സ്വദേശി ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് രാജ്യത്തെ കച്ചവടക്കാരോടും ഇന്ത്യന്‍ നിര്‍മിത ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പൊതുജനങ്ങളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. നവരാത്രി ഉല്‍സവത്തിന്റെ ആദ്യ ദിനം ജിഎസ്ടി നിരക്കിളവുകള്‍ നിലവില്‍ വന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും കത്തെഴുതിയത്. നവരാത്രി മുതല്‍ ദീപാവലി വരെയുള്ള സമയമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് സീസണും.
‘ഈ ഉത്സവ സീസണില്‍, ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കാന്‍ നമുക്ക് ദൃഢനിശ്ചയം ചെയ്യാം. ബ്രാന്‍ഡോ അവ നിര്‍മ്മിക്കുന്ന കമ്പനിയോ പരിഗണിക്കാതെ, ഒരു ഇന്ത്യക്കാരന്റെ വിയര്‍പ്പും അധ്വാനവും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സ്വദേശി ഉല്‍പ്പന്നങ്ങള്‍ വാങ്ങുക എന്നതാണ് ഇതിനര്‍ത്ഥം,’ ജിഎസ്ടി പരിഷ്കാരങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് മോദി കത്തില്‍ പറഞ്ഞു.
നമ്മുടെ സ്വന്തം കരകൗശല വിദഗ്ധര്‍, തൊഴിലാളികള്‍, വ്യവസായങ്ങള്‍ എന്നിവ നിര്‍മ്മിച്ച ഒരു ഉല്‍പ്പന്നം നിങ്ങള്‍ വാങ്ങുമ്പോഴെല്ലാം, നിങ്ങള്‍ നിരവധി കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്താനും നമ്മുടെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് നമ്മുടെ കടയുടമകളോടും വ്യാപാരികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് അഭിമാനത്തോടെ പറയാം – നമ്മള് വാങ്ങുന്നത് സ്വദേശിയാണ്. നമുക്ക് അഭിമാനത്തോടെ പറയാം – നമ്മള് വില്‍ക്കുന്നത് സ്വദേശിയാണ്,’ മോദി പറഞ്ഞു.
വ്യവസായങ്ങളെയും ഉല്‍പ്പാദനത്തെയും പ്രോല്‍സാഹിപ്പിക്കാനും നിക്ഷേപക കാലാവസ്ഥ മെച്ചപ്പെടുത്താനും രാജ്യത്തെ സംസ്ഥാനങ്ങളോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തി. ‘അഭിമാനത്തോടെ പറയൂ, ഇത് സ്വദേശിയാണ്’ എന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ മോദി വ്യാപാരികള്‍ക്ക് നല്കി. ബോര്‍ഡുകള്‍ കടകളുടെ മുന്നില്‍ വെക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.