അടുത്ത അഞ്ചുവര്‍ഷത്തില്‍ സ്വകാര്യമേഖലയില്‍ തന്ത്രപ്രധാന എണ്ണ ശേഖരം (SPR) സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ. കര്‍ണ്ണാടകയിലെ പഡൂരില് 2.5 ദശലക്ഷം മെട്രിക് ടണ്ണിന്റെ എണ്ണശേഖരം ആരംഭിക്കുന്നതിനുള്ള 5,700 കോടി രൂപയുടെ കരാര്‍ മേഘ എഞ്ചിനീയറിംഗ് സ്വന്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നടത്തിപ്പിനുമുള്ള കരാര്‍ ആണിത്. ഇതുകൂടാതെ എണ്ണ നിറയ്ക്കുന്നതിന് നിലവിലെ എണ്ണവില അനുസരിച്ച് 1.25 ബില്യണ്‍ ഡോളര്‍ (11,020 കോടി രൂപ) ചിലവും പ്രതീക്ഷിക്കുന്നുണ്ട്. പേര് പുറത്തുവിടാത്ത മറ്റ് രണ്ട് കമ്പനികള്‍ കരാര്‍ സ്വന്തമാക്കാനായി ശ്രമിച്ചിരുന്നുവെങ്കിലും പരമാവധി പരിധിക്കുള്ളില്‍ നില്ക്കുന്ന മേഘയുടെ ഓഫര്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നുവെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യ മേഖല എണ്ണശേഖരത്തിന് ശ്രമം ആരംഭിച്ചിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചുവര്‍ഷവും നടത്തിപ്പിന് 60 വര്‍ഷവും സമയമാണ് മേഘയ്്ക്ക് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്തെ നിരവധി തന്ത്രപ്രധാന എണ്ണശേഖരങ്ങള്‍ പഡൂര്‍ മേഖലയിലാണ്.
നിലവില്‍ ഇന്ത്യയ്ക്ക് 5.33 ദശലക്ഷം മെട്രിക് ടണ്ണിന്റെ തന്ത്രപ്രധാന എണ്ണ ശേഖരങ്ങളുണ്ട്. 8-9 ദിവസത്തേക്കുള്ള ക്രൂഡ് വിതരണ കപ്പാസിറ്റി മാത്രമേ ഇവയ്ക്കുള്ളു. പുതിയ എണ്ണശേഖരം കൂടി വരുന്നതോടെ രാജ്യത്തിന്റെ എണ്ണശേഖര കപ്പാസിറ്റി മെച്ചപ്പെടും.
ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്സ് (ISPRL) ആണ് സര്‍ക്കാര്‍ ലേലത്തിന് നേതൃത്വം നല്‍കിയത്. നിലവില്‍ ഇന്ത്യയിലെ പെട്രോളിയം റിസര്‍വ്വുകളുടെ നിയന്ത്രണം ISPRLനാണ്. വിശാഖപട്ടണം, മംഗളൂരു, പഡൂര്‍ എന്നിവിടങ്ങളിലായി 39 ദശലക്ഷം ബാരലിന്റെ ഭൂഗര്‍ഭ എണ്ണ ശേഖരമാണ് നിലവില്‍ ഇന്ത്യയിലുള്ളത്. അമേരിക്കയുടെ 727 ദശലക്ഷം ബാരല്‍, ചൈനയുടെ 1,200 ദശലക്ഷം ബാരല്‍ കപ്പാസിറ്റികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.
വൈകാതെ തന്നെ ISPRL മേഘയുമായുള്ള കരാറില്‍ അന്തിമ നടപടികള്‍ എടുക്കുമെന്നാണ് സൂചന. എണ്ണശേഖരം വികസിപ്പിക്കുന്നതിനായി 214 ഏക്കര്‍ സ്ഥലം മേഘയ്ക്ക് അനുവദിക്കും.