പ്രമുഖ വ്യവസായി അനില്‍ അംബാനിക്ക് മേല്‍ നിയമ കുരുക്ക് മുറുകുന്നു. യെസ് ബാങ്ക് മുന്‍ സിഇഒ റാണ കപൂറും കുടുംബവും അനില്‍ അംബാനിയുമായി ചേര്‍ന്ന് ഫണ്ട് വെട്ടിപ്പിനായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഈ ഇടപാടുകളിലൂടെ യെസ് ബാങ്കിന് 2797 കോടി രൂപയോളം നഷ്ടമുണ്ടായി.
അനില്‍ അംബാനി ഗ്രൂപ്പ് സ്ഥാപനങ്ങളായ റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് (ആര്‍സിഎഫ്എല്‍), റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (ആര്‍എച്ച്എഫ്എല്‍), യെസ് ബാങ്ക് എന്നിവ തമ്മില്‍ നടന്ന ക്രമവിരുദ്ധമായ ഇടപാടുകളുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് കുറ്റപത്രം. യെസ് ബാങ്ക് മുന്‍ മേധാവി റാണ കപൂറിന്റെ ഭാര്യ ബിന്ദു കപൂര്‍, പെണ്മക്കളായ രാധ കപൂര്‍, റോഷ്നി കപൂര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനികളും ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിബിഐ പറയുന്നു.
ആര്സിഎഫ്എലിന്റെയും ആര്എച്ച്എഫ്എലിന്റെയും വാണിജ്യ കടപ്പത്രങ്ങളിലും എന്സിഡികളിലും റാണ കപൂറിന്റെ നിര്‍ദേശ പ്രകാരം യെസ് ബാങ്ക് യഥാക്രമം 2045 കോടി രൂപയും 2965 കോടി രൂപയും നിക്ഷേപിച്ചിരുന്നു. ഇതാണ് പിന്നീട് ബാങ്കിന് ഭീമമായ നഷ്ടമുണ്ടാക്കിയത്. 2022 ല്‍ യെസ് ബാങ്ക് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഇത് സംബന്ധിച്ച് നല്കിയ പരാതിയിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ റാണ കപൂര്‍ കുടുംബത്തെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണം പിന്നീട് അനില്‍ ധീരുഭായ് അംബാനി (എഡിഎ) ഗ്രൂപ്പിന്റെ ചെയര്‍മാനും ആര്സിഎഫ്എല്ലിന്റെയും ആര്എച്ച്എഫ്എല്ലിന്റെയും ഹോള്‍ഡിംഗ് കമ്പനിയായ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ ഡയറക്ടറുമായിരുന്നു അനില്‍ അംബാനിയിലേക്ക് എത്തുകയായിരുന്നു.