പഠിത്തമില്ലെങ്കില് നല്ല ജോലി കിട്ടില്ലെന്നായിരുന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്. ഏറ്റവും നന്നായി പഠിച്ച്, നല്ല കോളെജില്‍ അഡ്മിഷന് വാങ്ങി, ഉയര്‍ന്ന വിദ്യാഭ്യാസം നേടിയാല്‍ ഏറ്റവും നല്ല ജോലിക്കുള്ള യോഗ്യതയായി. പക്ഷേ അത് പണ്ട്, കോളെജ് ഡിഗ്രിയിലൊന്നും വലിയ കാര്യമില്ലെന്നാണ് ഇന്നത്തെ പറച്ചില്. അതിപ്പോള്‍ ലോകത്തിലെ തന്നെ എത്ര പേരുകേട്ട സര്‍വ്വകലാശാലയാണെന്ന് പറഞ്ഞാലും നല്ല ജോലി കിട്ടണമെന്നില്ല, ആറക്ക ശമ്പളവും ഉന്നത പദവിയും വേണമെങ്കില്‍ ഇനിയങ്ങോട്ട് വേണ്ടത് മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും അതിനൊത്ത് പരുവപ്പെടാനുമുള്ള കഴിവാണ്, Adaptability.
- കോളെജ് ഡിഗ്രി ചോദ്യം ചെയ്യപ്പെടുമ്പോള്‍
- കഴിവുണ്ടെങ്കില്‍ ലോകം ഒപ്പം നില്ക്കും
- ജെന്‍ സി നേരിടുന്ന വെല്ലുവിളികള്‍
- എന്‍ട്രി ലെവല്‍ അവസരങ്ങള്‍ കുറയുന്നു
- മത്സരം
- വൈദഗ്ധ്യക്കുറവ്
- മാനസികാരോഗ്യം
- പ്രതീക്ഷയും യാഥാര്‍ത്ഥ്യവും ഇരുധ്രുവങ്ങളില്‍
- സാങ്കേതികവിദ്യയിലെ മാറ്റം
- ബന്ധങ്ങളുടെ കുറവ്
- ജീവിതച്ചിലവ്
- ചാഞ്ചാട്ടം
- ജോലിയില്‍ തിളങ്ങാന്‍ Gen Z ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
- പൊരുത്തപ്പെടല്‍
- നിരന്തര പഠനം
- പുരോഗമന ചിന്താഗതി
- സാങ്കേതിക അറിവ്
- പ്രശ്നപരിഹാര ശേഷി
- ബുദ്ധി മാത്രം പോര
ഫാന്‍സി ഡിഗ്രികള്‍ ഉള്ളതുകൊണ്ടോ ഏറ്റവും നല്ല കോളെജില്‍ പഠിച്ചു എന്നതുകൊണ്ടോ ഇനിയുള്ള കാലം നല്ലൊരു ജോലി നേടാന്‍ കഴിഞ്ഞെന്നുവരില്ലെന്ന് പറഞ്ഞത് ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലന്വേഷക പ്ലാറ്റ്ഫോമുകളിലൊന്നായ ലിങ്ക്ഡ്ഇന്നിന്റെ സിഇഒ റയാന് റോസ്ലന്സ്കിയാണ്. കയ്യിലുള്ള ബിരുദങ്ങളായിരിക്കില്ല, കഴിവുകളായിരിക്കും ഇനിയങ്ങോട്ട് തൊഴിലിടങ്ങളില്‍ പരിഗണിക്കപ്പെടുകയെന്നും അദ്ദേഹം ജെന്‍ സിയെ (1997നും 2012നും ഇടയില്‍ ജനിച്ചവര്‍) ഓര്‍മ്മപ്പെടുത്തുന്നു. ജെന്‍ സിയെന്ന് വിളിക്കപ്പെടുന്ന ഒരു തലമുറ ഇതിനകം തൊഴിലിടത്തില്‍ എത്തുകയോ അല്ലെങ്കില്‍ ജോലിക്കായി തയ്യാറെടുക്കുകയോ ചെയ്യുന്നവരാണ്. അവര്‍ അറിഞ്ഞിരിക്കേണ്ട, തൊഴിലിടത്തില്‍ അവരെ പ്രാപ്തരാക്കുന്ന ചില കാര്യങ്ങള്‍ അറിയാം.
