കീഴുദ്യോഗസ്ഥയുമായുള്ള രഹസ്യബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ബേബിഫുഡ് നിര്‍മ്മാതാക്കളായ നെസ്ലെ സിഇഒയെ പുറത്താക്കി. ലോറന്റ് ഫ്രക്സിയെയാണ് സിഇഒ സ്ഥാനത്തും നിന്നും നീക്കിയത്. ഫിലിപ്പ് നവ്രാറ്റിലിനെ പുതിയ സിഇഒ ആയി നിയമിച്ചു. 2001-ല്‍ കമ്പനിയിലെത്തിയ ഫിലിപ്പ് നെസ്പ്രെസ്സോ വിഭാഗത്തിന്റെ മേധാവിയായിരുന്നു.
നെസ്ലെയുടെ ബിസിനസ് മാര്‍ഗ്ഗദര്‍ശനങ്ങളെ ലംഘിച്ചതുകൊണ്ടാണ് ലോറന്റിനെ സിഇഒ സ്ഥാനത്ത് നിന്നും നീക്കിയതെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. ലോറന്റിന് കീഴില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരിയുമായി അദ്ദേഹത്തിന് രഹസ്യബന്ധം ഉണ്ടായിരുന്നതായി ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തീരുമാനം അനിവാര്യമായിരുന്നുവെന്നും നെസ്ലെയുടെ ഭരണരീതികള്‍ കര്‍ശനമായി പിന്തുടരുമെന്നും കമ്പനിയുടെ മൂല്യങ്ങളും പ്രവര്‍ത്തനരീതിയുമാണ് കമ്പനിയുടെ ശക്തമായ അടിത്തറയെന്നും ലോറന്റിനെതിരായ അന്വേഷണത്തിന് നേതൃത്വം നല്കിയ ചെയര്മാന് പോള്‍ ബള്‍ക്ക് വ്യക്തമാക്കി.
മധ്യ അമേരിക്കയിലും കമ്പനിയുടെ ആഗോള കോഫി ബിസിനസിലുമായി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആളാണ് പുതിയ സിഇഒ ആയ നവ്രാറ്റില്‍. 2001-ല്‍ ആഭ്യന്തര ഓഡിറ്ററായാണ് നവ്രാറ്റില്‍ നെസ്ലെയില്‍ എത്തിയത്. 2020-ല്‍ ഇദ്ദേഹം കമ്പനിയുടെ കോഫി ബിസിനസ് യൂണിറ്റിലേക്ക് എത്തി. 2024-ല്‍ നെസ്ലെയുടെ നെസ്പ്രെസ്സോ വിഭാഗത്തിന്റെ സിഇഒ ആയി നിയമിതനായി.
സ്വിറ്റ്സര്‍ലന്‍ഡിലെ വെവെയിലാണ് നെസ്ലെയുടെ ആസ്ഥാനം.