ജിഎസ് ടി നിരക്ക് ഉദാരവല്‍ക്കരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന മന്ത്രിതല സംഘത്തിന്റെ യോഗം 5%, 18% സ്ലാബുകള്‍ വെട്ടിക്കുറച്ച് പരോക്ഷ നികുതി സംവിധാനം നവീകരിക്കാനുള്ള കേന്ദ്ര തീരുമാനം അംഗീകരിച്ചു. ബീഹാര്‍ ഉപ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിലവിലെ നാല് നിരക്കുകളിലുള്ള ഘടന (5, 12, 18, 28 ശതമാനങ്ങളില്‍) പരിഷ്കരിച്ച് രണ്ട് നിരക്കുകളില്‍, അതായത് നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പടെ മെറിറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 5 ശതമാനം, മറ്റുള്ള സ്റ്റാന്‍ഡേര്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് 18 ശതമാനം എന്ന ഘടന അംഗീകരിച്ചു. അതേസമയം ചുരുങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിലവിലെ 40 ശതമാനം പാപ നികുതി (sin tax) തുടരും. ആഡംബര കാറുകള്‍ക്ക് 40 ശതമാനം നികുതി ഏര്‍പ്പെടുത്താമെന്ന നിര്‍ദ്ദേശവും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശ് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന, രാജസ്ഥാന് ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ്, പശ്ചിമബംഗാള്‍ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, കര്‍ണ്ണാടക റവന്യൂമന്ത്രി കൃഷ്ണ ബൈര ഗൗഢ, കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്ന മറ്റ് അംഗങ്ങള്‍.
കേന്ദ്രം മുന്നോട്ടുവെച്ച ജിഎസ് ടി പരിഷ്കാരങ്ങള്‍ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും മിഡില്‍ക്ലാസിനും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ആശ്വാസം നല്കാന് ലക്ഷ്യമിട്ടുള്ളതാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ഇന്നലെ മന്ത്രിതല സംഘത്തിന്റെ യോഗത്തില്‍ പറഞ്ഞിരുന്നു. ലളിതവും സുതാര്യവും വളര്‍ച്ച ലക്ഷ്യമിട്ടുള്ളതുമായ നികുതി വ്യവസ്ഥ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നഷ്ടപരിഹാരം, സെസ്, ആരോഗ്യം, ലൈഫ് ഇന്‍ഷുറന്‍സ്, നിരക്ക് ഉദാരവല്‍ക്കരണം എന്നിവ സംബന്ധിച്ച് ജിഎസ് ടി കൗണ്‍സില്‍ ആണ് സംസ്ഥാന മന്ത്രിമാരെ ഉള്‍ക്കൊള്ളിച്ച് യോഗം സംഘടിപ്പിച്ചത്. ജിഎസ് ടി നിരക്ക് ഉദാരവല്‍ക്കരിക്കുന്നത് താങ്ങാവുന്ന വിലനിലവാരം ഉറപ്പാക്കുകയും ഉപഭോഗം വര്‍ധിപ്പിക്കുകയും അവശ്യ വസ്തുക്കള്‍ കൂടുതല്‍ ലഭ്യമാകുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് നയിക്കുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞിരുന്നു.
ഘടനാപരമായ പരിഷ്കാരം, നിരക്ക് ഉദാരവല്‍ക്കരണം, ജീവിക്കാനുള്ള സുഖം എന്നിങ്ങനെ മൂന്ന് തത്വങ്ങളില്‍ ഊന്നിയുള്ള പരിഷ്കാരങ്ങളാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും ആത്മനിര്‍ഭര ഭാരതമായി മാറുന്നതിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് ഗുണം ചെയ്യുന്ന നികുതി പരിഷ്കാരങ്ങളാണിതെന്നും നിര്‍മ്മല സീതാരാമന് മന്ത്രിതല സമിതിയെ അറിയിച്ചു.
വിപരീത നികുതി ഘടന തിരുത്തി നികുതി കുടിശ്ശിക വരുന്നത് ഒഴിവാക്കാനും ആഭ്യന്തര മൂല്യം വര്‍ധിപ്പിക്കാനും വിഭാഗങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാനും ഈ പരിഷ്കാരങ്ങളിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, ജിഎസ് ടി നയത്തില്‍ സ്ഥിരതയുണ്ടാകാനും വ്യവസായങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം ഉണ്ടാക്കാനും ദീര്‍ഘകാല ആസൂത്രണത്തിനും ഈ പരിഷ്കാരങ്ങള്‍ സഹായിക്കുമെന്നും മന്ത്രിമാരുടെ യോഗത്തില്‍ നിര്‍മ്മല സീതാരാമന് പറഞ്ഞു.