കോളെജ് ഡിഗ്രി ചോദ്യം ചെയ്യപ്പെടുമ്പോള്‍
ഇതാദ്യമായല്ല കോളെജ് വിദ്യാഭ്യാസവും ഡിഗ്രികളും ചോദ്യം ചെയ്യപ്പെടുന്നത്. ഇന്ന് ലോകത്തെ അടക്കിവാഴുന്ന സാങ്കേതികവിദ്യകള്‍ പുറത്തിറക്കിയ ടെക് കമ്പനികളുടെ തലപ്പത്തിരിക്കുന്ന പലയാളുകളും കോളെജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരല്ല. നമുക്ക് ഏറെ സുപരിചിതനായ മെറ്റയുടെ (ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃകമ്പനി) സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കാര്യമെടുക്കാം. സക്കര്‍ബര്‍ഗ് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ ചേര്ന്നുവെന്നുവെങ്കിലും പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. കോളെജ് ഡിഗ്രിയുടെ മൂല്യത്തെ പലപ്പോഴും സക്കര്‍ബര്‍ഗ് ചോദ്യം ചെയ്തിട്ടുമുണ്ട്. യഥാര്‍ത്ഥത്തില്‍ പരമ്പരാഗത വിദ്യാഭ്യാസം വിദ്യാര്‍ത്ഥികളെ ആധുനിക തൊഴിലിടങ്ങള്‍ക്ക് വേണ്ടി ഒരുക്കുന്നുണ്ടോ എന്നതാണ് സക്കര്‍ബര്‍ഗിന്റെ ചോദ്യം. എല്ലാവരും കോളെജില്‍ പോകേണ്ടതില്ല എന്ന ചിന്തിക്കുന്ന ഒരു കാലം വിദൂരമല്ലെന്നും പല ജോലികള്‍ക്കും കോളെജ് വിദ്യാഭ്യാസം ഒരു മാനദണ്ഡമായിരിക്കില്ലെന്നും സക്കര്‍ബര്‍ഗ് കരുതുന്നു. അപ്പോള്‍പ്പിന്നെ എന്താണ് തൊഴിലിടത്തില്‍ ജെന്‍ സിയ്ക്ക് വേണ്ടത്. മാറ്റത്തെ ഉള്‍ക്കൊള്ളാനുള്ള കഴിവ്, പുരോഗമനപരമായ ചിന്താഗതി, പഠിക്കാനുള്ള മനസ്സ്, പുതിയ ടൂളുകള്‍ പരീക്ഷിക്കാനും ഉപയോഗിക്കാനുമുള്ള ഒരുക്കം എന്നിവയുള്ളവര്‍ക്കാണ് ഇനിയങ്ങോട്ട് തൊഴിലിടങ്ങളില്‍ ശോഭിക്കാനാകൂ എന്ന് റോസ്ലന്സ്കി അഭിപ്രായപ്പെടുന്നു.
