ഒരൊറ്റ ഭൗമരാഷ്ട്രീയ സംഭവത്തിന് സാങ്കേതിക വിദ്യയെയും ഊര്‍ജത്തെയും ആശ്രയിക്കുന്ന മേഖലകളെ ബുദ്ധിമുട്ടിലാക്കാന്‍ കഴിയുമെന്ന് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. സ്വാശ്രയത്വത്തിന് മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്ര്യം നല്കാന് കഴിയുകയുള്ളെന്നും അദ്ദേഹം പറഞ്ഞു. ഖരഗ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) 75ാം സ്ഥാപക ദിനത്തില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഇന്ത്യയിലെ രണ്ടാമത്തെ വലിയ ശതകോടീശ്വരനായ സംരംഭകന്.
‘സാങ്കേതിക ആശ്രിതത്വം പരിശോധിച്ചാല്‍, നമ്മുടെ സെമികണ്ടക്റ്ററുകളില്‍ 90 ശതമാനവും ഇറക്കുമതി ചെയ്യപ്പെടുന്നു. ഒരു തടസ്സമോ ഉപരോധമോ നമ്മുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ മരവിപ്പിക്കും. ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍, നമ്മുക്കാവശ്യമായ എണ്ണയുടെ 85 ശതമാനവും നാം ഇറക്കുമതി ചെയ്യുന്നു. ഒരൊറ്റ ഭൗമരാഷ്ട്രീയ സംഭവം നമ്മുടെ വളര്‍ച്ചയെ നിയന്ത്രിക്കും,’ ഗൗതം അദാനി വിശദീകരിച്ചു.
സ്വാശ്രയത്വം യഥാര്‍ത്ഥ സ്വാതന്ത്ര്യം
‘നമ്മുടെ ഡാറ്റ ഇന്ത്യയുടെ അതിര്‍ത്തി കടക്കുമ്പോള്‍, ഈ ഡാറ്റയുടെ ഓരോ ബിറ്റും വിദേശ അല്‍ഗോരിതങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുവായി മാറുകയും വിദേശ സമ്പത്ത് സൃഷ്ടിക്കുകയും വിദേശ ആധിപത്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സൈനിക ആശ്രിതത്വത്തിന്റെ കാര്യത്തില്‍, നമ്മുടെ പല നിര്‍ണായക സംവിധാനങ്ങളും ഇറക്കുമതി ചെയ്യപ്പെടുന്നു. ഇത് നമ്മുടെ ദേശീയ സുരക്ഷയെ മറ്റ് രാജ്യങ്ങളുടെ രാഷ്ട്രീയ ഇച്ഛയ്ക്ക് കീഴിലാക്കുന്നു. സ്വാശ്രയത്വം, ആത്മനിര്‍ഭരത എന്ന സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മള് ഇനി പോരാടേണ്ടത്. എങ്കിലേ നാം യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമാകൂ’ അദാനി ചൂണ്ടിക്കാട്ടി.
അല്‍ഗോരിതം പുതിയ ആയുധം
ഇന്ന് യുദ്ധങ്ങള്‍ പരമ്പരാഗത മാര്‍ഗങ്ങളില്‍ നിന്ന് സാങ്കേതികവിദ്യയില്‍ അധിഷ്ടിതമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് നമ്മള് പോരാടേണ്ട യുദ്ധങ്ങള്‍ പലപ്പോഴും അദൃശ്യമാണ്, കാരണം അവ നടത്തുന്നത് ട്രെഞ്ചുകളില്‍ നിന്നല്ല, സെര്‍വര്‍ ഫാമുകളില്‍ നിന്നാണ്- അദാനി പറഞ്ഞു. ‘ആയുധങ്ങള്‍ അല്‍ഗോരിതങ്ങളാണ്, തോക്കുകളല്ല. സാമ്രാജ്യങ്ങള്‍ കരയിലല്ല, ഡാറ്റാ സെന്ററുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സൈന്യങ്ങള്‍ ബോട്ട്നെറ്റുകളാണ്, ബറ്റാലിയനുകളല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിവര്‍ത്തനത്തിന്റെ യുഗം
മുന്‍പൊരിക്കലും തനിക്ക് ദൃശ്യമാകാത്ത പരിവര്‍ത്തനത്തിന്റെ യുഗമാണ് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നതെന്ന് അദാനി നിരീക്ഷിച്ചു. ’16 വയസ്സ് മുതല്‍ ഞാന്‍ ഒരു സംരംഭകനാണ്. തടസ്സങ്ങളുടെ നിരവധി ചക്രങ്ങള്‍, പരിവര്‍ത്തനത്തിന്റെ നിരവധി നിമിഷങ്ങള്‍, പ്രതിസന്ധികളിലൂടെയും അവസരങ്ങളിലൂടെയും ഞാന്‍ ബിസിനസ്സുകള്‍ കെട്ടിപ്പടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നമുക്ക് മുന്നില്‍ വികസിച്ചുകൊണ്ടിരിക്കുന്ന പരിവര്‍ത്തനത്തിന്റെ യുഗം ഞാന്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തമാണെന്ന് എനിക്ക് തികഞ്ഞ ബോധ്യത്തോടെ പറയാന്‍ കഴിയും…’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.