ടാക്സി സര്‍വീസ് കമ്പനിയായ റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴയിട്ട് ഓണ്‍ലൈന്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ). തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരിലാണ് നടപടി. ‘5 മിനിറ്റിനുള്ളില്‍ ഓട്ടോ അല്ലെങ്കില്‍ നേടൂ 50 രൂപ’ എന്ന ഓഫര്‍ ഉപയോഗിച്ചെങ്കിലും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്ത റീഇംബേഴ്സ്മെന്റ് തുക ലഭിച്ചിരുന്നില്ല. ഇവര്‍ക്ക് കമ്പനി പണം തിരികെ നല്‍കണമെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയം പറഞ്ഞു.
‘5 മിനിറ്റിനുള്ളില്‍ ഓട്ടോ അല്ലെങ്കില്‍ നേടൂ 50 രൂപ’, ‘ഗ്യാരണ്ടീഡ് ഓട്ടോ’ തുടങ്ങിയ റാപ്പിഡോയുടെ പരസ്യങ്ങള്‍ വ്യാജവും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ഉടനടി പിന്‍വലിക്കാനും ടാക്സി സേവന കമ്പനിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഉയരുന്ന പരാതികള്‍
നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈന്‍ (എന്‍സിഎച്ച്) ഡാറ്റ പ്രകാരം, 2024 ജൂണ്‍ മുതല്‍ 2025 ജൂലൈ വരെയുള്ള കാലയളവില്‍ റാപ്പിഡോയ്ക്കെതിരായി 1,224 പരാതികളാണ് ലഭിച്ചത്. 2023 ഏപ്രില്‍ മുതല്‍ 2024 മെയ് വരെയുള്ള കാലവയളവിലെ 575 പരാതികളില്‍ നിന്ന് ഇരട്ടിയിലേറെ വര്‍ധന. സേവനത്തിലെ പോരായ്മകള്‍, പേയ്മെന്റുകള്‍ തിരികെ നല്‍കാത്തത്, അമിത നിരക്ക് ഈടാക്കല്‍, വാഗ്ദാനം ചെയ്ത സേവനങ്ങള്‍ നല്കുന്നതില് പരാജയപ്പെടല്‍, ഉറപ്പായ ‘5 മിനിറ്റ്’ സേവനം പാലിക്കാത്തത് എന്നിവ സംബന്ധിച്ചാണ് പരാതികള്‍. റാപ്പിഡോയെ അറിയിച്ചിട്ടും ഈ പരാതികളില്‍ ഭൂരിഭാഗവും പരിഹരിക്കപ്പെടാതെ കിടക്കുന്നതായി മന്ത്രാലയം പറഞ്ഞു.
പണമല്ല, കോയിനുകള്‍
റാപ്പിഡോയുടെ പരസ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോണ്ടുകള്‍ വളരെ ചെറുതാണെന്നും വാഗ്ദാനം ചെയ്ത 50 രൂപ ആനുകൂല്യം യഥാര്‍ത്ഥ കറന്‍സിയല്ലെന്നും 50 രൂപ മൂല്യയുള്ള റാപ്പിഡോ കോയിന്‍സ് ആണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഈ കോയിനുകള്‍ റാപ്പിഡോ ബൈക്ക് സേവനങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്കേ പ്രയോജനപ്പെടുത്താന്‍ കഴിയൂ.