ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെട്ടുവരുന്നതിനിടയിലും ഇന്ത്യയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദന മേഖലയിലെ എന്‍ജിനീയര്‍മാരെ പിന്‍വലിച്ച് ചൈന. തായ്വാന് ആസ്ഥാനമായ മൊബൈല്‍ ഫോണ്‍ കരാര്‍ നിര്‍മാതാക്കളായ ഫോക്സ്കോണിന്റെ അനുബന്ധ സ്ഥാപനമായ യുഷാന്‍ ടെക്നോളജിയാണ് ഇന്ത്യയിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് 300 ചൈനീസ് എഞ്ചിനീയര്‍മാരെ തിരിച്ചുവിളിച്ചത്. സമീപ മാസങ്ങളില്‍ ഇത് രണ്ടാം തവണയാണ് ചൈനീസ് എന്‍ജിനീയര്‍മാരെ കാരണമൊന്നും വ്യക്തമാക്കാതെ തിരികെ വിളിക്കുന്നത്.
ഇപ്പോള്‍ പോകണ്ട
ഇന്ത്യയിലേക്ക് ഉടന്‍ വരേണ്ടിയിരുന്ന 60 സാങ്കേതിക വിദഗ്ധരോട് ഇപ്പോള്‍ പോകേണ്ടെന്ന് ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ജൂലൈയില്‍ ആപ്പിളിന്റെ കരാര്‍ നിര്‍മാതാക്കളായ ഫോക്സ്കോണിന്റെ ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്ന് ഏകദേശം 300 ചൈനീസ് എഞ്ചിനീയര്‍മാരെയും ടെക്നീഷ്യന്മാരെയും ചൈന തിരിച്ചുവിളിച്ചിരുന്നു. ഇന്ത്യയിലെ കമ്പനിയുടെ നിക്ഷേപത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഫോക്സ്കോണ്‍ ചെയര്മാന് യംഗ് ലിയുവിനോട് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.
മറുവഴി കണ്ട് ഫോക്സ്കോണ്‍
അതേസമയം ചൈനയുടെ ഇത്തരം പാരകള്‍ മൂലമുണ്ടാകുന്ന തടസങ്ങള്‍ പരിഹരിക്കാന്‍ ഫോക്സ്കോണും ബദല്‍ മാര്‍ഗങ്ങള്‍ തയാറാക്കിയിട്ടുണ്ട്. തായ്വാന് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള എഞ്ചിനീയര്‍മാരെ ഇന്ത്യയിലേക്ക് ഫോക്സ്കോണ്‍ കൊണ്ടുവരികയാണ്. ബെംഗളൂരുവിലെ രണ്ടാമത്തെ വലിയ നിര്‍മ്മാണ യൂണിറ്റില്‍ ആപ്പിള്‍ ഐഫോണ്‍ 17 ന്റെ ഉത്പാദനം ഫോക്സ്കോണ്‍ കഴിഞ്ഞയാഴ്ച ചെറിയതോതില്‍ ആരംഭിച്ചിരുന്നു. കമ്പനിയുടെ ചെന്നൈ നിര്‍മ്മാണ യൂണിറ്റിലും ഐഫോണ്‍ 17 ഉല്‍പ്പാദനം നടക്കുന്നുണ്ട്.
അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുക, നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുക, റെയര്‍ എര്‍ത്ത് മെറ്റല്‍സ് അടക്കമുള്ള മേഖലകളില്‍ വ്യാപാര സഹകരണം പര്യവേക്ഷണം ചെയ്യുക എന്നിവയുള്‍പ്പെടെയുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഇന്ത്യയും ചൈനയും നടപ്പിലാക്കി വരികയാണ്. എന്നിരുന്നാലും ഇന്ത്യ ഐഫോണ്‍ ഉല്‍പ്പാദന ഹബ്ബായി വളര്‍ന്നാല്‍ ചൈനയുടെ ബിസിനസില്‍ ഇടിവുണ്ടാകും. ഇന്ത്യയിലെ ഐഫോണ്‍ യൂണിറ്റുകളെ ബാധിക്കുന്ന തരത്തില്‍ എന്ജിനീയര്മാരെയും മറ്റും പിന്‍വലിക്കുന്നത് അതിനാലാണെന്ന് വിലയിരുത്തപ്പെടുന്നു.