ആഗസ്റ്റില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി 54 ശതമാനത്തിലധികം കുറഞ്ഞു. ഉല്‍പ്പന്ന കയറ്റുമതിയിലുണ്ടായ വര്‍ധനയും സേവനക്കയറ്റുമതിയിലെ ശക്തമായ പ്രകടനവും അതേസമയം ഉല്‍പ്പന്ന ഇറക്കുമതിയിലുണ്ടായ ഇടിവുമാണ് വ്യാപാരക്കമ്മി കുറയാനുള്ള പ്രധാനകാരണങ്ങള്‍. 2024 ആഗസ്റ്റില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി 21.7 ബില്യണ്‍ ഡോളറായിരുന്നു.
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉള്‍പ്പടെ 69 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ആഗസ്റ്റില്‍ ഇന്ത്യ നടത്തിയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിനെ അപേക്ഷിച്ച് കയറ്റുമതിയില്‍ 9.34 ശതമാനം വളര്‍ച്ചയുണ്ടായി. ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍, ഫാര്‍മസ്യൂട്ടിക്കലുകള്‍ എന്നിവയാണ് കൂടുതലായി കയറ്റുമതി ചെയ്യപ്പെട്ടത്.
ഇലക്ട്രോണിക്സ് ഉല്‍പ്പന്ന കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 2.32 ബില്യണ്‍ ഡോളറിന്റെ ഇലക്ട്രോണിക്സ് ആണ് കയറ്റുമതി ചെയ്തതെങ്കില്‍ ഈ വര്‍ഷം അത് 2.93 ബില്യണ്‍ ഡോളറായി.
ആഗസ്റ്റില്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതി 6.86 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 6.7 ബില്യണ്‍ ഡോളറായിരുന്നു. ഭൂരിഭാഗം ദിവസങ്ങളിലും 25 ശതമാനം താരിഫും അവസാനദിവസങ്ങളില്‍ 50 ശതമാനം താരിഫും ഉണ്ടായിരുന്നിട്ടും അമേരിക്കയിലേക്കുള്ള കയറ്റുമതി കൂടി.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ ആകെ 349 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതിയില്‍ 6.18 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. അതേസമയം ഇതേ കാലയളവില്‍ 390 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇറക്കുമതിയില്‍ 2.49 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്.