ഓഗസ്റ്റ് മാസത്തില്‍ രാജ്യത്തെ യാത്രാ വാഹന വില്‍പ്പനയില്‍ 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 2% ഇടിവ്. ഇരുചക്ര വാഹന വിപണി മെച്ചപ്പെട്ട നേട്ടമുണ്ടാക്കിയ മാസത്തിലാണ് കാര്‍ വില്‍പ്പനയില്‍ മാന്ദ്യമുണ്ടായത്. പരിഷ്കരിച്ച ജിഎസ്ടി നിരക്കുകള്‍ കാറുകളുടെ വില കുറയാന്‍ ഇടയാക്കുമെന്ന പ്രതീക്ഷയില്‍ ഉപഭോക്താക്കള്‍ വാങ്ങല്‍ വൈകിപ്പിക്കുന്നതാണ് വില്‍പ്പന ഇടിവിന് കാരണമെന്ന് മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ (എം&എം) എസ്യുവി വില്‍പ്പന ഓഗസ്റ്റില്‍ 9% കുറഞ്ഞ് 39,399 യൂണിറ്റായി. 2021 നവംബറിന് ശേഷം എസ്യുവി വിഭാഗത്തിലെ ആദ്യത്തെ പ്രതിമാസ ഇടിവാണിതെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാള്‍ ചൂണ്ടിക്കാട്ടി. ഡീലര്‍മാരുടെ പക്കല്‍ അധിക സ്റ്റോക്ക് എത്തിക്കാതിരിക്കാനും കമ്പനി ശ്രദ്ധിക്കുന്നുണ്ട്.
മാരുതി സുസുക്കിയുടെ വില്‍പ്പന താരതമ്യേന സ്ഥിരത പുലര്‍ത്തി. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം വില്‍പ്പന 0.6% കുറഞ്ഞ് 180,683 യൂണിറ്റായി. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 4.2% ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ടാറ്റ മോട്ടോഴ്സിന്റെ വില്‍പ്പന 2.6% കുറഞ്ഞ് 43,315 യൂണിറ്റായി.
വാഹനങ്ങളുടെ ജിഎസ്ടി കുറയുന്നത് പ്രതീക്ഷിച്ച് ഉപഭോക്താക്കള്‍ വാങ്ങലുകള്‍ മാറ്റിവയ്ക്കുന്നതിനാല്‍ റീട്ടെയില്‍ കാര്‍ വില്‍പ്പന സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്ന് മോത്തിലാല്‍ ഓസ്വാള്‍ ചൂണ്ടിക്കാട്ടി. എസ്യുവികളുടെ പരമാവധി ജിഎസ്ടി നിരക്ക് നിലവിലെ 43-50% ല്‍ നിന്ന് 40% ആയി കുറച്ചാല്‍, ഉയര്‍ന്ന ശരാശരി വില്‍പ്പന വില കണക്കിലെടുക്കുമ്പോള്‍, എന്‍ട്രി ലെവല്‍ കാറുകളേക്കാള്‍ മികച്ച ആനുകൂല്യം എസ്യുവികള്‍ക്ക് ലഭിക്കുമെന്ന് ബ്രോക്കറേജ് അഭിപ്രായപ്പെട്ടു.
ജിഎസ്ടി കൗണ്‍സില്‍ യോഗം
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ സംസ്ഥാന ധനമന്ത്രിമാര്‍ പങ്കെടുക്കുന്ന 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ബുധനാഴ്ചയാണ് ചേരുന്നത്. നിലവിലെ 12%, 28% സ്ലാബുകള്‍ ഒഴിവാക്കി അവയിലുള്ള ഇനങ്ങള്‍ 5%, 18% എന്നീ രണ്ട് സ്റ്റാന്‍ഡേര്‍ഡ് നികുതി സ്ലാബുകളിലേക്ക് കൊണ്ടുവരാനുള്ള നിര്‍ദേശം ഈ യോഗത്തില്‍ ചര്‍ച്ചയാകും.
എല്ലാ പാസഞ്ചര്‍ വാഹനങ്ങളും നിലവില്‍ 28% ജിഎസ്ടി സ്ലാബിലാണുള്ളത്. എന്നാല്‍ ഇന്ധനത്തെയും സെസ്സിനെയും ആശ്രയിച്ച് ഉപവിഭാഗങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകളുണ്ട്. നാല് മീറ്റര്‍ വരെയുള്ള ചെറിയ കാറുകള്‍ക്ക് 28% നികുതി ചുമത്തുന്നു. അതേസമയം വലിയ കാറുകള്‍ക്ക് 43-50% വരെ ഉയര്‍ന്ന നിരക്കുകളാണുള്ളത്.
മധ്യവര്‍ഗത്തിന് പ്രയോജനം നല്‍കുന്നതിനായി ജിഎസ്ടി നിരക്ക് കുറയ്ക്കല്‍ ചെറിയ കാറുകളില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ കണക്കാക്കുന്നു. അതേസമയം വലിയ കാറുകള്‍ ‘ആഡംബര’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉയര്‍ന്ന നികുതി സ്ലാബില്‍ തുടരുകയും ചെയ്യാം.