അമേരിക്കക്ക് മുന്‍തൂക്കം ലഭിക്കുന്ന സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിരിക്കെ ശക്തമായ സന്ദേശം നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കര്‍ഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും താല്‍പ്പര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് പരമപ്രധാനമാണെന്ന് മോദി പറഞ്ഞു. ട്രംപിന്റേത് സാമ്പത്തിക സ്വാര്‍ത്ഥ താല്‍പ്പര്യമാണെന്ന് അദ്ദേഹത്തിന്റെ പേരെടുത്തു പറയാതെ മോദി കുറ്റപ്പെടുത്തി. എത്ര സമ്മര്‍ദ്ദം വര്‍ധിപ്പിച്ചാലും അത് സഹിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മോദി പറഞ്ഞു.
‘ഇന്ന് ലോകത്ത് നടക്കുന്ന സാമ്പത്തിക സ്വാര്‍ത്ഥതാല്‍പ്പര്യത്താല്‍ നയിക്കപ്പെടുന്ന രാഷ്ട്രീയത്തിന് നിങ്ങള്‍ എല്ലാവരും സാക്ഷ്യം വഹിക്കുന്നു. അഹമ്മദാബാദിന്റെ ഈ മണ്ണില്‍ നിന്ന്, എന്റെ ചെറുകിട സംരംഭകരോടും, കടയുടമകളോടും, കര്‍ഷകരോടും, കന്നുകാലി വളര്‍ത്തുന്നവരോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. ചെറുകിട സംരംഭകര്‍ക്കോ, കര്‍ഷകര്‍ക്കോ, കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കോ ഒരു ദോഷവും സംഭവിക്കാന്‍ എന്റെ സര്‍ക്കാര്‍ അനുവദിക്കില്ല,’ പ്രധാനമന്ത്രി പറഞ്ഞു.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് മേല്‍ ട്രംപ് പ്രഖ്യാപിച്ച 25% അധിക താരിഫ് നടപ്പാകാന്‍ ഏതാനും ദിവസം മാത്രം ശേഷിക്കെയാണ് മോദി ട്രംപിനോടുള്ള എതിര്‍പ്പ് പരസ്യമാക്കുന്നത്. 5400 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ ഗുജറാത്തിലെത്തിയതായിരുന്നു മോദി.
രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായി ഒരു കരാറുമില്ല
ആഭ്യന്തര കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി, വിദേശ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യങ്ങളെ ഇന്ത്യ എതിര്‍ത്തെന്ന് കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാനും പറഞ്ഞു. രാജ്യത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായി ഒരു കരാറിലും ഒപ്പുവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അവരുടെ (യുഎസ്) കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കായി ഞങ്ങളുടെ വാതിലുകള്‍ തുറക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. അവര്‍ ജിഎം വിത്തുകള്‍ ഉപയോഗിച്ച് ഹെക്ടര്‍ കണക്കിന് ഭൂമിയില്‍ കൃഷി ചെയ്യുകയും സബ്സിഡികള്‍ നേടുകയും ചെയ്യുന്നു. നമ്മുടെ ചെറുകിട കര്‍ഷകര്‍ക്ക് മത്സരത്തെ ചെറുക്കാന്‍ കഴിയുമായിരുന്നില്ല. നമ്മള് ഭയപ്പെടുമെന്ന് അവര്‍ കരുതി. എന്നാല്‍ ഇത് ആത്മവിശ്വാസം കൊണ്ട് നിറഞ്ഞിരിക്കുന്ന ഇന്നത്തെ ഭാരതമാണ്,’ ചൗഹാന് കൂട്ടിച്ചേര്‍ത്തു.
ദൈനംദിന ഉപയോഗത്തിനായി തദ്ദേശീയമായി നിര്‍മിച്ച വസ്തുക്കള്‍ വാങ്ങാന്‍ പ്രധാനമന്ത്രി 144 കോടി ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ചൗഹാന് പറഞ്ഞു.