കഴിവുണ്ടെങ്കില്‍ ലോകം ഒപ്പം നില്ക്കും
ലോകത്ത് സോഷ്യല്‍മീഡിയ വിപ്ലവമുണ്ടാക്കിയ സക്കര്‍ബര്‍ഗ് മാത്രമല്ല, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, ചാറ്റ്ജിപിടിയിലൂടെ ലോകമറിഞ്ഞ ഓപ്പണ്‍എഐയുടെ സിഇഒ സാം ഓള്ട്ട്മാന്, ട്വിറ്ററിന്റെയും ബ്ലോക്കിന്റെയും ശില്‍പ്പി ജാക്ക് ഡോര്‍സി, ഫിഗ്മ സിഇഒ ഡൈലാന്‍ ഫീല്‍ഡ് തുടങ്ങിവര്‍ക്കും പരമ്പരാഗത രീതിയിലുള്ള ഡിഗ്രിയില്ല. വലിയ സര്‍വ്വകലാശാലകളില്‍ പോയി ബിരുദമെടുത്തതില് പശ്ചാത്തപിക്കുന്നവരുമുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന്റെ സിഇഒ ബില്‍ വിന്റേഴ്സ് അങ്ങനെയൊരാളാണ്. പെന്‍സില്‍വേനിയ സര്‍വ്വകലാശാലയിലെ വാര്‍ട്ടണ്‍ സ്കൂളില്‍ നിന്നും എംബിഎ എടുത്ത് വെറുതെ സമയം കളഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. സാമ്പത്തിക മേഖലയിലെ എഐയുടെ കടന്നുകയറ്റത്തോടെ അതുവരെ നേടിയ അറിവുകളെല്ലാം അപ്രസക്തമായെന്നതാണ് അദ്ദേഹം പറയുന്ന പോയിന്റ്. ലോകമറിയപ്പെടുന്ന നിക്ഷേപകനും ബെര്ക്ഷെയര് ഹാത്തവേയുടെ മേധാവിയുമായിരുന്ന വാറന്‍ ബഫറ്റ് പോലും വിദ്യാഭ്യാസത്തേക്കാള്‍ പ്രകടനത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന അഭിപ്രായക്കാരനാണ്. സിഇഒമാരെ തിരഞ്ഞെടുക്കുമ്പോള്‍ താനൊരിക്കലും അവര്‍ എവിടെയാണ് പഠിച്ചതെന്ന് നോക്കിയിട്ടില്ലെന്ന് ഒരിക്കല്‍ ബഫറ്റ് പറഞ്ഞിട്ടുണ്ട്.
ജെന്‍ സി നേരിടുന്ന വെല്ലുവിളികള്‍
അടുത്തിടെ നടന്ന ചില പഠനങ്ങളും സര്‍വ്വേകളും അനുസരിച്ച് ജെന്‍ സി തൊഴിലിടങ്ങളില്‍ നേരിടുന്ന ചില പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് നോക്കാം.
എന്‍ട്രി ലെവല്‍ അവസരങ്ങള്‍ കുറയുന്നു
തുടക്കക്കാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ കുറയുന്നുവെന്നത് ജെന്‍ സി നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ്. തങ്ങളുടെ കരിയര്‍ സ്വപ്നങ്ങളുമായി ഒത്തുപോകുന്ന ഒരു ജോലിയിലൂടെയല്ല പലരും തൊഴില്‍ ലോകത്തേക്ക് എത്തിപ്പെടുന്നത്. സാമ്പത്തിക മാന്ദ്യം, ഓട്ടോമേഷന്‍ എന്നിവ മൂലം പല തൊളില്ദാതാക്കളും ജൂനിയര്‍ തസ്തികകളില്‍ പോലും അനുഭവപരിചയം ഉള്ളവരെയാണ് ജോലിക്കെടുക്കുന്നത്. മാത്രമല്ല കടുത്ത മത്സരവും ഇവര്‍ നേരിടേണ്ടിവരുന്നു. അതുകൊണ്ട് ജോലിക്ക് കയറാനും അനുഭവപരിചയം നേടാനും കാലതാമസം നേരിടുന്നു. മാത്രമല്ല, ചിലര്‍ക്ക് അവരുടെ ദീര്‍ഘകാല ലക്ഷ്യവുമായി ഒത്തുപോകാത്ത ജോലിയില്‍ കയറേണ്ടതായും വരുന്നു.
