റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള അമേരിക്കയുടെ തീരുവ ഭീഷണിക്കിടെ റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ. റഷ്യയുമായുള്ള വ്യാപാരം വര്‍ധിപ്പിക്കണമെന്ന് സൂചിപ്പിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്. റഷ്യന്‍ കമ്പനികള്‍ ഇന്ത്യന്‍ കമ്പനികളുമായി കൂടുതല്‍ അടുപ്പമുണ്ടാക്കണമെന്ന് വിദേശകാര്യമന്ത്രി റഷ്യ സന്ദര്‍ശനത്തിനിടെ പറഞ്ഞു. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പോലുള്ള പദ്ധതികള്‍ വിദേശ ബിസിനസുകള്‍ക്ക് മുമ്പില്‍ പുതിയ അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണെന്നും ഇതെല്ലാം റഷ്യന്‍ കമ്പനികള്‍ക്ക് ഇന്ത്യയുമായി കൂടുതല്‍ അടുക്കാനുള്ള സാധ്യതകളാണെന്നും എസ് ജയ്ശങ്കര് വ്യക്തമാക്കി.
‘4 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുള്ള, ആസന്നഭാവിയില്‍ 7% വളര്‍ച്ച കൈവരിക്കുന്ന ഇന്ത്യയ്ക്ക് ആശ്രയിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നും വലിയ അളവില്‍ വിഭവങ്ങള്‍ വേണ്ടതുണ്ട്. ചിലപ്പോഴത് അവശ്യവസ്തുകക്കളോ വളമോ, രാസവസ്തുക്കളോ, യന്ത്രങ്ങളോ പോലുള്ളവ ആയിരിക്കാം. സ്വന്തം രാജ്യത്ത് മികവ് തെളിയിച്ച കമ്പനികള്‍ക്ക് ഇന്ത്യയിലെ അതിവേഗം വളരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ബിസിനവസ് അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു’, ജയ്ശങ്കര് പറഞ്ഞു.
‘മെയ്ക്ക് ഇന്‍ ഇന്ത്യയും’ മറ്റ് പദ്ധതികളും വിദേശ ബിസിനസുകള്‍ക്ക് പുതിയ അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്. ഇന്ത്യയിലെ ആധുനികവല്‍ക്കരണവും നഗരവല്‍ക്കരണവും അതിന്റേതായ ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുന്നു, ഉപഭോഗത്തിലും ജീവിതശൈലിയിലും മാറ്റങ്ങളുണ്ടാകുന്നു. ഇവയോരോന്നും തങ്ങളുടെ മേഖലയിലെ ഇന്ത്യന്‍ കമ്പനികളുമായി കൂടുതല്‍ അടുക്കാനുള്ള ക്ഷണമാണ് റഷ്യന്‍ കമ്പനികള്‍ക്ക് മുമ്പില്‍ വെക്കുന്നത്’, മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ കാലത്ത് സുപ്രധാന രാഷട്രങ്ങള്‍ക്കിടയിലെ ഏറ്റവും ശക്തമായ ബന്ധങ്ങളിലൊന്നാണ് ഇന്ത്യയും റഷ്യയും പടുത്തുയര്‍ത്തിയിരിക്കുന്നതെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം സന്തുലിതമാക്കുന്നതിനും വൈവിധ്യവല്‍ക്കരിക്കുന്നതിനും കാര്യമായ ശ്രമമുണ്ടാകണമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കും റഷ്യയ്്ക്കുമിടയിലെ ശക്തമായ ബന്ധം നിര്‍ണ്ണായകമായ സാമ്പത്തിക സഹകരണത്തിലേക്ക് എത്തണം. ഇരുവര്‍ക്കുമിടയിലെ വ്യാപാരം നിലവില്‍ പരിമിതമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അത് വര്ധിച്ചിട്ടുണ്ടാകാം. എങ്കിലും വ്യാപാരക്കമ്മിയും കൂടി. അതുകൊണ്ട് വൈവിധ്യവല്‍ക്കരണവും വ്യാപാരം സന്തുലിതമാക്കലും അടിയന്തരമായി ചെയ്യണം. കൂടുതല്‍ വ്യാപാര ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിന് മാത്രമല്ല, നിലവിലെ അളവില്‍ തുടരുന്നതിനും അത്തരം ശ്രമങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി.
വളര്‍ച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള സഹകരണമുണ്ടാകണമെന്നും കൂടുതല്‍ റഷ്യന്‍ നിക്ഷേപങ്ങള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും മറ്റുതരത്തിലുള്ള സഹകരണങ്ങള്‍ക്കും ഇന്ത്യ തയ്യാറാണെന്നും എസ് ജയ്ശങ്കര് വ്യക്തമാക്കി.