രാജ്യത്ത് തൊഴിലില്ലായ്മ കുറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് ജൂണ്‍ മാസത്തിലെ 5.6 ശതമാനത്തില്‍ നിന്നും ജൂലൈയില്‍ 5.2 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക് മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടു. ഉത്സവ സീസണും കാര്‍ഷിക രംഗത്തെ ഉണര്‍വ്വും മൂലം ഗ്രാമീണ മേഖലയില്‍ തൊഴില്‍ ലഭ്യത കൂടിയതാണ് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയാനുള്ള കാരണം. അതേസമം നഗരങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് നേരിയ തോതില്‍ വര്‍ധിച്ചു.
ഗ്രാമീണ മേഖലകളില്‍ 15 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ജൂണിലെ 4.9 ശതമാനത്തില്‍ നിന്നും കഴിഞ്ഞ മാസം 4.4 ശതമാനമായി കുറഞ്ഞു. എന്നാല്‍ നഗരങ്ങളില്‍ തൊഴിലില്ലായ്മ ജൂണിലെ 7.1 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ മാസം 7.2 ശതമാനമായി വര്‍ധിച്ചു. നഗരങ്ങളില്‍ 15 വയസ്സിനും 29 വയസ്സിനും ഇടയിലുള്ള യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 18.8 ശതമാനത്തില്‍ നിന്നും 19.0 ശതമാനമായി കൂടി. അതേസമയം ഗ്രാമീണ മേഖകളിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 13.8 ശതമാനത്തില്‍ നിന്ന്ന 13.0 ശതമാനമായി കുറഞ്ഞു. മെയ് മാസത്തില്‍ ഗ്രാമീണ മേഖലകളിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 13.7 ശതമാനമായിരുന്നു.
ആശ്വാസമേകുന്ന കണക്കുകള്‍
എപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ രാജ്യത്ത് 15 വയസ്സിന് മുകളിലുള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 5.4 ശതമാനമാണെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം തൊഴില്‍ പങ്കാളിത്ത നിരക്ക് ജൂലൈയില്‍ ജൂണിലെ 54.2 ശതമാനത്തില്‍ നിന്നും 54.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
ആഗോള റേറ്റിംഗ് ഏജന്‍സികള്‍ അടക്കം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുമ്പോള്‍ തൊഴിലില്ലായ്മ നിരക്കിലെ ഈ കുറവ് കൂടുതല്‍ പ്രതീക്ഷകള്‍ക്ക് വക നല്കുന്നു. കഴിഞ്ഞ ദിവസം ആഗോള റേറ്റിംഗ് ഏജന്‍സിയായ S&P ഗ്ലോബല്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് 18 വര്‍ഷങ്ങള്‍ക്ക് ശേഷം BBB- ല്‍ നിന്നും BBB ആയി ഉയര്‍ത്തിയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക നയങ്ങളിലുള്ള വ്യക്തതയും ശക്തമായ സാമ്പത്തിക വളര്‍ച്ചയും സാമ്പത്തിക ഏകീകരണ നടപടികളുമാണ് റേറ്റിംഗ് ഉയര്‍ത്താന്‍ ഏജന്‍സിയെ പ്രേരിപ്പിച്ചത്.