മത്സരം
പണ്ടുകാലങ്ങളില്‍ നിന്നും വിഭിന്നമായി ഉന്നതവിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം വളരെയധികമായതിനാല്‍ എടുത്തുപറയത്തക്ക യോഗ്യതയോ കഴിവുകളോ അനുഭവപരിചയങ്ങളോ ഉള്ളവര്‍ക്കായിരിക്കും തൊഴില്‍രംഗത്ത് മുന്‍ഗണന ലഭിക്കുക. കുറച്ച് അവസരങ്ങളും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളും എന്ന സ്ഥിതിവിശേഷത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ അക്കാദമിക യോഗ്യതകള്‍ക്ക് പുറമേ മറ്റ് കഴിവുകള്‍ കൂടി തൊഴില്‍ദാതാക്കള്‍ പരിഗണിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ അവസ്ഥ കാരണം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്കായി കൂടുതല്‍ കാലം കാത്തിരിക്കേണ്ട സ്ഥിതിയുണ്ടാകുന്നു. പാര്‍ട്ട് ടൈം ജോലികളിലോ താത്കാലിക ജോലികളിലോ കയറേണ്ടതായും വരുന്നു.
വൈദഗ്ധ്യക്കുറവ്
ടീംവര്‍ക്ക്, ആശയവിനിമയം, നേതൃമികവ് എന്നീ കാര്യങ്ങളില്‍ ജെന്‍ സി പിന്നിലാണെന്നാണ് തൊഴില്‍ദാതാക്കള്‍ പറയുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രായോഗിക ജ്ഞാനത്തേക്കാള്‍ തിയറിക്ക് മുന്‍ഗണന നല്‍കുന്നതാണ് അങ്ങനെയൊരു അവസ്ഥയ്ക്ക് കാരണമാകുന്നത്. കൂടാതെ, റിമോട്ടായും(ഓഫീസില്‍ നേരിട്ടെത്താതെ) ഹൈബ്രിഡായും (കുറച്ചുദിവസം തൊഴിലിടത്തും കുറച്ചുദിവസം അല്ലാതെയും ) ജോലിചെയ്യുന്ന രീതിയും ജീവനക്കാരുടെ ആശയവിനിമയ ശേഷിയെ ബാധിക്കുന്നുണ്ട്. ഈ മേഖലകളില്‍ തൊഴില്‍ദാതാക്കള്‍ വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നതും ജെന്‍ സിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
മാനസികാരോഗ്യം
ജെന്‍ സിക്കാര്‍ തൊഴില്‍സമ്മര്‍ദ്ദം കൂടുതലായി നേരിടുന്നു. സ്വന്തം പ്രതീക്ഷകളും സമൂഹം ഇവരിലര്പ്പിക്കുന്ന പ്രതീക്ഷകളും താരതമ്യങ്ങളും തൊഴിലിടത്തെ അസ്ഥിരതയും തൊഴില്‍രീതികളും ജെന്‍ സിയുടെ മാനസികാരോഗ്യത്തിന് വെല്ലുവിളിയാകുന്നു. മാനസിക സമ്മര്‍ദ്ദവും തൊഴിലിടങ്ങളിലെ മടുപ്പും കാരണം ജെന്‍ സിയ്ക്ക് പലപ്പോഴും ജോലിയില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സാധിക്കാറില്ല. ഇത് അവരുടെ കരിയര്‍ വളര്‍ച്ചയെയും സ്ഥിരതയെയും ദോഷകരമായി ബാധിക്കുന്നു.
