യുഎസ് പ്രസിഡന്റ് ട്രംപ് ഏര്‍പ്പെടുത്തിയ 50 ശതമാനം ഉയര്‍ന്ന താരിഫ് പ്രതികൂലമായി ബാധിച്ച ഇന്ത്യന്‍ കയറ്റുമതിക്കാരെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ സമഗ്രമായ പാക്കേജ് തയ്യാറാക്കുകയാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. കയറ്റുമതി മേഖയില്‍ താരിഫ് വര്‍ധന ഉണ്ടാക്കിയ സ്വാധീനം വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് വിലയിരുത്തി വരികയാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 27 ന് 25% ശതമാനം അധിക താരിഫ് നിലവില്‍ വന്നതിന് ശേഷം വിവിധ വ്യവസായങ്ങള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി വിവരങ്ങള്‍ പങ്കിടുന്നുണ്ടെന്ന് പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ നിര്‍മല സീതാരാമന് പറഞ്ഞു.
മന്ത്രാലയങ്ങളുടെ വിശദമായ അപഗ്രഥനം ലഭിച്ചാലേ ഇന്ത്യക്ക് മേല്‍ ട്രംപ് താരിഫുകള്‍ എത്രമാത്രം ആഘാതം ചെലുത്തുമെന്ന് കണക്കാക്കാനാവൂയെന്നും ധനമന്ത്രി പറഞ്ഞു. തൊഴിലാളി കേന്ദ്രീകൃത മേഖലകളായ തുണിത്തരങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, ചെമ്മീന്‍, തുകല്‍, പാദരക്ഷകള്‍, മൃഗ ഉല്പന്നങ്ങള്, രാസവസ്തുക്കള്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ യന്ത്രങ്ങള്‍ എന്നീ മേഖലകളെ താരിഫ് പ്രതികൂലമായി ബാധിച്ചെന്നാണ് വിലയിരുത്തല്‍. ഫാര്‍മ, ഊര്‍ജ്ജം, ഇലക്ട്രോണിക്സ് എന്നിവയെഇതുവരെ താരിഫുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2024-25ല്‍ ഇന്ത്യയുടെ 437.42 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചരക്ക് കയറ്റുമതിയുടെ 20 ശതമാനവും യുഎസിലേക്കായിരുന്നു.
ജിഎസ്ടി-ജനങ്ങളുടെ പരിഷ്കരണം
ജിഎസ്ടി പരിഷ്കരണത്തെ ‘ജനങ്ങളുടെ പരിഷ്കരണം’ എന്ന് നിര്‍മല സീതാരാമന് വിശേഷിപ്പിച്ചു. സോപ്പ് മുതല്‍ കാറുകള്‍, ട്രാക്ടറുകള്‍, എയര്‍കണ്ടീഷണറുകള്‍ വരെയുള്ള 400 ഓളം ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്കുകള്‍ കുറയുന്നത് ഗാര്‍ഹിക ചെലവ് കുറയ്ക്കുകയും ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ധനമന്ത്രി ഊന്നിപ്പറഞ്ഞു.
സെപ്തംബര്‍ 22 മുതലാണ് പുതിയ ജിഎസ്ടി സ്ലാബുകള്‍ പ്രാബല്യത്തില്‍ വരുന്നത്. നേരത്തെയുണ്ടായിരുന്ന 12 ശതമാനം, 28 ശതമാനം നിരക്കുകള്‍ ഒഴിവാക്കി അവയിലുള്ള സാധന, സേവനങ്ങള്‍ 5 ശതമാനം, 18 ശതമാനം നികുതി ഘടനയിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. റൊട്ടി, പാല്, പനീര്‍ തുടങ്ങി അവശ്യ ഭക്ഷ്യവസ്തുക്കള്‍ നികുതി രഹിതമായി തുടരും. അതേസമയം ചൂതാട്ടം, ഓണ്‍ലൈന്‍ ഗെയിമിംഗ്, ലോട്ടറി തുടങ്ങിയവയ്ക്ക് 40% ഉയര്‍ന്ന നികുതിയും ഈടാക്കും.
രൂപയുടെ മൂല്യം
രൂപയുടെ മൂല്യവും വിനിമയ നിരക്കും സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. ആഗോളതലത്തില്‍ ശക്തിപ്രാപിച്ച യുഎസ് ഡോളറിനെ അപേക്ഷിച്ച് മാത്രമാണ് രൂപയുടെ മൂല്യം ഇടിയുന്നതെന്നും മറ്റ് കറന്സികള്ക്കെതിരെയല്ലെന്നും ധനമന്ത്രി പറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം അടുത്തിടെ 88.27 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തിയിരുന്നു.