ഡിജിറ്റല്‍ ആസ്തികള്‍ സമ്പൂര്‍ണ്ണമായി നിയമാസൃതമാക്കാന് കേന്ദ്രം തയ്യാറായേക്കില്ലെന്ന് റിപ്പോര്‍ട്ട്. ക്രിപ്റ്റോ കറന്‍സി ഉള്‍പ്പടെയുള്ള ഇത്തരം ആസ്തികള്‍ നിയമവിധേയമാക്കുന്നതിന് സമഗ്ര നിയമങ്ങള്‍ കൊണ്ടുവരുന്നതിന് പകരം പരിമിതമായ മേല്‍നോട്ടം കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിപ്റ്റോകറന്‍സികള്‍ നിയമവിധേയമാക്കിയാല്‍ അത് പിന്നീട് തലവേദനയായി മാറുമോ എന്നതാണ് കേന്ദ്രത്തിന്റെ ആശങ്കയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിജിറ്റല്‍ ആസ്തികളില്‍ കേന്ദ്രം വളരെ ജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നതെന്ന് റോയിട്ടേഴ്സ് നേരിട്ടുകണ്ട സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. നിയമത്തിലൂടെ ക്രിപ്റ്റോകറന്‍സി കൊണ്ടുണ്ടാകാന്‍ പോകുന്ന റിസ്കുകള്‍ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്നാണ് റിസര്‍വ്വ് ബാങ്ക് നിലപാട്. ഇത്തരം ഡിജിറ്റല്‍ ആസ്തികളെ പൂര്‍ണ്ണമായി നിയന്ത്രണവിധേയമാക്കിയാല്‍ അവയ്ക്ക് നിയമസാധുത കൈവരും, അങ്ങനെയെങ്കില്‍ അവ സ്വാഭാവികമായി സമ്പദ് വ്യവസ്ഥയ്ക്ക് കീഴിലാകും. അത് സുരക്ഷിതമായിരിക്കില്ലെന്ന് സര്‍ക്കാര്‍ രേഖയില്‍ വിശദീകരിക്കുന്നു.
ജപ്പാന്, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങള്‍ ഡിജിറ്റല്‍ ആസ്തികളെ നിയമത്തിന് കീഴില്‍ കൊണ്ടുവരുന്നതിനുള്ള ചട്ടക്കൂടുകള്‍ വികസിപ്പിക്കുമ്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ വളരെ ശ്രദ്ധിച്ചാണ് തീരുമാനമെടുക്കുന്നത്. അതേസമയം ചൈനയില്‍ ഇപ്പോഴും ക്രിപ്റ്റോ കറന്‍സികള്‍ക്ക് വിലക്ക് തുടരുകയാണ്. അതേസമയം ചൈനീസ് കറന്‍സിയായ യുവാന്റെ പിന്തുണയോടെയുള്ള സ്റ്റേബിള്‍കോയിന്‍ ആശയം ചൈന പരിഗണിക്കുന്നുണ്ട്. സ്റ്റേബിള്‍കോയിന്‍ വ്യാപകമായി ഉപയോഗിക്കുന്നതിന് അനുമതിയേകുന്ന GENIUS ആക്ട് അമേരിക്കയില്‍ നിലവില്‍ വന്നിട്ടുണ്ട്. അംഗീകൃത കറന്‍സികളുമായി ബന്ധപ്പെടുത്തിയിട്ടുള്ള ക്രിപ്റ്റോകറന്‍സികളാണ് സ്റ്റേബിള്‍കോയിനുകള്‍. കറന്‍സിയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിചലനങ്ങള്‍ സ്റ്റേബിള്‍കോയിനുകളെ ബാധിക്കില്ല എന്നതാണ് ഇവയുടെ നേട്ടം.
അതേസമയം സ്റ്റേബിള്‍കോയിനുകളില്‍ വളരെയധികം ജാഗ്രത വേണമെന്ന് റോയിട്ടേഴ്സ് സ്ഥിരീകരിച്ച ഇന്ത്യയിലെ സര്‍ക്കാര്‍ രേഖയില്‍ പറയുന്നു. മിക്ക സ്റ്റേബിള്‍കോയിനുകളും അമേരിക്കന്‍ ഡോളറുമായാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. മൂല്യം സ്ഥിരമായിരിക്കുമെന്നുണ്ടെങ്കിലും വിപണിയിലെ റിസ്കുകളും പണലഭ്യത പ്രശ്നങ്ങളും അവയെ ബാധിച്ചേക്കുമെന്ന് രേഖയില്‍ പറയുന്നു. സ്റ്റേബിള്‍കോയിനുകള്‍ സമൂഹത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടാല് അത് ദേശീയ പണമിടപാട് സംവിധാനത്തെ ശിഥിലമാക്കിയേക്കുമെന്ന് കേന്ദ്രം ഭയക്കുന്നു. പ്രത്യേകിച്ച് രാജ്യത്തിന്റെ ഡിജിറ്റല്‍ പേയ്മെന്റുകളുടെ നട്ടെല്ലായ യുപിഐയെ (ഏകീകൃത പണമിടപാട് സംവിധാനം).
അതേസമയം ക്രിപ്റ്റോകറന്‍സികളെ വിലക്കാനും കേന്ദ്രം ആഗ്രഹിക്കുന്നില്ല. വിലക്കിലൂടെ അവ ഉയര്‍ത്തുന്ന ചില റിസ്കുകള്‍ ഒഴിവാക്കാമെങ്കിലും ചില ഇടപാടുകള്‍ക്ക് അത് തടസ്സമാകും. അതിനാല്‍ ആഗോളതലത്തിലുള്ള ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ പ്രാദേശികമായി രജിസ്റ്റര്‍ ചെയ്ത് കള്ളപ്പണം വെളുപ്പിക്കലും മറ്റ് തട്ടിപ്പുകളും ഇല്ലാതിരിക്കാന്‍ കര്‍ശനമായ നിരീക്ഷണം നടത്താനാണ് കേന്ദ്രം ആലോചിക്കുന്നത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)