പ്രതീക്ഷയും യാഥാര്‍ത്ഥ്യവും ഇരുധ്രുവങ്ങളില്‍
സാമൂഹികമായും വ്യക്തിപരമായും ചില മൂല്യങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ് ജെന്‍ സി. പക്ഷേ പലപ്പോഴും തൊഴിലിടങ്ങളില്‍ ഇവ ലംഘിക്കപ്പെടുന്നു. അതുകൊണ്ട് അവസരം കിട്ടിയാല്‍ ജോലി വിടാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. സോഷ്യല്‍മീഡിയ, ആക്ടിവിസം എന്നിവയെല്ലാം ജെന്‍ സിയുടെ സാംസ്കാരിക പശ്ചാത്തലത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. അവരുടെ മൂല്യങ്ങള്‍ പലതും അതില്‍ നിന്നും ഉരിത്തിരിഞ്ഞവയാണ്. തങ്ങളുടെ മൂല്യങ്ങളുമായി ഒത്തുപോകുന്ന തൊഴിലിടമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം പലപ്പോഴും വിഭിന്നമാകാം. പ്രതീക്ഷകള്‍ പാലിക്കപ്പെടാതെ വരുമ്പോള്‍ അവരില്‍ നിരാശ നിറയും.
സാങ്കേതികവിദ്യയിലെ മാറ്റം
എന്‍ട്രി ലെവലിലെ പല ജോലികളും ഇന്ന് യന്ത്രങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ചില ജോലികളുടെ സ്വഭാവം തന്നെ മാറി. ഈ സാഹചര്യത്തില്‍ നിരന്തരമായി തങ്ങളുടെ ശേഷി മെച്ചപ്പെടുത്താനും മാറിക്കൊണ്ടിരിക്കാനും ജെന്‍ സി നിര്‍ബന്ധിതരാകുന്നു. സാങ്കേതികവിദ്യകളിലുണ്ടാകുന്ന മാറ്റം, എഐ, ഓട്ടോമേഷന്‍, ബിസിനസുകളിലെ മാറ്റം, പുതിയ ടൂളുകള്‍ തുടങ്ങി അതിവേഗ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനനുസരിച്ചുള്ള മാറ്റങ്ങള്‍ പാഠ്യപദ്ധതിയില്‍ വരുത്താനാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വേഗത്തിലുണ്ടാകുന്ന മാറ്റങ്ങളില്‍ പരിശീലനം ലഭിക്കാത്തതും ജോലിസ്ഥലത്തെ ഡിമാന്ഡുകള്ക്കൊത്ത് വളരാന്‍ സാധിക്കാത്തതും ജെന്‍ സിയുടെ തൊഴില്‍ സുരക്ഷയെ ബാധിക്കുന്നു.
ബന്ധങ്ങളുടെ കുറവ്
ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനോ തൊഴില്‍ കാര്യങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കാനോ ആളില്ലാത്ത സ്ഥിതിയും ജെന്‍ സി നേരിടുന്ന വെല്ലുവിളികളിലൊന്നാണ്. റിമോട്ട് ജോലി കാരണം ജീവനക്കാര്‍ക്കിടയിലെ അനൗപചാരിക ഇടപെടലുകള്‍ കുറയുന്നു. നേരിട്ടുള്ള ആശയവിനിമയവും സമ്പര്‍ക്കവും കുറയുന്നതും ജീവനക്കാര്‍ക്ക് പരസ്പരം ആശ്രയിക്കുന്നതിലും സഹായം തേടുന്നതിലും തടസ്സമുണ്ടാക്കുന്നു. ഇത് അവരുടെ കരിയര്‍ വളര്‍ച്ചയെ ബാധിക്കുന്നു.
ജീവിതച്ചിലവ്
ശമ്പളം ജീവിതച്ചിലവുമായി ഒത്തുപോകുന്നില്ല എന്നതും ജെന്‍ സിയുടെ ആശങ്കകളിലൊന്നാണ്. അതുകൊണ്ട് ജീവിതനിലവാരം ആഗ്രഹിച്ച രീതിയില്‍ ഉയര്ത്താനാകുന്നില്ലെന്നതും അവരുടെ പരാതിയാണ്. പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, എന്നിവയ്ക്കുള്ള ചിലവുകള്‍ കൂടുന്നതും പണപ്പെരുപ്പം, വിദ്യാഭ്യാസ വായ്പ തുടങ്ങിയ പ്രശ്നങ്ങളും പല തൊഴില്‍മേഖലകളിലും വേതനം കുറവാണെന്നതും ജെന്‍ സി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്.
