അടുത്ത പത്ത് വര്‍ഷത്തില്‍ ഇന്ത്യയിലെ ഗാര്‍ഹിക സമ്പാദ്യം മൊത്തത്തില്‍ 9.5 ട്രില്യണിന്റെ സാമ്പത്തിക ആസ്തി സൃഷ്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്ക്സ്. വരുംദശാബ്ദത്തില്‍ ഇന്ത്യയിലെ ഗാര്‍ഹിക സമ്പാദ്യം രാജ്യത്തിന്റെ ജിഡിപിയുടെ ശരാശരി 13 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന അനുമാനമാണ് ഗോള്‍ഡ്മാന്‍ സാക്സ് പങ്കുവെക്കുന്നത്.
കഴിഞ്ഞ ദശാബ്ദത്തില്‍ ഗാര്‍ഹിക സമ്പാദ്യം ജിഡിപിയുടെ 11.6 ശതമാനമായിരുന്നു.
ഗാര്‍ഹിക സമ്പാദ്യം വര്‍ധിക്കുന്നത് പല മേഖലകളിലേക്കും പണത്തിന്റെ ഒഴുക്കിന് കാരണമാകുകയും സാമ്പത്തിക ആസ്തികളില്‍ വര്‍ധനയുണ്ടാക്കുകയും ചെയ്യും. മൊത്തത്തിലുള്ള സമ്പാദ്യത്തില്‍ വലിയൊരു ശതമാനം, ഏതാണ്ട് 4 ട്രില്യണ്‍ ഡോളര്‍ ഇന്‍ഷുറന്‍സ്, പെന്ഷന്, വാര്‍ധക്യകാല ഫണ്ടുകള്‍ തുടങ്ങിയ ദീര്‍ഘകാല സമ്പാദ്യ ഉല്‍പ്പന്നങ്ങള്‍ക്കായി ആളുകള്‍ മാറ്റിവെക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഇക്വിറ്റി, മൂച്വല്‍ഫണ്ടുകള്‍ എന്നിവയിലും ളുകള്‍ കൂടുതലായി പണം നിക്ഷേപിക്കും. ഏതാണ്ട് 0.8 ട്രില്യണ്‍ ഡോളറിന്റെ സമ്പാദ്യം ഇതായിരിക്കും. 3.5 ട്രില്യണ്‍ ഡോളര്‍ ബാങ്ക് നിക്ഷേപങ്ങള്‍ ആയിരിക്കും.
മറ്റ് രാജ്യങ്ങളിലേത് പോലെ വരുമാനത്തില്‍ വര്‍ധനയുണ്ടാകുന്നതും സാമ്പത്തിക സംവിധാനങ്ങള്‍ പക്വതയാര്‍ജ്ജിക്കുന്നതുമാണ് സമ്പാദ്യം കൂടാനുള്ള കാരണമെന്നും ഗോള്‍ഡ്മാന്‍ സാക്ക്സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ്ണം തുടങ്ങിയ ഭൗതികമായ ആസ്തികളില്‍ നിന്നും ആളുകളുടെ ശ്രദ്ധ സാമ്പത്തിക ആസ്തികളിലേക്ക് തിരിയുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വരുംദശാബ്ദത്തില്‍ സമ്പാദ്യത്തിന്റെ സാമ്പത്തികവല്‍ക്കരണം രാജ്യത്ത് കൂടുതല്‍ ആഴത്തിലാകും.

ഗാര്‍ഹിക സമ്പാദ്യം വര്‍ധിക്കുന്നത് കൊണ്ട് രാജ്യത്ത് ഉണ്ടാകാന്‍ പോകുന്ന മൂന്ന് അനന്തരഫലങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒന്നാമതായി, രാജ്യത്തെ കോര്‍പ്പറേറ്റ് മൂലധനത്തിന് സ്ഥിരതയുള്ള അടിത്തറയുണ്ടാകും. രണ്ടാമതായി, ബോണ്ട് വിപണികള്രക്ക് അത് നേട്ടമാകും. ദീര്‍ഘകാല കോര്‍പ്പറേറ്റ് ബോണ്ടുകളോ സര്‍ക്കാര്‍ ബോണ്ടുകളോ പുറത്തിറങ്ങും. ഇത് അടിസ്ഥാനസൗകര്യമേഖല വികസനത്തിന് വേണ്ട ഫണ്ടുകള്‍ നല്‍കും. മൂന്നാമതായി, സമ്പാദ്യം വര്‍ധിക്കുന്നതോടെ മൂലധന വിപണികളില്‍ റീട്ടെയ്ല്‍ പങ്കാളിത്തം വര്‍ധിക്കും. ഇത് പ്രൊഫഷണല്‍ വെല്‍ത്ത് മാനേജ്മെന്റ് സേവനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിപ്പിക്കും.
അതേസമയം വരുമാനം, പണപ്പെരുപ്പം, പലിശനിരക്ക്, റിസ്ക്, ഫിനാന്‍ഷ്യല്‍ വിപണികളിലേക്കുള്ള പ്രവേശന സാധ്യത എന്നിങ്ങനെ പല ഘടകങ്ങള്‍ ഭൗതിക ആസ്തി വേണോ സാമ്പത്തിക ആസ്തി വേണോ എന്ന ആളുകളുടെ തീരുമാനത്തെ സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.