ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ യുഎസ് താരിഫ് വര്‍ദ്ധിപ്പിച്ചാലും ഡിസ്കൗണ്ടില്‍ എണ്ണ ലഭിക്കുന്ന മികച്ച ഡീലുകളില്‍ ഇന്ത്യ ഏര്‍പ്പെടുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ അധിക താരിഫ് ചുമത്താനുള്ള യുഎസ് തീരുമാനം അന്യായവും, യുക്തിരഹിതവും, നീതീകരിക്കാനാവാത്തതുമാണെന്ന് കുമാര്‍ പറഞ്ഞു.
‘ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം, റഷ്യയുമായും മറ്റ് നിരവധി രാജ്യങ്ങളുമായും ഇന്ത്യയുടെ സഹകരണം ആഗോള എണ്ണ വിപണിയില്‍ സ്ഥിരത കൈവരിക്കാന്‍ സഹായിച്ചിട്ടുണ്ട്,’ വിനയ് കുമാര്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞു.
ഇന്ത്യയുടെ ഊര്‍ജ്ജ നയം ബാഹ്യ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്‍ അധിഷ്ഠിതമല്ലെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് വിശ്വസനീയമായ ഇന്ധന വിതരണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയാണെന്നും അദ്ദേഹം വ്യകാതമാക്കി. ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും കുമാര്‍ പറഞ്ഞു.
ട്രംപിന്റെ താരിഫ് ഭീഷണിക്കിടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ ഇന്ത്യ ആവര്‍ത്തിച്ച് ന്യായീകരിക്കുകയാണ്. സാമ്പത്തിക സ്ഥിരതയ്ക്ക്, താങ്ങാനാവുന്ന വിലയിലുള്ള ഊര്‍ജ്ജം ലഭ്യമാകേണ്ടത് നിര്‍ണായകമാണെന്ന് ഇന്ത്യ വാദിക്കുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും മറ്റും മോസ്കോയുമായി വ്യാപാരം തുടരുന്നുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
‘ഞങ്ങളുടെ വ്യാപാരം വിപണി ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക എന്ന മൊത്തത്തിലുള്ള ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്. യുഎസും യൂറോപ്പും ഉള്‍പ്പെടെ മറ്റ് രാജ്യങ്ങള്‍ റഷ്യയുമായി ഇപ്പോഴും വ്യാപാരം നടത്തുന്നുണ്ട്,’ കുമാര്‍ പറഞ്ഞു.