സമ്പത്തുണ്ടാക്കാനുള്ള നമ്മുടെ സ്വപ്നങ്ങള്‍ക്ക് ചിലപ്പോഴെല്ലാം പ്രചോദനമാകുക മറ്റുള്ളവരുടെ അനുഭവങ്ങളായിരിക്കും. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ പലപ്പോഴും ആളുകള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാറുണ്ട്. തങ്ങളുടെ സാമ്പത്തിക സ്വപ്നങ്ങള്‍ ലക്ഷ്യത്തിലെത്തിയ കഥകളും സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്താന്‍ സഹായിച്ച ശീലങ്ങളും അവിടെ ആളുകള്‍ തുറന്നെഴുതാറുണ്ട്. കഴിഞ്ഞിടെ 34 വയസ്സുള്ള ഒരു പ്രൊഫഷണല്‍ തന്റെ അനുഭവകഥ പറഞ്ഞത് നിരവധി പേരുടെ ശ്രദ്ധ നേടിയിരുന്നു. വളരെ ചെറിയ രീതിയില്‍ കരിയര്‍ ആരംഭിച്ചിട്ടും ചില ശീലങ്ങളുടെ മാത്രം പിന്‍ബലത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടനായതായി അദ്ദേഹം പറയുന്നു. ആ കഥ വായിക്കാം.
ബിടെക് ബിരുദധാരിയായ അദ്ദേബം പത്തുവര്‍ഷം മുമ്പാണ് കരിയര്‍ ആരംഭിച്ചത്. ചിട്ടയായ നിക്ഷേപവും വരുമാനത്തിനൊത്ത ജീവിതരീതിയും ആണ് ക്രമേണ സമ്പത്ത് ആര്‍ജ്ജിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. കേവലം 5,000 രൂപ ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യത്തെ ശമ്പളം. പിന്നീടത്, 1,5000 ആയും 19,000 ആയും ഉയര്‍ന്നു. അതിനുശേഷം ലോകത്തിലെ തന്നെ ഏറ്റവും മികച്ച കമ്പനികളിലൊന്നില്‍ നല്ലൊരു പദവിയില്‍ എത്തിയതോടെ ഇദ്ദേഹത്തിന്റെ ശമ്പളത്തില്‍ വലിയ വര്‍ധനയുണ്ടായി.
ആ സമയത്ത് തനിക്ക് നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകള്‍ അഥവാ ആര്‍എസ്യു എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും സ്റ്റോക്കുകളും കൂടി ഉള്‍പ്പെട്ട ഉയര്‍ന്ന ശമ്പളമാണ് തനിക്കുണ്ടായിരുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അതെക്കുറിച്ച് കാര്യമായ അറിവ് അന്നുണ്ടായിരുന്നില്ല. ഇടത്തരം കുടുംബത്തില്‍ വളര്‍ന്നതിനാല്‍ അനാവശ്യമായി പണം ചിലവഴിക്കുന്ന ശീലമോ, ധൂര്‍ത്ത് പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് സമ്പത്തിനെ കുറിച്ചുള്ള ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട് മാറുന്നത്. FIRE (ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ്, റിട്ടയര്‍ ഏര്‍ളി) എന്ന ആശയത്തെ കുറിച്ച് അന്നാണ് അദ്ദേഹം അറിഞ്ഞത്. അതില്‍ പ്രചോദിതനായി സാമ്പത്തികകാര്യങ്ങളില്‍ ശ്രദ്ധവെച്ചുതുടങ്ങി. ഒരു എക്സെല്‍ ഷീറ്റ് ഉണ്ടാക്കി പിഎഫും നിക്ഷേപങ്ങളും കയ്യിലുള്ള പണവും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അതില്‍ രേഖപ്പെടുത്താന്‍ തുടങ്ങി. ഈ ശീലമാണ് സാമ്പത്തികകാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സഹായിച്ചത്. നാല് മാസം മുമ്പ് ഇദ്ദേഹത്തിന്റെ മൊത്തം നിക്ഷേപങ്ങള്‍ അമ്പത് ലക്ഷത്തിലെത്തി. കഴിഞ്ഞിടെ നടത്തിയ ഓഹരി നിക്ഷേപം കൂടി കണക്കിലെടുത്താല്‍ ആസ്തി 60 ലക്ഷത്തിലെത്തിയിട്ടുണ്ട്.
5 ലക്ഷം രൂപയുടെ എമര്‍ജന്‍സി ഫണ്ട്, 20 ലക്ഷം രൂപയുടെ മ്യൂച്വല്‍ ഫണ്ടുകള്‍, 15 ലക്ഷം രൂപയുടെ പിഎഫ്, പിപിഎഫ്, 10 ലക്ഷം രൂപയുടെ ആര്‍എസ് യു, 2 ലക്ഷം രൂപയുടെ ഇന്ത്യന്‍ ഇക്വിറ്റി, 8 ലക്ഷം രൂപയുടെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിക്ഷേപം.
60 ലക്ഷം രൂപ ചിലരെ സംബന്ധിച്ചെടുത്തോളം അത്ര വലിയ തുക ആയിരിക്കില്ല. പക്ഷേ തന്നെ സംബന്ധിച്ചെടുത്തോളം ഓരോ ചുവടുകളും വളരെ അര്ത്ഥവത്തായിരുന്നുവെന്നും ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായപ്പോള്‍ എത്രത്തോളം സന്തോഷമായിരുന്നു ഉണ്ടായിരുന്നുവെന്നത് ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കോടി രൂപ ആസ്തിയിലേക്ക് എത്തുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.