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതാദ്യമായാണ് ടാറ്റ ഗ്രൂപ്പിന്റെ വിരമിക്കല്‍ നയങ്ങള്‍ മറികടന്ന് ഒരാള്‍ സ്ഥാനത്ത് തുടരുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചെയര്മാന് സ്ഥാനത്തുള്ള ചന്ദ്രശേഖരന്റെ രണ്ടൂമൂഴം 2027 ഫെബ്രുവരിയില്‍ ആണ് അവസാനിക്കുക. അപ്പോള്‍ 65 വയസ്സായിരിക്കും അദ്ദേഹത്തിന്. ടാറ്റയുടെ വിരമിക്കല്‍ നയം അനുസരിച്ച് എക്സിക്യുട്ടീവ് പദവികളില്‍ ഇരിക്കുന്നവരുടെ വിരമിക്കല്‍ പ്രായം 65 ആണ്, അതേസമയം എക്സിക്യുട്ടീവ് ഇതര പദവികളില്‍ ഇരിക്കുന്നവര്‍ക്ക് 70 വയസ്സുവരെ തങ്ങളുടെ സ്ഥാനത്ത് തുടരാനാകും.
പുതിയ തീരുമാനം അനുസരിച്ച് 2032 വരെ ചന്ദ്രശേഖരന് ചെയര്മാന് സ്ഥാനത്തുണ്ടാകും എന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ മൂന്നാം ഈഴം അവസാനിക്കുന്ന സമയത്ത് അദ്ദേഹത്തിന് 70 വയസ്സായിരിക്കും. ടാറ്റ സണ്‍സില്‍ 66 ശതമാനം അവകാശമുള്ള ടാറ്റ ട്രസ്റ്റ് അംഗങ്ങള്‍ ചന്ദ്രശേഖരന് ചെയര്മാന് സ്ഥാനത്ത് തുടരുന്നതിനെ അംഗീകരിച്ചു. അതേസമയം വെള്ളിയാഴ്ച നടന്ന ടാറ്റ ട്രസ്റ്റ് ബോര്‍ഡ് യോഗത്തിലല്ല ഈ തീരുമാനം ഉണ്ടായതെന്നാണ് സൂചന.
ടാറ്റ ട്രസ്റ്റ് നേതൃത്വം സംബന്ധിച്ച പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയില്‍ നോയല്‍ ടാറ്റയും എന്‍ ചന്ദ്രശേഖരനും കേന്ദ്രമന്ത്രിമാരായ അമിത് ഷായും നിര്‍മ്മല സീതാരാമനും ഉള്‍പ്പടെയുള്ളവര്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു.
2016 ഒക്ടോബറിലാണ് ചന്ദ്രശേഖരന് ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകുന്നത്. 2017 ജനുവരില്‍ ചെയര്‍മാനായി.