ഹോളിവുഡിലെ എക്കാലത്തെയും മാസ്മരിക കഥാപാത്രമായ ബാറ്റ്മാനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരു വണ്ടി പുറത്തിറക്കിയാല്‍ ബാറ്റ്മാന് ആരാധകര്‍ വെറുതെ ഇരിക്കുമോ, എങ്ങനെയും ഒരു വണ്ടി കിട്ടാന്‍ അവര്‍ ശ്രമിക്കില്ലേ. അതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബുക്കിംഗ് ഓപ്പണ്‍ ചെയ്ത് 135 സെക്കന്‍ഡിനുള്ളില്‍ 999 വണ്ടികള്‍ വിറ്റുപോയതായി മഹീന്ദ്ര & മഹീന്ദ്ര പ്രഖ്യാപിച്ചു. BE6 ബാറ്റ്മാന് എഡിഷന് പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ റെക്കോഡ് നേട്ടം.
79ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആഗസ്റ്റ് 14-ന് വൈകുന്നേരമാണ് മഹീന്ദ്ര ബാറ്റ്മാന് എഡിഷന് എസ്യുവി പുറത്തിറക്കിയത്. ലിമിറ്റഡ് എഡിഷനായി 300 വണ്ടികള്‍ മാത്രം പുറത്തിറക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാല്‍ ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്ന് 999 യൂണിറ്റുകള്‍ പുറത്തിറക്കാന്‍ കമ്പനി പ്രേരിതരാകുകയായിരുന്നു. എന്നിട്ടുപോലും രണ്ട് മിനിട്ടിനുള്ളില്‍ ബുക്കിംഗ് പൂര്‍ത്തിയായി.
വാര്‍ണര്‍ ബ്രോസ് ഡിസ്കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ട്സുമായി ചേര്‍ന്നാണ് മഹീന്ദ്ര ബാറ്റ്മാന് എഡിഷന് പുറത്തിറക്കുന്നത്. ബാറ്റ്മാന് സിനിമയുടെ ഐതിഹാസികതയും അത്യാധുനിക ഇവി ഡിസൈനും പ്രകടനവും ഒത്തിണക്കി കൊണ്ടുള്ള ഒരു മോഡലായിരിക്കും BE 6 ബാറ്റ്മാന് എഡിഷനെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. 27.79 ലക്ഷം രൂപയായിരിക്കും മോഡലിന്റെ എക്സ് ഷോറൂം വില. ബുക്ക് ചെയ്തവര്‍ക്ക് 2025 സെപ്റ്റംബര്‍ 20 മുതല്‍ വണ്ടി ഡെലിവര്‍ ചെയ്തുതുടങ്ങും.