1എക്സ്ബെറ്റ് (1xBet) എന്ന ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, റോബിന് ഉത്തപ്പ, നടന് സോനു സൂദ് എന്നിവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ് അയച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) പ്രകാരം മൊഴി നല്കാന് സെപ്റ്റംബര്‍ 23 ന് ഹാജരാകാനാണ് യുവരാജ് സിംഗിനോട് ഇഡി നിര്‍ദേശിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 22 ന് ഹാജരാകാനാണ് ഉത്തപ്പയോട് നിര്‍ദേശിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 24 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ബോളിവുഡ് നടന് സോനു സൂദിനോട് സമന്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡെല്‍ഹിയിലെ ഇഡി ആസ്ഥാനത്താവും മൂവരുടെയും ചോദ്യം ചെയ്യല്‍ നടക്കുക. നേരത്തെ ഇതേ കേസുമായി ബന്ധപ്പെട്ട് മുന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയെയും ശിഖര്‍ ധവാനെയും അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു.
നടന് റാണ ദഗ്ഗുബതി, നടി ഉര്‍വശി റൗട്ടേല എന്നിവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നേരത്തെ സമന്‍സ് നല്‍കിയിരുന്നു. 1എക്സ്ബെറ്റിന്റെ ഇന്ത്യയിലെ അംബാസഡറാണ് ഉര്‍വശി റൗട്ടേല.
1എക്സ്ബെറ്റ് കേസ്
അനധികൃത ബെറ്റിംഗ് ആപ്പുകള്‍ നിരവധി ആളുകളെയും നിക്ഷേപകരെയും കബളിപ്പിക്കുകയും കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്തതും വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ ആപ്പുകളുടെ പ്രചരണം നടത്തിയ സെലിബ്രിറ്റികളുടെ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷണത്തിലാണ്. 1എക്സ്ബെറ്റ് ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിക്കലും അല്‍ഗോരിതം റിഗ്ഗ് ചെയ്ത് ആളുകളെ കബളിപ്പിച്ച് പണം സമ്പാദിക്കലും നടത്തിയെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നത്. റഷ്യയില്‍ രൂപീകരിച്ച, ബെറ്റിംഗ് മേഖലയില്‍ 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് 1എക്സ്ബെറ്റ്.
100 ബില്യണ്‍ ഡോളര്‍ വിപണി
പ്രകാശ് രാജ്, റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട തുടങ്ങി 25 ഓളം നടന്മാര്ക്കും ഇന്‍ഫ്ളുവന്‍സേഴ്സിനും എതിരെ തെലങ്കാന പൊലീസും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 22 കോടി ഇന്ത്യക്കാരാണ് ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത്. നിലവില്‍ 100 ബില്യണ്‍ ഡോളറിന്റേതാണ് ഇന്ത്യയിലെ ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പ് വിപണി. ഇത് പ്രതിവര്‍ഷം ശരാശരി 30% വീതം വളരുന്നുണ്ട്. ഓഗസ്റ്റില്‍ എല്ലാ ഓണ്‍ലൈന്‍ ബെറ്റിംഗും പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകളും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ബില്‍ പാസാക്കിയിരുന്നു.