ചാഞ്ചാട്ടം
ഒരു ജോലിയില്‍ ഏറെക്കാലം തുടരാനാകുന്നില്ല എന്നതും ജെന്‍ സി അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ഇവര്‍ കരിയറിന്റെ ആദ്യ 5 വര്‍ഷത്തില്‍ ശരാശരി ഒരുവര്‍ഷമാണ് ഒരു ജോലിയില്‍ തുടരുന്നതെന്ന് ചിവ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ നല്ല ജോലി തേടിയോ അല്ലെങ്കില്‍ നിലവിലെ ജോലിയിലെ അതൃപ്തിയോ ആണ് ഇവരെ ജോലിയിലെ ചാഞ്ചാട്ടത്തിന് പ്രേരിപ്പിക്കുന്നത്.
ജോലിയില്‍ തിളങ്ങാന്‍ Gen Z ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
പുതുതലമുറയും യുവാക്കളായ ഉദ്യോഗസ്ഥരും തൊഴിലിടത്തിലെ അഭിവൃദ്ധി ലക്ഷ്യമാക്കി ചില കഴിവുകള്‍ മിനുക്കിയെടുക്കേണ്ടതുണ്ട്. എഐയുടെ കടന്നുകയറ്റം എല്ലാ മേഖലകളിലും വലിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്ന ഈ കാലഘട്ടത്തില്‍ എഐയെ കൂട്ടുപിടിച്ചുള്ള തൊഴില്‍ ഉന്നമനമാകണം ജെന്‍ സി ലക്ഷ്യമിടേണ്ടത്. അതിനായി എന്തെല്ലാം കഴിവുകളിലാണ് അവര്‍ ഊന്നല്‍ നല്‍കേണ്ടതെന്ന് നോക്കാം.
പൊരുത്തപ്പെടല്‍
മാറ്റത്തെ ഉള്‍ക്കൊള്ളാനും അതുമായി താദാത്മ്യം പ്രാപിക്കാനുമുള്ള കഴിവ് വളരെ പ്രധാനമാണ്. പുതിയ ടൂളുകള്‍ പഠിക്കുക, ജോലിസ്ഥലത്തെ മാറ്റത്തിനൊത്ത് സ്വയം പരിഷ്കരിക്കുക എന്നത് നിലനില്‍പ്പിന് നിര്‍ണ്ണായകമാണ്. എത്ര പെട്ടെന്ന് മാറ്റത്തെ ഉള്‍ക്കൊള്ളുന്നോ അവര്‍ക്കേ തൊഴിലില്‍ വളര്‍ച്ചയുണ്ടാകൂ എന്ന് റോസ്ലന്സ്കി പറയുന്നു.
നിരന്തര പഠനം
കോളെജ് ഡിഗ്രിയിലൂടെ നേടുന്ന പഠനം കാലഹരണപ്പെടുന്നതാണെന്നാണ് സക്കര്‍ബര്‍ഗിനെ പോലെയുള്ളവര്‍ പറയുന്നത്. നിരന്തരമായ പഠനം എന്ന ആശയത്തിനാണ് അവര്‍ മുന്‍തൂക്കം നല്‍കുന്നത്. ഓണ്‍ലൈന്‍ കോഴ്സുകളിലൂടെയോ ജോലിസ്ഥലത്തെ പ്രോജക്ടുകളിലൂടെയോ അല്ലെങ്കില്‍ സ്വന്തമായോ നിരന്തരമായി പുതിയ അറിവുകള്‍ നേടാന്‍ ശ്രമിക്കുക. മത്സരങ്ങള്‍ നിറഞ്ഞ ഈ ലോകത്ത് പിടിച്ചുനില്ക്കണമെങ്കില് അത് അത്യാവശ്യമാണ്.
