റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി സെപ്റ്റംബറിലും ശക്തമായി തുടരാന്‍ ഇന്ത്യ. എണ്ണ ഇറക്കുമതിയില്‍ യുഎസിന്റെ ഒരു വിധത്തിലുള്ള സമ്മര്‍ദ്ദത്തിനും വഴങ്ങേണ്ടതില്ലെന്നാണ് തീരുമാനം. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 10-20% അധികം ക്രൂഡ് ഓയില്‍ ഇന്ത്യന്‍ വ്യാപാരികള്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യും.
ഉക്രെയ്നിന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ റഷ്യയുടെ നിരവധി റിഫൈനറികള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും സംസ്കരണ ശേഷി കുറയ്ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ കൂടുതയായി വിറ്റഴിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതിനായി ക്രൂഡ് ഓയിലിന് റഷ്യന്‍ കയറ്റുമതിക്കാര്‍ വില കുറച്ചതോടെയാണ് എണ്ണ വാങ്ങല്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
ആഗസ്റ്റ് മാസത്തിലെ ആദ്യ 20 ദിവസങ്ങളില്‍ ഇന്ത്യ പ്രതിദിനം 1.5 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. ജനുവരി-ജൂണ്‍ മാസങ്ങളിലെ ശരാശരിയേക്കാള്‍ അല്‍പ്പം കുറവാണിത്. ഇന്ത്യയുടെ മൊത്തം ഊര്‍ജ ആവശ്യകതയുടെ ഏകദേശം 40% ഇപ്പോള്‍ നികത്തുന്നത് റഷ്യന്‍ എണ്ണയാണ്. 2022 ല്‍ ഉക്രെയ്ന് യുദ്ധം ആരംഭിച്ച ശേഷം റഷ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ക്രൂഡ് ഇറക്കുമതിക്കാരായി ഇന്ത്യ മാറിയിട്ടുണ്ട്.
മികച്ച ഡിസ്കൗണ്ട്
ആഗോള ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡിനേക്കാള്‍ ബാരലിന് 2-3 ഡോളര്‍ ഡിസ്കൗണ്ട് വിലയാണ് സെപ്റ്റംബറില്‍ റഷ്യന്‍ കയറ്റുമതിക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഓഗസ്റ്റില്‍ റഷ്യ നല്‍കിയിരുന്നത് 1.5 ഡോളര്‍ ഡിസ്കൗണ്ട് മാത്രമായിരുന്നു. ആകര്‍ഷകമായ വിലയില്‍ റിഫൈനര്‍മാരായ റിലയന്‍സും നയാര എനര്‍ജിയും വാങ്ങലുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിര്‍ത്തിയാല്‍, ആഗോള എണ്ണ വിതരണം പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ കുറയുമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ പറയുന്നു. ഇതോടെ ആഗോള എണ്ണ വില വീണ്ടും ബാരലിന് 100 ഡോളറിലേക്ക് ഉയര്‍ന്നേക്കാം. എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ശക്തമായ ഇറക്കുമതി കുറഞ്ഞത് ഒക്ടോബര്‍ ആദ്യം വരെ തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.