ഇന്ത്യയില്‍ പാര്‍പ്പിട വില പ്രതീക്ഷിച്ചതിലും വേഗത്തില്‍ കൂടുമെന്ന് റോയിട്ടേഴ്സിന്റെ സര്‍വ്വേ റിപ്പോര്‍ട്ട്. സമ്പന്ന വിഭാഗത്തില്‍ പെട്ട ആളുകളില്‍ നിന്നും ഡിമാന്‍ഡ് ഉയരുന്ന സാഹചര്യത്തിലാണ് പാര്‍പ്പിട വിലയില്‍ വലിയ കുതിപ്പിന് കളമൊരുങ്ങുന്നത്. ഇതോടെ താങ്ങാവുന്ന നിരക്കിലുള്ള പാര്‍പ്പിട സൗകര്യങ്ങളുടെ ലഭ്യത കുറയാനാണ് സാധ്യത. ഉയര്‍ന്ന വാടകയ്ക്ക് വീടുകള്‍ താമസത്തിന് തിരഞ്ഞെടുക്കേണ്ട പൊതുസ്ഥിതിയും സംജാതമാകുമെന്ന് പ്രോപ്പര്‍ട്ടി വിദഗ്ധരുടെ ഇടയില്‍ റോയിട്ടേഴ്സ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ വെളിവാകുന്നത്.
മികച്ച വേതനം നല്കുന്ന തൊഴിലുകളുടെ ലഭ്യത കുറച്ച് നഗരങ്ങളിലായി ഒതുങ്ങുന്നതും ശമ്പളനിരക്കുകളില്‍ കാര്യമായ വര്‍ധന ഇല്ലാത്തതും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സ്വന്തമായൊരു വീട് എന്നത് സ്വപ്നമായി മാത്രം തുടരുന്നതിനുള്ള കാരണമാണ്. ജോലിക്കായി നഗരങ്ങളിലേക്ക് കുടിയേറുന്ന ആളുകളില്‍ നല്ലൊരുശതമാനം പേരും വാടകയ്ക്ക് വീട് എടുക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ്.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യ കഴിഞ്ഞ പാദത്തില്‍ 7.8 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ടെങ്കിലും ജനസംഖ്യയുടെ വളരെ ചെറിയൊരു വിഭാഗത്തിലേക്ക് മാത്രമേ അതിന്റെ നേട്ടങ്ങള്‍ എത്തിയിട്ടുള്ളുവെന്നാണ് വിലയിരുത്തല്‍. ഈ അസമത്വം പാര്‍പ്പിടമേഖലയിലും പ്രകടമാണ്. ആഡംബര ഭവനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുകയും താങ്ങാവുന്ന നിരക്കിലുള്ള പാര്‍പ്പിട സൗകര്യങ്ങള്‍ കുറയുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഇന്ന് രാജ്യത്തുണ്ട്. 2030 ഓടെ ഈ അവസ്ഥ ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദശാബ്ദത്തില്‍ ശരാശരി പാര്‍പ്പിട വില ഇരട്ടിയായിട്ടുണ്ട്. ഈ വര്‍ഷം പാര്‍പ്പിട വിലയില്‍ 6.3 ശതമാനം വര്‍ധനയും 2026-ല്‍ 7.0 ശതമാനം വര്‍ധനയുമാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രോപ്പര്‍ട്ടി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2024-ല്‍ പാര്പ്പിടവിലയില് 4.0 ശതമാനം വര്‍ധനയാണ് ഉണ്ടായത്. വരുംവര്‍ഷം നഗരങ്ങളില്‍ പാര്‍പ്പിടങ്ങളുടെ വാടകയില്‍ 5-8 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.