എയര്‍പോര്‍ട്ടുകളുടെ നിലവാരത്തിലേക്ക് രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളെ ഉയര്‍ത്തിക്കൊണ്ടു വരികയാണ് അമൃത് ഭാരത് പദ്ധതിയിലൂടെ റെയില്‍വേ. വിശാലമായ അകത്തളങ്ങളും വൃത്തിയുള്ള് പ്ലാറ്റ്ഫോമുകളും ശുചിമുറികളും സൗകര്യങ്ങളേറെയുള്ള വെയിറ്റിംഗ് റൂമുകളും എസ്കലേറ്ററുകളുമെല്ലാമായി പല റെയില്‍വേ സ്റ്റേഷനുകളും ക്ലാസ് ലുക്കിലേക്ക് മാറിക്കഴിഞ്ഞു. ട്രെയിനുകളിലും ഈ മാറ്റം ദൃശ്യമാണ്.
ഏതായാലും സ്റ്റേഷന് മാത്രമല്ല, യാത്രയും വിമാനത്തിലേതു പോലെ ആകട്ടെയെന്നാണ് റെയില്‍വേയുടെ നിലപാട്. വമ്പന്‍ ബാഗേജുമായി ട്രെയിനില്‍ കയറി മറ്റുള്ളവരുടെ യാത്ര ദുഷ്കരമാക്കുന്ന പരിപാടിക്ക് തടയിടാനാണ് പരിപാടി. വിമാന യാത്രയിലേതുപോലെ കര്‍ശനമായ ബാഗേജ് നിയന്ത്രണങ്ങള്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ നടപ്പിലാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആദ്യം തൂക്കം നോക്കും
പരിഗണനയിലുള്ള നിയമങ്ങള്‍ അനുസരിച്ച്, യാത്രക്കാര്‍ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെ ഇലക്ട്രോണിക് വെയിംഗ് മെഷീനുകള്‍ വഴി അവരുടെ ലഗേജ് കൈമാറേണ്ടതുണ്ട്. അനുവദനീയമായ ഭാര പരിധികള്‍ കര്‍ശനമായി നടപ്പിലാക്കും. അനുവദനീയമായ പരിധിക്കപ്പുറം ഭാരമോ വലിപ്പമോ ഉള്ള ബാഗേജ് കൊണ്ടുപോകുന്നവരില്‍ നിന്ന് അധിക ചാര്‍ജുകളോ പിഴകളോ ഈടാക്കും.
ഫസ്റ്റ് ക്ലാസിന് 70 കിലോ
യാത്രാ ക്ലാസ് അനുസരിച്ച് ബാഗേജുകളുടെ അനുവദനീയമായ ഭാരത്തില്‍ വ്യത്യാസമുണ്ട്. എസി ഫസ്റ്റ് ക്ലാസിന് 70 കിലോ, എസി ടു ടയറിന് 50 കിലോ, എസി ത്രീ ടയറിനും സ്ലീപ്പര്‍ ക്ലാസിനും 40 കിലോ, ജനറല്‍ ക്ലാസിന് 35 കിലോ എന്നിങ്ങനെയാണ് ലഗേജിന്റെ ഭാരപരിധി. ട്രെയിനിനുള്ളില്‍ സ്ഥലസൗകര്യം തടസ്സപ്പെടുത്തുന്ന അമിതഭാരമുള്ള ലഗേജുകള്‍ ഭാരപരിധിക്കുള്ളിലാണെങ്കില് പോലും പിഴ ചുമത്താം.
ബോര്‍ഡിംഗ് പാസായി ടിക്കറ്റ്
2026 ഡിസംബര്‍ മുതല്‍ സാധുവായ ട്രെയിന്‍ ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രമേ ടെര്‍മിനല്‍ ഏരിയയിലേക്ക് പ്രവേശനം അനുവദിക്കൂ. വിമാനത്താവളങ്ങളിലേത് പോലെ ടിക്കറ്റ് ഒരു ബോര്‍ഡിംഗ് പാസ് ആയി പ്രവര്‍ത്തിക്കും. യാത്രക്കാരല്ലാത്തവര്‍ക്ക് പ്ലാറ്റ്ഫോം ടിക്കറ്റ് നിര്‍ബന്ധമാണ്. അത് ഒരു സന്ദര്‍ശക പാസ് ആയി പ്രവര്‍ത്തിക്കും.
തുടക്കം പ്രയാഗ്രാജില്
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരവും കാര്യക്ഷമവുമായ യാത്രാ അനുഭവം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് റെയില്‍വേ വ്യക്തമാക്കുന്നു. പ്രാരംഭ ഘട്ടത്തില്‍ പ്രയാഗ്രാജ് ജംഗ്ഷന്, പ്രയാഗ്രാജ് ചിയോകി, സുബേദാര്‍ഗഞ്ച്, കാണ്‍പൂര്‍ സെന്‍ട്രല്‍, മിര്‍സാപൂര്‍, തുണ്ട്ല, അലിഗഡ് ജംഗ്ഷന്, ഗോവിന്ദ്പുരി, ഇറ്റാവ എന്നിവയുള്‍പ്പെടെ എന്‍സിആര്‍ സോണിന് കീഴിലുള്ള പ്രധാന സ്റ്റേഷനുകള്‍ ഇതില്‍ ഉള്‍പ്പെടും.
പ്രീമിയം സ്റ്റോറുകള്‍
വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നല്കുന്ന പ്രീമിയം സിംഗിള്‍ ബ്രാന്‍ഡ് സ്റ്റോറുകള്‍ സ്റ്റേഷനുകളില്‍ ആരംഭിക്കാനും ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നു. യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുക, അധിക വരുമാനം ഉണ്ടാക്കുക, സ്റ്റേഷനുകള്‍ക്ക് ആധുനികവും വിമാനത്താവള ശൈലിയിലുള്ളതുമായ അന്തരീക്ഷം നല്‍കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.