ദുബായ്- സമ്പന്നരുടെ ഇഷ്ട നഗരം. ലോകസമ്പന്നര്‍ നിക്ഷേപം നടത്താന്‍ ഇഷ്ടപ്പെടുന്ന സ്വപ്നനഗരികളിലൊന്ന് കൂടിയാണ് ദുബായ്. സാങ്കേതികമായ മുന്നേറ്റത്തിലും ഇന്ന് ലോകത്ത് ദുബായ് മുന്നിലാണ്. അതുകൊണ്ടുതന്നെ സ്ഥിരതാമസത്തിന് സമ്പന്നര്‍ തിരഞ്ഞെടുക്കുന്ന ആഡംബര നഗരങ്ങളലും ദുബായുണ്ട്. ആ ഇഷ്ടത്തിന് മാറ്റ് കൂട്ടാന്‍ ദുബായില്‍ മറ്റൊരു അവസരം കൂടി വരികയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പനയുടെ ആകൃതിയിലുള്ള ദ്വീപ് – പാം ജബെല്‍ അലി. ദുബായിലെ തന്നെ പാം ജുമൈയ്റയാണ് ലോകത്തിലെ ഏറ്റവും വലിയ പന ആകൃതിയിലുള്ള ദ്വീപെന്നാണ് നിങ്ങള്‍ കരുതിരിക്കുന്നതെങ്കില് അതിന്റെ ഇരട്ടിയോളം, അതായത് ലോകത്തിലെ എട്ടാമത്തെ മഹാത്ഭുതം ആകാന്‍ പറ്റുന്നത്ര വലുതാണ് പാം ജബെല്‍ അലി.
ജബെല്‍ അലി
ഇപ്പോള്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ദുബായിലെ കൃത്രിമ ദ്വീപാണ് പാം ജബെല്‍ അലി. നഖീല്‍ ഗ്രൂപ്പാണ് പാം ജബെല്‍ അലിയുടെ നിര്‍മ്മാതാക്കള്‍. ഏതാണ്ട് 13.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 100 കിലോമീറ്റര്‍ വാട്ടര്‍ ഫ്രണ്ടേജ് ഉള്ള പാം ജബെല്‍ അലി ദുബായ് 2040 നഗരവല്‍ക്കരണ പദ്ധതിയുടെ ഭാഗമാണ്.
ദുബായിലെ തന്നെ ഏറ്റവും നീളമേറിയ തീരദേശത്തായാണ് ഈ പദ്ധതി വരുന്നത്. 16-17 പനയുടെ ഇലകള്‍ പോലെയുള്ള ആകൃതികളും (ഫ്രോണ്ട്) 7 ദ്വീപുകളും പാം ജബെല്‍ അലിക്കുണ്ടാകും. 30,000 മുതല്‍ 50,000 വരെ കുടുംബങ്ങളെ ഉള്‍ക്കൊള്ളുന്ന ജബെല്‍ അലിയില്‍ 240,000-250,000 വരെ ആളുകള്‍ക്ക് താമസിക്കാം. ആഡംബര സൗധങ്ങള്‍ കൂടാതെ 80 അത്യാഡംബര ഹോട്ടലുകളും റിസോര്‍ട്ടുകളും മറീനകളും തീം പാര്‍ക്കുകളും, സീ വില്ലേജും ഭക്ഷണം കഴിക്കുന്നതിനുള്ള ഡൈനിംഗ് ഹബ്ബുകളും ബീച്ച് ഫ്രണ്ടേജ് വില്ലകളും അപ്പാര്‍ട്മെന്റുകളും ഗാര്ഡന് വില്ലകളും ഉണ്ടാകും.
സുസ്ഥിരതയ്ക്ക് ഊന്നല്‍ നല്‍കിയാണ് ദ്വീപ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രകൃതിസൗഹൃദ രീതിയിലുള്ള നിര്‍മ്മാണം, ജല സംരക്ഷണത്തിന് ഊന്നല്‍, പുനരുപയോഗ ഊര്‍ജ്ജത്തിന്റെയും സ്മാര്‍ട്ട് സിറ്റി സാങ്കേതികവിദ്യയുടെയും ഉപയോഗം എന്നിവയെല്ലാം പാം ജബെല്‍ അലിയെ വ്യത്യസ്തമാക്കുന്നു.