പുരോഗമന ചിന്താഗതി
തൊഴില്‍രംഗത്തും ജോലിയുമായി ബന്ധപ്പെട്ട മേഖലകളിലുമുള്ള ട്രെന്‍ഡുകള്‍ വീക്ഷിക്കുകയും വരാനിടയുള്ള മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട് അതിനായി തയ്യാറെടുക്കുകയും വേണ്ട കഴിവുകള്‍ ആര്‍ജ്ജിക്കുകയും ചെയ്യുന്നവര്‍ക്ക് മുമ്പില്‍ നിരവധി അവസരങ്ങള്‍ ഒരുങ്ങും.
സാങ്കേതിക അറിവ്
സാങ്കേതികമാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുക പ്രത്യേകിച്ച് എഐ ടൂളുകള്‍ മനസ്സിലാക്കുകയും അവ ഉപയോഗിക്കാനുള്ള കഴിവ് നേടുകയും ചെയ്യേണ്ടത് ഇനിയുള്ള കാലം തൊഴില്‍രംഗത്ത് പിടിച്ചുനില്ക്കാന് അനിവാര്യമാണ്. നേരത്തെ ബിരുദാധാരികള്ക്കായി ഉണ്ടായിരുന്ന തൊഴിലുകള്‍ പലതും ഇന്നും ഓട്ടോമേറ്റഡ് ആയിക്കഴിഞ്ഞു. അതിനാല്‍ എഐ സാക്ഷരത ഉണ്ടെങ്കിലേ ഇനിയുള്ള കാലം പിടിച്ചുനില്ക്കാന് സാധിക്കുകയുള്ളു.
പ്രശ്നപരിഹാര ശേഷി
സങ്കീര്‍ണ്ണത നിറഞ്ഞ തൊഴില്‍സാഹചര്യങ്ങളെ നൂതനമായ ആശയങ്ങളും പ്രശ്നപരിഹാരവും കൊണ്ടേ നേരിടാനാകൂ. ഇവിടെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നവര്‍ ശ്രദ്ധിക്കപ്പെടുകയും നേതൃസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും.
ബുദ്ധി മാത്രം പോര
തൊഴിലില്‍ പഴയ സമവാക്യങ്ങളെല്ലാം മാറ്റിയെഴുതാനും പുതിയ ട്രെന്ഡുകളനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും സാധിക്കുന്ന ജെന്‍ സിക്കാര്‍ക്കാണ് കരിയറില്‍ ഉയര്‍ച്ചയുണ്ടാകൂ. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഇനിയങ്ങോട്ട് ഉന്നതമായ പദവികള്‍ ഉറപ്പാക്കില്ല. കോളെജുകളില്‍ നിന്നും ലഭിക്കുന്ന വിദ്യാഭ്യാസം കരിയറിന് അടിത്തറ പാകുന്ന അറിവായി കണക്കാക്കാമെങ്കിലും കരിയര്‍ വിജയം പ്രായോഗികമായ കഴിവുകളെയും മാറ്റത്തെ ഉള്‍ക്കൊണ്ട് മുന്നേറാനുള്ള മനോഭാവത്തെയും ആശ്രയിച്ചിരിക്കുന്നു. ബുദ്ധി മാത്രമല്ല, അതിനൊപ്പം ഏതൊരു സാഹചര്യത്തിനൊപ്പവും ഇണങ്ങിച്ചേരാനുള്ള വഴക്കവും ഉള്ളവര്‍ക്കാണ് ഭാവിയിലെ തൊഴില്രംഗമെന്ന് റോളന്സ്കി പറയുന്നു. ഉന്നത വിദ്യാഭ്യാസമെന്ന തലപ്പാവില്‍ അല്ല പഠിക്കാനും മാറാനും വേണ്ടിടത്ത് കഴിവുകള്‍ പ്രകടിപ്പിക്കാനുമുള്ള ശേഷിയിലാണ് ജെന്‍ സിയുടെ തൊഴില്‍ വിജയം.