ഫോബ്സ് റിയല്‍ടൈം റിച്ച് ലിസ്റ്റില്‍ ഏറ്റവും സമ്പന്നനായ മലയാളിയെന്ന സ്ഥാനം തിരികെ പിടിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാര്‍ എം എ യൂസഫലി. 7 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഫോര്‍ബ്സ് ആഗോള റിച്ച് ലിസ്റ്റില്‍ 549 ാം സ്ഥാനത്തേക്കും യൂസഫലി ഉയര്‍ന്നു. ഒരാഴ്ച മുന്‍പ് പുറത്തുവന്ന ഫോബ്സ് റിയല്‍ടൈം ബില്യണേഴ്സ് പട്ടികയില്‍ 5.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 748 ാം സ്ഥാനമായിരുന്നു യൂസഫലിക്ക്. 6.7 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ജോയ്ആലുക്കാസ് ചെയര്മാന് ജോയ് ആലുക്കാസായിരുന്നു ഒന്നാമത്. പുതിയ വിവരങ്ങള്‍ അനുസരിച്ച് 5.3 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി അദ്ദേഹം രണ്ടാമതായി. ആഗോള പട്ടികയില്‍ 764 ാം റാങ്കാണ് ജോയ് ആലുക്കാസിന്.
ലോകത്തെ അതിസമ്പന്നരുടെ ആസ്തികള്‍ തല്‍സമയം പരിശോധിച്ച് തയാറാക്കുന്ന പട്ടികയാണ് ഫോര്‍ബ്സ് റിയല്െൈടം റിച്ച് ലിസ്റ്റ്. അനുദിനം ഈ പട്ടികയില്‍ മാറ്റങ്ങള്‍ വരും. ലുലു റീട്ടെയ്ലിന്റെ ആസ്തികള്‍ മാത്രമാണ് മുന്‍ പട്ടിക തയാറാക്കുമ്പോള്‍ യൂസഫലിയുടെ ആസ്തിയായി പരിഗണിക്കപ്പെട്ടിരുന്നത്. വിവിധ രാജ്യങ്ങളിലുള്ള ലുലു ഗ്രൂപ്പിന്റെ ആസ്തികള്‍ കൂടി കണക്കാക്കിയതോടെയാണ് യൂസഫലിയുടെ ആസ്തിയില്‍ ഗണ്യമായ വര്‍ധനയുണ്ടായത്.
സണ്ണി വര്‍ക്കി മുതല്‍ ചിറ്റിലപ്പിള്ളി വരെ
പട്ടികയിലെ മറ്റ് മലയാളികളില്‍ 4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ജെംസ് എജുക്കേഷന്‍ ചെയര്മാന് സണ്ണി വര്‍ക്കി 1013 ാം സ്ഥാനത്താണ്. ഒരാഴ്ച മുന്‍പ് 1001 ആയിരുന്നു അദ്ദേഹത്തിന്റെ റാങ്ക്. 3.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 1021 ാം റാങ്കിലാണ് ആര്‍പി ഗ്രൂപ്പ് ചെയര്മാന് ബി രവി പിള്ള. 3.8 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി കല്യാണ്‍ ജ്വല്ലേഴ്സ് എംഡി ടി എസ് കല്യാണരാമന് 1070 ാം സ്ഥാനത്തേക്ക് മുന്നേറി. ഒരാഴ്ച മുന്‍പ് 1108 ാം റാങ്കായിരുന്നു അദ്ദേഹത്തിന്റേത്.
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഗോപാലകൃഷ്ണന് 3.6 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 1120 ാം സ്ഥാനത്തേക്ക് മുന്നേറി. ഒരാഴ്ച മുന്‍പ് 1168 ാം സ്ഥാനമായിരുന്നു അദ്ദേഹത്തിന്. കെയ്ന്‍സ് ടെക്നോളജിയുടെ സ്ഥാപകന്‍ രമേശ് കുഞ്ഞിക്കണ്ണന് 3.1 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 1320 ാം റാങ്കിലാണ്. മുന്‍പത്തെ റാങ്ക് 1323. മുത്തൂറ്റ് ഫിനാന്‍സ് പ്രൊമോട്ടര്‍മാരായ സാറാ ജോര്‍ജ് മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ്, ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് എന്നിവര്‍ 2.5 ബില്യണ്‍ വീതം ആസ്തിയുമായി 1566 ാം റാങ്കിലാണ്. നോരത്തെയുള്ള റാങ്ക് 1574. ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ ചെയര്‍മാനും എംഎ യൂസഫലിയുടെ മരുമകനുമായ ഷംഷീര്‍ വയലില്‍ 1.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 2060 ാം സ്ഥാനത്താണ്. നേരത്തെ 2001 ാം റാങ്കായിരുന്നു. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍ 1.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 2024 ാം റാങ്കിലാണ്. നേരത്തെ 2038 ാം റാങ്കായിരുന്നു അദ്ദേഹത്തിന്. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 1.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 2553 ാം റാങ്കിലാണ്.
അതിസമ്പന്നന് മസ്ക്; അംബാനി 18 ാമത്
480 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ടെക് സംരംഭകന് ഇലോണ്‍ മസ്കാണ് ഫോര്‍ബ്സ് ആഗോള ശതകോടീശ്വര പട്ടികയില്‍ ഒന്നാമത്. ഒറാക്കിള്‍ സ്ഥാപകന്‍ ലാറി എല്ലിസണ് (362 ബില്യണ്‍ ഡോളര്‍ ആസ്തി) രണ്ടാമതും മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് (265 ബില്യണ്‍ ഡോളര്‍ ആസ്തി) മൂന്നാമതുമുണ്ട്. 105 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 18 ാം സ്ഥാനത്തുള്ള മുകേഷ് അംബാനിയാണ് പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ള ഇന്ത്യക്കാരന്. 64 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഗൗതം അദാനി 29 ാം സ്ഥാനത്തുണ്ട്.