ദുബായ് ഇന്റെര്‍നാഷ്ണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ (DIFC) പ്രവര്‍ത്തിക്കുന്ന എച്ച്ഡിഎഫ് ബാങ്കിന്റെ ശാഖയ്ക്ക് ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് അതോറിട്ടി (DFSA)യുടെ വിലക്ക്. പുതിയ ഇടപാടുകാരെ സ്വീകരിക്കുന്നതില്‍ നിന്നുമാണ് DIFC ബ്രാഞ്ചിന് DFSAയുടെ വിലക്ക് ഉണ്ടായിരിക്കുന്നതെന്ന് ബാങ്ക് അറിയിച്ചു. പുതിയ ഇടപാടുകാര്‍ക്ക് ധനകാര്യ ഉല്‍പ്പന്നങ്ങളുടെ ഉപദേശവും നിക്ഷേപ ഡീലുകള്‍ തരപ്പെടുത്തലും വായ്പകള്‍ ലഭ്യമാക്കലും ഉള്‍പ്പടെയുള്ള ധനകാര്യ സേവനങ്ങള്‍ നല്‍കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം നിലവിലെ ഇടപാടുകാര്‍ക്കും മുമ്പ് ധനകാര്യ സേവനങ്ങള്‍ നല്‍കിയിരുന്നവര്‍ക്കും തുടര്‍ന്നും സേവനങ്ങള്‍ നല്‍കാം.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയോ പുതിയ ഉത്തരവ് പിന്‍വലിക്കുന്നത് വരെയോ വിലക്ക് തുടരും. പൂര്‍ണ്ണമായും ബാങ്കില്‍ ഓണ്‍ബോര്‍ഡ് ചെയ്യാത്ത ഉപഭോക്താക്കള്‍ക്കുള്ള ധനകാര്യസേവനങ്ങളുമായി ബന്ധപ്പെട്ടുള്ള ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലും ഓണ്‍ബോര്‍ഡിംഗ് പ്രക്രിയയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ചും DFSA ആശങ്ക രേഖപ്പെടുത്തി.
അതേസമയം DIFC ശാഖയുടെ പ്രവര്‍ത്തനങ്ങള്‍ ബാങ്കിന്റെ മൊത്തത്തിലുള്ള ബിസിനസിനെയോ ധനകാര്യരംഗത്തെ സ്ഥാനത്തെയോ ബാധിക്കില്ലെന്ന് ബാങ്ക് അറിയിച്ചു. സെപ്റ്റംബര്‍ 23 വരെ ജോയിന്റ് അക്കൗണ്ടുകളില്‍ ഉള്‍പ്പടെ 1,489 ഉപഭോക്താക്കളാണ് ഈ ശാഖയില്‍ ബാങ്കിനുള്ളത്. പുതിയ ഉത്തരവ് പാലിക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ ഇതിനകം സ്വീകരിച്ചെന്നും നിലവില്‍ DFSA നടത്തുന്ന അന്വേഷണത്തില്‍ സഹകരിക്കുമെന്നും അവരുടെ ആശങ്കകളില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നും ബാങ്ക് വ്യക്തമാക്കി.
പ്രശ്നമെന്താണ്
രണ്ട് വര്‍ഷം മുമ്പുള്ള ഒരു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ DFSA എച്ച്ഡിഎഫ്സി ബാങ്കിനെതിരെ നടപടി എടുത്തിരിക്കുന്നത്. ദുഷ്പേരുള്ള സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ക്രെഡിറ്റ് സ്വിസ്സ് ഫ്ളോട്ട് ചെയ്ത റിസ്ക് കൂടിയ (ഹൈ റിസ്ക്) കടപ്പത്രങ്ങള്‍ തെറ്റായി വിറ്റുവെന്ന ആരോപണമായിരുന്നു DIFC ശാഖയ്ക്കെതിരെ ഉയര്‍ന്നത്. കടപ്പത്ര നിക്ഷേപകരില്‍ നിന്നും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ബാങ്കിന് വീഴ്ച പറ്റിയോ, മൂന്നാംകക്ഷികളുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന സംബന്ധിച്ച നിയമങ്ങള്‍ ലംഘിക്കപ്പെട്ടോ എന്നത് സംബന്ധിച്ച് DFSA അന്വേഷണം നടക്കുകയാണ്.
യുഎഇ ശാഖകളിലൂടെ എച്ച്ഡിഎഫ്സി അത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുകയാണെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ബാങ്ക് ശാഖ ശരിയായി തന്നെയാണോ ഇടപാടുകാരെ ശാഖലയിലേക്ക് ഓണ്‍ബോര്‍ഡ് ചെയ്യുന്നതെന്ന് DFSA പരിശോധിക്കുന്നുണ്ട്.DIFC മേഖലയിലെ ധനകാര്യ നിയമങ്ങള്‍ വ്യത്യസ്തമാണ്. ക്രെഡിറ്റ് സ്വിസ്സ് തകര്‍ച്ചയ്ക്ക് ശേഷം 2023-ല്‍ മ്യൂല്യത്തകര്ച്ച നേരിട്ട ATI ബോണ്ടുകളിലൂടെ നിരവധി ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് വലിയ നഷ്ടങ്ങള്‍ നേരിട്ടിരുന്നു.