തിങ്കളാഴ്ച ഓഹരി വിപണിയില്‍ ഓട്ടോ സെക്ടറില്‍ നിന്നുള്ള ഓഹരികളില്‍ ഗംഭീര കുതിപ്പാണ് ദൃശ്യമായത്. എന്‍ട്രി ലെവല്‍ ഇരുചക്ര വാഹനങ്ങള്‍, ചെറുകാറുകള്‍, ഹൈബ്രിഡ് പാസഞ്ചര്‍ വാഹനങ്ങള്‍ എന്നിവയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് കുത്തനെ കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമാണ് ഈ ഉണര്വിന് പിന്നില്‍. വാഹനങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്ന മധ്യവര്‍ഗക്കാരുടെയും സാധാരണക്കാരുടെയും ബജറ്റില്‍ ആശ്വാസം പകരുന്നതും ഓട്ടോമൊബൈല്‍ മേഖലയില്‍ വന്‍തോതില്‍ ആവശ്യകത വര്ധിപ്പിക്കാനുതകുന്നതുമാണ് ഈ നീക്കം.
ഓട്ടോമൊബൈല്‍ മേഖലയിലെ ദീര്‍ഘകാല പ്രശ്നങ്ങള്‍ പരിഹരിച്ച് നികുതി ഘടന ലളിതമാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. നിലവില്‍, എഞ്ചിന് വലിപ്പം, നീളം, ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ കണക്കാക്കി ജിഎസ്ടിയും സെസും സംയോജിപ്പിച്ച് ഒന്നിലധികം സ്ലാബുകള്‍ക്ക് കീഴിലാണ് വാഹനങ്ങള്‍ക്ക് നികുതി ചുമത്തുന്നത്. വാഹന വിഭാഗങ്ങള്‍ക്ക് തുല്യത കൊണ്ടുവരാനും നിരക്ക് കുറയ്ക്കാനും പുതിയ നിര്‍ദ്ദേശം ലക്ഷ്യമിടുന്നു.
ശുപാര്‍ശകള്‍ ഇപ്രകാരം
- ഇരുചക്രവാഹനങ്ങള്‍ (എഞ്ചിന് ശേഷി 350 സിസിയില്‍ താഴെ): ജിഎസ്ടി നിരക്ക് 28% ല്‍ നിന്ന് 18% ആയി കുറയ്ക്കും.
- ചെറിയ കാറുകള്‍ (1200 സിസി എഞ്ചിന് ശേഷിയില്‍ താഴെ): ജിഎസ്ടി + സെസ് ഏകദേശം 29-31% ല്‍ നിന്ന് 18% ലേക്ക് കുറയ്ക്കും.
- ഹൈബ്രിഡ് പാസഞ്ചര്‍ വാഹനങ്ങള്‍ (4 മീറ്റര്‍ വരെ നീളവും 1200 സിസി പെട്രോള്‍ / 1500 സിസി ഡീസല്‍ എഞ്ചിനുകളും): ജിഎസ്ടി 28% ല്‍ നിന്ന് 18% ആയി കുറയ്ക്കും.
- മറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ (വലിയ കാറുകള്‍, ആഡംബര കാറുകള്‍, എസ്യുവികള്): 40% എന്ന ഉയര്‍ന്ന ബ്രാക്കറ്റില്‍ തുടരും.
ഇരുചക്ര വാഹനങ്ങളുടെയും ചെറുകാറുകളുടെയും ജിഎസ്ടി കുറയ്ക്കുന്നത് ഇടത്തരക്കാര്‍ക്ക് ആശ്വാസം നല്‍കുമെന്നും ഉപഭോഗത്തെ ഉത്തേജിപ്പിക്കുമെന്നും സര്‍ക്കാര്‍ നിരീക്ഷിക്കുന്നു. നിലവിലെ നികുതി സമ്പ്രദായത്തിലെ അപാകതകള്‍ ഇതിലൂടെ പരിഹരിക്കുമെന്നുമാണ് കണക്കാക്കുന്നത്. രാജ്യത്തിന്റെ ജിഡിപിയില്‍ ഏറ്റവും സംഭാവന ചെയ്യുന്ന മേഖലകളിലൊന്നാണ് വാഹനമേഖല. ഒപ്പം ഏറ്റവും വലിയ തൊഴില്‍ദാതാക്കളുമാണ് ഓട്ടോ കമ്പനികള്‍.
ബിഹാര്‍ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം ജിഎസ്ടി നിരക്കുകള്‍ സംബന്ധിച്ച നിര്‍ദ്ദേശം ഉടന്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രിതല സംഘം അംഗീകരിച്ചാല്‍ നിര്‍ദേശങ്ങള്‍ ജിഎസ്ടി കൗണ്‍സിലിലേക്ക് എത്തും. രണ്ട് സ്ലാബുകളുള്ള ജിഎസ്ടി വ്യവസ്ഥക്ക് ഇത് വഴിയൊരുക്കും. അവശ്യവസ്തുക്കള്‍ക്ക് 5%, സ്റ്റാന്‍ഡേര്‍ഡ് ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും 18%, തിരഞ്ഞെടുത്ത ആഡംബര വസ്തുക്കള്‍ക്കും ഓണ്‍ലൈന്‍ ഗെയിമിംഗ് അടക്കം പാപ വസ്തുക്കള്‍ക്കും 40% ഉയര്‍ന്ന നിരക്ക് എന്നിങ്ങനെയാവും ജിഎസ്ടി സ്ലാബുകള്‍.