ഒരു മാസത്തിനിടെ ഡോളറിനെതിരെ ഏറ്റവുമധികം നേട്ടം സ്വന്തമാക്കി രൂപ. തിങ്കളാഴ്ചത്തെ 87.35നെ അപേക്ഷിച്ച് ചൊവ്വാഴ്ച ഡോളറിനെതിരെ 40 പൈസ നേട്ടത്തില്‍ രൂപയുടെ മൂല്യം 86.95ലെത്തി.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനും യുക്രൈന് പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്കിയുമായി നടത്തിയ വ്യത്യസ്ത ചര്‍ച്ചകളുടെ ഫലമായി ഇന്ത്യക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക താരിഫ് പിന്‍വലിച്ചേക്കുമെന്ന ശുഭപ്രതീക്ഷ രൂപയ്ക്ക് നേട്ടമായി എന്നുവേണം കരുതാന്‍. റഷ്യയ്ക്കും യുക്രൈനുമിടയില്‍ സമാധാന ഉടമ്പടി ഉണ്ടായാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കെതിരെ പുതിയ ഉപരോധങ്ങളൊന്നും ഏര്‍പ്പെടുത്തുകയില്ലെന്ന പ്രതീക്ഷയും രൂപയ്ക്ക് നേട്ടമായി.
ആഭ്യന്തര വിഷയങ്ങളും രൂപയുടെ നേട്ടത്തിന് കരുത്തേകി. ജിഎസ് ടി
നിരക്ക് കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും ആഭ്യന്തര ഉപഭോഗം വര്‍ധിച്ചതും രൂപയ്ക്ക് നേട്ടമായതായി സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു. എട്ട് വര്‍ഷത്തിനിടെ ജിഎസ് ടി സംബന്ധിച്ച് ഏറ്റവും വലിയ പരിഷ്കാരമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ഇത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും വിദേശ നിക്ഷേപം ആകര്‍ഷിക്കുമെന്നും കരുതുന്നു.
കൂടാതെ, ആഗോള റേറ്റിംഗ് ഏജന്‍സികള്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തിയതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുള്ള ശുഭാപ്തി വിശ്വാസം വര്‍ധിപ്പിക്കുകയും അത് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.