ഒമ്പതുമാസം തുടര്‍ച്ചയായി കുറഞ്ഞതിന് ശേഷം ആഗസ്റ്റില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പത്തില്‍ വര്‍ധന. മത്സ്യമാംസം, എണ്ണ, പേഴ്സണല്‍ കെയര്‍, മുട്ട തുടങ്ങിയവയുടെ വിലയിലുണ്ടായ വര്‍ധനയാണ് പണപ്പെരുപ്പത്തിലേക്ക് നയിച്ചത്. എന്നാല്‍ എടുത്തുപറയത്തക്ക വര്‍ധന ഇല്ലാത്തതിനാല്‍ റിസര്‍വ്വ് ബാങ്കിന്റെ ഭാഗത്ത് നിന്നും പലിശനിരക്കുകളില്‍ ഒരു മാറ്റത്തിന് സാധ്യതയില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമെന്ന സ്ഥാനം തുടര്‍ച്ചയായ ഒമ്പതാം തവണയും കേരളം നിലനിര്‍ത്തി.
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്ക് അനുസരിച്ച് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആഗസ്റ്റില്‍ 2.1 ശതമാനത്തിലെത്തി. ജൂലൈയില്‍ ഇത് 1.6 ശതമാനമായിരുന്നു. മുന്‍മാസത്തെ അപേക്ഷിച്ച് പണപ്പെരുപ്പത്തില്‍ 46 പോയിന്റിന്റെ വര്‍ധനയാണ് ആഗസ്റ്റിലുണ്ടായത്. അതേസമയം കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലെ 3.7 ശതമാനത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആഗസ്റ്റില്‍ പണപ്പെരുപ്പം കുറവാണ്.
2024 നവംബറിന് ശേഷം രാജ്യത്ത് പണപ്പെരുപ്പം തുടര്‍ച്ചയായി കുറഞ്ഞിരുന്നു. ഭക്ഷ്യപാനീയ മേഖലയില്‍ കാര്യമായ വിലക്കയറ്റം ആഗസ്റ്റിലുണ്ടായിട്ടില്ല. ഭക്ഷ്യോല്പ്പന്നങ്ങളില് പച്ചക്കറികളുടെയും പയറുവര്‍ഗ്ഗങ്ങളുടെയും വില കുറഞ്ഞു. അതേസമയം ആഗോളതലത്തില്‍ എണ്ണവില മുന്നോട്ടുതന്നെ കുതിക്കുന്നത് വിലക്കയറ്റത്തില്‍ നിര്‍ണ്ണായകമായി. വസ്ത്രം, പാദരക്ഷ വിഭാഗത്തില്‍ കാര്യമായ വിലക്കയറ്റം ഉണ്ടായിട്ടില്ല. സമാനമായി പാര്‍പ്പിട രംഗത്തെയും വിലക്കയറ്റം ബാധിച്ചിട്ടില്ല. ഇന്ധനം, വെളിച്ചം എന്നീ മേഖലയില്‍ വിലക്കയറ്റം പ്രകടമായിട്ടുണ്ട്. ജൂലൈയിലെ 1.4 ശതമാനത്തില്‍ നിന്നും 2.9 ശതമാനമായി വര്‍ധിച്ചു.
ആഗസ്റ്റില്‍ ജൂലൈയെ അപേക്ഷിച്ച് ഭക്ഷ്യ വിലക്കയറ്റത്തില്‍ 107 പോയിന്റിന്റെ വര്‍ധനയുണ്ടായി. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 1.7 ശതമാനമായി. ജൂലൈയില്‍ ഇത് 1.2 ശതമാനമായിരുന്നു. നഗരങ്ങളിലെ പണപ്പെരുപ്പം 2.5 ശതമാനത്തിലെത്തി. ജൂലൈയില്‍ ഇത് 2.1 ശതമാനമായിരുന്നു.
എണ്ണയുടെയും കൊഴുപ്പ് ഉല്‍പ്പന്നങ്ങളുടെയും വില 21.2 ശതമാനം വര്‍ധിച്ചു. പഴങ്ങളുടെ വില 11.7 ശതമാനം വര്‍ധിച്ചു. പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. പയറുവര്‍ഗ്ഗങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും വില 14.5 ശതമാനം കുറഞ്ഞു. പച്ചക്കറി വിലയിലും 15.9 ശതമാനം കുറവുണ്ടായി.
മുമ്പില്‍ കേരളം
പണപ്പെരുപ്പത്തിന്റെ സംസ്ഥാനതല കണക്ക് പരിശോധിച്ചാല്‍ 9.04 ശതമാനവുമായി കേരളമാണ് രാജ്യത്ത് മുമ്പില്‍. രണ്ടാംസ്ഥാനത്തുള്ള കര്‍ണ്ണാടകയെ (3.81 ശതമാനം) അപേക്ഷിച്ച് വളരെ മുമ്പിലാണ് കേരളം. ജമ്മുകശ്മീരാണ് മൂന്നാംസ്ഥാനത്ത്- 3.75 ശതമാനം. പഞ്ചാബ് (3.51 ശതമാനം), ഉത്തരാഖണ്ഡ്- 2.90 ശതമാനം എന്നീ സംസ്ഥാനങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അതേസമയം അസം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പം നെഗറ്റീവിലേക്ക് പോയി. അതായത് മുന്‍വര്‍ഷം ആഗസ്റ്റിനെ അപേക്ഷിച്ച് ഇവിടങ്ങളില്‍ വില താഴേക്ക് പോയി.