തന്ത്രപ്രധാന ചര്‍ച്ചകള്‍ക്കൊടുവില്‍ റെയര്‍ എര്‍ത്ത് കയറ്റുമതിയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള ചൈനയുടെ തീരുമാനം ഏറ്റവും നേട്ടമാകുക ഇന്ത്യയിലെ ഇലക്ട്രോണിക്സ് മേഖലയ്ക്ക്. റെയര്‍ എര്‍ത്ത് മൂലകങ്ങളുടെയും മറ്റ് നിര്‍ണ്ണായക ധാതുക്കളുടെയും കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാനുള്ള ചൈനീസ് സര്‍ക്കാരിന്റെ തീരുമാനം ഇന്ത്യ ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ക്ക് ആശ്വാസമാകും. ഇലക്ട്രിക് വാഹനങ്ങള്‍, കംപ്യൂട്ടറുകള്‍, മൊബൈല്‍ ഫോണ്‍, ഗെയിമിംഗ് ഉപകരണങ്ങള്‍, ഡിസ്പ്ലേ വേണ്ടുന്ന ഉപകരണങ്ങള്‍ തുടങ്ങി ഇലക്ട്രോണിക്സ് ഉല്‍പ്പാദന രംഗത്തെ ക്ഷാമം ഇതോടെ നീങ്ങുമെന്നാണ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഒപ്പം തന്നെ രാജ്യത്തെ ആധുനിക നിര്‍മ്മാണ, ഗവേഷണ പ്രവര്ത്തനള്ക്കും ഈ തീരുമാനം ഗുണം ചെയ്യും.
ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, റോബോട്ടിക്സ്, മറ്റ് നൂതന സാങ്കേതിക വിദ്യകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പാദന മേഖലയില്‍ കാന്തങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ട അവശ്യവസ്തുക്കളിലൊന്നാണ് റെയര്‍ എര്‍ത്ത് മൂലകങ്ങള്‍. ഇവയുടെ പ്രധാന കയറ്റുമതി രാഷ്ട്രമായ ചൈന കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ഇന്ത്യയിലെ ഇലക്ട്രോണിക്സ് വിതരണ ശൃംഖല പ്രതിസന്ധിയിലായിരുന്നു.
ആപ്പിളിന്റെ എയര്‍പോഡുകളുടെ നിര്‍മ്മാണത്തില്‍ ഹൈദരാബാദിലെ ഫോക്സ്കോണ്‍ പ്ലാന്റ് ഉള്‍പ്പടെ ഇവയുടെ വിതരണക്ഷാമം നേരിട്ടിരുന്നു. റെയര്‍ എര്‍ത്ത് മാഗ്നറ്റുകള്‍ ധാരാളമായി വേണ്ടുന്ന മേഖലയാണ് ഇലക്ട്രോണിക്സ് ഉപകരണ, വാഹന നിര്‍മ്മാണ മേഖല. ചൈനയുടെ തീരുമാനത്തിന് പിന്നാലെ ബ്രാന്്ഡ്വര്ക്സ്, ബോട്ട് പോലുള്ള കമ്പനികള്‍ ക്ഷാമം നേരിട്ടു. മോട്ടറുകള്‍ക്കും ബാറ്ററികള്‍ക്കും റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ആവശ്യമാണെന്നതിനാല്‍ ഇലക്ട്രിക് വാഹന മേഖലയും പ്രതിസന്ധിയിലായി. എന്നാല്‍ ഇവയൊന്നും ഉല്‍പ്പാദനം നിര്‍ത്തിവെക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് സൂചന.
നിയന്ത്രണങ്ങള്‍ നീക്കുന്നത് ഇലക്ട്രോണിക്സ് വ്യവസായ മേഖലയ്ക്ക്
ആശ്വാസമാകുമെന്നും ചൈനയുമായുള്ള ബന്ധം സാധാരണനിലയിലേക്ക് എത്താന്‍ സഹായകമാകുമെന്നും വിദഗ്ധര്‍ കരുതുന്നു.
ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്നത് തന്ത്രപ്രധാന പങ്കാളിയെന്ന നിലയില്‍ ചൈനയുടെ വ്യാവസായിക, നയതന്ത്രസ്ഥാനം ഉറപ്പിക്കുന്നതിന് ഗുണം ചെയ്യും. ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്രം പാളുന്നത് ചൈനയ്ക്കാണ് നേട്ടമാകുക. അമേരിക്ക വ്യാപാര കരാറുകളില്‍ നിന്ന് ഉള്‍വലിയുകയും താരിഫ് ചുമത്തുകയും ചെയ്യുമ്പോള്‍ ചൈന താരിഫ് രഹിത വ്യാപാരമെന്ന ഓഫര്‍ മുന്നോട്ടുവെക്കുകയാണ്. ഇത് അമേരിക്കയുടെ മത്സരക്ഷമതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.